ദില്ലി: കൊവിഡിനെതിരെയുള്ള വാക്‌സിന്‍ വിതരണത്തില്‍ ശുഭസൂചന നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വി ജി സൊമനി. പുതുവര്‍ഷത്തില്‍ വാക്‌സിന്‍ വിതരണം ആരംഭിക്കാനായേക്കുമെന്നും അദ്ദേഹം സൂചന നല്‍കി. വെബ്ബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സന്തോഷകരമായ പുതുവര്‍ഷമായിരിക്കും. നമ്മുടെ പക്കലും ചിലതുണ്ടാകും. അതുമാത്രമാണ് ഇപ്പോള്‍ സൂചിപ്പിക്കാനാകൂ'-അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് ധനസഹായം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്, ഫൈസര്‍ എന്നിവയാണ് അടിയന്തര വാക്‌സിന്‍ ഉപയോഗത്തിന് ഡിസിജിഐയോട് അനുമതി തേടിയിരിക്കുന്നത്. അനുമതി നല്‍കുന്ന നടപടികള്‍ വേഗത്തിലാണെന്നും സൊമനി വ്യക്തമാക്കി. സുരക്ഷയിലും ഫലത്തിലും വിട്ടുവീഴ്ച ചെയ്യില്ല. ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങളുടെ മുഴുവന്‍ വിവരങ്ങളും കാത്തിരിക്കില്ല. എന്നാല്‍, ലഭ്യമായ വിവരങ്ങള്‍ റെഗുലേറ്റര്‍ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ബയോടെക് വികസിപ്പിച്ച കൊവാക്‌സിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച വിദഗ്ധ സമിതിയും സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനും കൂടിക്കാഴ്ച നടത്തിയിരുന്നു. ഓക്‌സ്ഫര്‍ഡ് യൂണിവേഴ്‌സിറ്റിയും അസ്ട്രാസെനകയും വികസിപ്പിച്ച കൊവിഷീല്‍ഡ് വാക്‌സിനാണ് സിറം നിര്‍മ്മിക്കുന്നത്. ഈ വാക്‌സിന് യുകെ അനുമതി നല്‍കിയിരുന്നു.