ദില്ലി: പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉൾപ്പടെയുള്ള നടപടികൾക്കെതിരെ ബാങ്ക് ജീവനക്കാരുടെ സംഘടനകൾ നാളെ ദേശവ്യാപകമായ പണിമുടക്ക് നടത്തും. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എഐഇബിഎ) ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയും (ബെഫി) ചേർന്നാണ് പണിമുടക്ക് നടത്തുന്നത്.

ഒക്ടോബർ 22ന് അവധിയായിരിക്കുമെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ, ഡിൻഡിക്കേറ്റ് ബാങ്ക് ഉൾപ്പടെയുള്ളവ ഉപഭോക്താക്കൾക്ക് അറിയിപ്പ് നൽകിയിരുന്നു. സ്വകാര്യ മേഖലാ ബാങ്കുകൾ പണിമുടക്കിന്റെ ഭാ​ഗമല്ല.

ഓ​ഗസ്റ്റ് 30-നാണ് പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകളെ ലയിപ്പിപ്പ് നാലെണ്ണമാക്കാനായി തീരുമാനിച്ചതായി ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചത്. തകർച്ചയിലേക്ക് നീങ്ങുന്ന സാമ്പത്തിക രംഗം തിരികെപ്പിടിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ബാങ്കുകൾ ലയിപ്പിക്കുന്നതെന്നായിരുന്നു ധനമന്ത്രിയുടെ വിശദീകരണം. ബാങ്കുകളെ ലയിപ്പിക്കുന്നതിനെതരിയെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.

Read More:ബാങ്ക് ലയനം: കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാർ

പൊതുമേഖല ബാങ്കുകളിലെ ജീവനക്കാരും ഓഫീസർമാരും കറുത്ത ബാഡ്ജുകൾ ധരിച്ച് ജോലിചെയ്ത് കരിദിനമാചരിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ സെപ്തംബർ 26, 27 തീയതികൾ പണിമുടക്ക് നടത്താനായിരുന്നു യൂണിയനുകൾ തീരുമാനിച്ചിരുന്നത്. എന്നാൽ, സർക്കാരിന്റെ നിർദ്ദേശപ്രകാരം പണിമുടക്ക് മാറ്റിവയ്ക്കുകയായിരുന്നു.

Read More:പൊതുമേഖലാ ബാങ്കുകളുടെ ലയനം: യൂണിയനുകൾ സമരത്തിലേക്ക്: രണ്ട് ദിവസം ബാങ്ക് അടച്ചിടും

ഇന്ത്യൻ ബാങ്ക്, അലഹാബാദ് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക് കോർപ്പറേഷൻ ബാങ്ക്, കനറാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്‍റൽ ബാങ്ക്, യുണൈറ്റഡ് ബാങ്ക് എന്നീ ബാങ്കുകളെയാണ് ലയിപ്പിക്കുന്നത്. ഇന്ത്യൻ ബാങ്കും അലഹാബാദ് ബാങ്കും ലയിപ്പിച്ച് ‌രാജ്യത്തെ ഏഴാമത്തെ വലിയ ബാങ്കിങ് ശൃംഖലയാക്കാനാണ് നീക്കം. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ആന്ധ്രാ ബാങ്ക് കോർപ്പറേഷൻ ബാങ്ക് എന്നിവയെ ലയിപ്പിച്ച് രാജ്യത്തെ അഞ്ചാമത്തെ വലിയ ബാങ്കും കനറാ ബാങ്ക്, സിൻഡിക്കേറ്റ് ബാങ്കും ലയിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ പൊതുമേഖലാ ബാങ്കും ആക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പഞ്ചാബ് നാഷണൽ ബാങ്കും ഓറിയന്‍റൽ ബാങ്കും യുണൈറ്റഡ് ബാങ്കും ഒന്നിച്ചാൽ പഞ്ചാബ് നാഷണൽ ബാങ്കായിരിക്കും ആങ്കർ ബാങ്ക്. ഇന്ത്യയിലെ രണ്ടാമത്തെ ബാങ്കായി പുതിയ ബാങ്ക് മാറും. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും. 2017-ൽ രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളുണ്ടായിരുന്നു.

Read More:വൻ പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ: 10 പ്രധാന പൊതുമേഖലാ ബാങ്കുകളെ നാലെണ്ണമായി ലയിപ്പിച്ചു

കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ വിജയാ ബാങ്കും ദേനാ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായി ലയിപ്പിച്ചിരുന്നു. 2019 ഏപ്രിൽ ഒന്നുമുതലായിരുന്നു ലയനം നിലവിൽ വന്നത്. 2017-ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിപ്പിച്ചിരുന്നു.