കഴിഞ്ഞ വെള്ളിയാഴ്ച നിയോഗിച്ചതിന്റെ പത്തിരട്ടി പൊലീസകാരെ വിന്യസിക്കും, നടപടി പ്രതിഷേധ സാധ്യത കണക്കിലെടുത്ത്
ദില്ലി: നബി വിരുദ്ധ പരാമർശത്തിൽ പ്രതിഷേധം തുടരാനുള്ള സാഹചര്യത്തിൽ വെള്ളിയാഴ്ച നമസ്കാരം നടക്കുന്ന മറ്റന്നാൾ സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കിയതായി ഉത്തർപ്രദേശ് പൊലീസ്. ജുമാ നമസ്കാരത്തിന് ശേഷം പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ച നിയോഗിച്ചതിന്റെ പത്തിരട്ടി പൊലീസകാരെ വിന്യസിക്കാനാണ് നീക്കം. മദ്രസകളിലെയും പള്ളികളിലെയും ചുമതലകളിൽ ഉള്ളവരോട് നിരന്തരം ചർച്ച നടത്തുന്നുണ്ട് എന്നും പൊലീസ് വ്യക്തമാക്കി.
ബിജെപി നേതാക്കളുടെ പ്രവാചക നിന്ദാ പരാമർശത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം വലിയ പ്രതിഷേധം പൊട്ടിപുറപ്പെട്ടിരുന്നു. ഈ പ്രതിഷേധത്തിൽ പങ്കെടുത്ത
40 പേർ ഇപ്പോഴും ഒളിവിലാണ്. ഇവർ പൊലീസിന് മുന്നിൽ കീഴടങ്ങിയിലെങ്കിൽ, വാറണ്ട് പുറത്തിറക്കുമെന്നും, വീടുകൾ ലേലം ചെയ്യുമെന്നും യുപി പൊലീസ് അറിയിച്ചു. അതേസമയം ഈ മാസം 10ന് ഉണ്ടായ സംഘർഷത്തിൽ പങ്കെടുത്തവരുടെ ഫോട്ടോ പൊതുഇടങ്ങളിലും വീടുകളിലും പതിക്കാനൊരുങ്ങുകയാണ് പൊലീസ്. ഒളിവിൽ പോയവർ കീഴടങ്ങാത്ത സാഹചര്യത്തിലാണ് നടപടി. ഇവരുടെ ചിത്രം സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും യുപി പൊലീസ് വ്യക്തമാക്കി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും അക്രനം നടത്തുന്ന ദൃശ്യങ്ങൾ ഉള്ളതിനാൽ ആളെ കണ്ടെത്താൻ പ്രയാസമുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
ഇതിനിടെ ജൂൺ 10ന് നടന്ന പ്രതിഷേധങ്ങൾക്ക് നേതൃത്വം വഹിച്ചുവെന്ന് പൊലീസ് പറയുന്ന ജാവേദ് അഹമ്മദിന്റെ വീട്ടിൽ നിന്ന് പരിശോധനക്കിടെ കണ്ടെത്തിയ വസ്തുക്കളുടെ വിവരം പൊലീസ് പുറത്തുവിട്ടു. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം ജനങ്ങളോട് വലിയരീതിയിൽ ജനങ്ങളോട് ഒത്തുകൂടാൻ ആഹ്വാനം ചെയ്യുന്ന ലഘുലേഖകൾ ഉൾപ്പെടെ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. ജാവേദിന്റെ വീട് കഴിഞ്ഞ ദിവസം യുപി പൊലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തിരുന്നു.
ഇതിനിടെ യുപിയിൽ പ്രതിഷേധിക്കുന്നവർക്കെതിരെ ബുൾഡോസർ ഉപയോഗിച്ച് നടക്കുന്ന നീക്കങ്ങൾക്കെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് നിയമരംഗത്തെ പന്ത്രണ്ട് പ്രമുഖരാണ് കത്ത് നൽകി. വിഷയത്തിൽ സ്വമേധയാ ഇടപെട്ട് നടപടികൾ തടയണമെന്നാണ് കത്തിലെ ആവശ്യം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരമാണ് നടപടികൾ തുടരുന്നതെന്നും നിയമവിദഗ്‍ധർ കത്തിൽ ആരോപിച്ചു.
യുപി ബുൾഡോസർ പൊളിക്കലുകൾ: ചീഫ് ജസ്റ്റീസിന് നിയമ വിദഗ്ധരുടെ കത്ത്, വിമർശനവുമായി കാന്തപുരവും
ജസ്റ്റിസ് ബി.സുദർശൻ റെഡ്ഡി, ജസ്റ്റിസ് എ.കെ.ഗാംഗുലി, ജസ്റ്റിസ് കെ.ചന്ദ്രു, ശാന്തിഭൂഷൺ തുടങ്ങിയവർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. നബിവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച 85 പേരുടെ പട്ടിക കൂടി ജില്ലാ ഭരണകൂടം നഗരസഭാ അധികൃതർക്ക് ഇന്ന് കൈമാറിയിരുന്നു. ഇവരുടെ വീടുകൾ പൊളിക്കുന്നതിൽ റിപ്പോർട്ട് നൽകാനായിരുന്നു നിർദ്ദേശം. വെല്‍ഫയർ പാര്‍ട്ടി നേതാവ് ജാവേദ് അഹമ്മദിന്‍റെ വീട് പൊളിച്ചതില്‍ പ്രതിഷേധം തുടരുന്നതിനിടെയാണ് കൂടുതൽ നടപടിക്കുള്ള നീക്കം.
കണ്ണൂർ മയ്യിലിലെ പൊലീസിന്‍റെ 'വിചിത്ര' സർക്കുലറില്‍ നടപടി; എസ്എച്ച്ഒയെ സ്ഥലം മാറ്റി
