മംഗളൂരു: പ്രതിഷേധപ്രകടനം ആക്രമാസക്തമായ മംഗളൂരു തുടർച്ചയായ രണ്ടാം ദിവസവും പൊലീസിന്‍റെ പൂർണ നിയന്ത്രണത്തിൽ. സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ നഗരത്തിലെത്തി. അതേ സമയം ഞായറാഴ്ച വരെ മംഗളൂരുവിലെത്തരുതെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പൊലീസ് നോട്ടീസ് നൽകി. പൊലീസുകാർ മാത്രമാണ് മംഗളൂരുവിലെ തെരുവുകളിലുളളത്.

തിരിച്ചറിയൽ കാർഡുളളവരെ മാത്രം പരിശോധിച്ച് നഗരത്തിലേക്ക് കടത്തിവിടുന്നു. ആശുപത്രികൾ മാത്രമാണ് തുറന്നുപ്രവർത്തിക്കുന്നത്. അവശ്യസാധനങ്ങൾ വാങ്ങാനെത്തിയവരെ ഉൾപ്പെടെ പൊലീസ് ലാത്തിവീശി ഓടിക്കുന്നുണ്ട്.കർഫ്യൂവും ഇൻറര്‍നെറ്റ് നിരോധനവും തുടരുകയാണ്. 

പ്രതിഷേധം ശക്തം, മംഗളൂരുവില്‍ ബിനോയ്‌ വിശ്വം എംപി പൊലീസ് കസ്റ്റഡിയില്‍

ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കുമൊപ്പം മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ സ്ഥിതി വിലയിരുത്തി. കർഫ്യൂ അവസാനിക്കുന്ന ഞായറാഴ്ച വരെ മംഗളൂരുവിൽ കടക്കരുതെന്നാണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് പൊലീസ് നോട്ടീസ് നല്‍കി. ധൈര്യമുണ്ടെങ്കിൽ തന്നെ അറസ്റ്റ് ചെയ്യാൻ സിദ്ധരാമയ്യ പൊലീസിനെ വെല്ലുവിളിച്ചു. പൊലീസ് വെടിവെപ്പിൽ ജുഡീഷ്യൽ അന്വേഷണ ആവശ്യവും അദ്ദേഹം ആവർത്തിച്ചു. കർഫ്യൂ ലംഘിച്ച് മംഗളൂരുവിൽ പ്രതിഷേധിച്ച ബിനോയ് വിശ്വം എംപിയെ കസ്റ്റഡിയിലെടുത്തു. ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചപ്പോഴാണ് ബിനോയ് വിശ്വം എം പി ഉൾപ്പെടെയുളള സിപിഐ നേതാക്കളെ കസ്റ്റഡിയിലെടുത്ത് ബർക്കെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്.