ദില്ലി/ലഖ്‍നൗ/ബെംഗളുരു/ചെന്നൈ/ഹൈദരാബാദ്: പൗരത്വ നിയമഭേദഗതിക്ക് എതിരായി രാജ്യമെമ്പാടും പ്രതിഷേധം കത്തുന്നു. രാജ്യത്തെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിൽ കൂട്ട അറസ്റ്റും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളുരുവിൽ പുസ്തകപ്രകാശനം തടഞ്ഞതിനെതിരെ പ്രതിഷേധിച്ച വിഖ്യാത ചരിത്രകാരൻ രാമചന്ദ്രഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിൽ പ്രതിഷേധത്തിന് പിന്തുണ നൽകാൻ എത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവിനെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചെങ്കോട്ട പരിസരത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ദില്ലിയിൽ പ്രമുഖ മെട്രോ സ്റ്റേഷനുകളെല്ലാം പൊലീസ് അടച്ചു. ദില്ലിയുടെ ചില ഭാഗങ്ങളിൽ എയർടെൽ വോയ്സ്, ഡാറ്റ, എസ്എംഎസ് സേവനങ്ങളെല്ലാം പൂർണമായും തടഞ്ഞു. 

ജന്ദർ മന്ദറിലും ചെങ്കോട്ടയിലും ഒരു തരത്തിലുമുള്ള പ്രതിഷേധങ്ങൾക്കും പൊലീസ് അനുമതി നൽകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. സംഘർഷാവസ്ഥയാണ് രാജ്യ തലസ്ഥാനത്തും രാജ്യത്തെ വിവിധസംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളിലും. കർണാടകത്തിൽ പ്രമുഖ പട്ടണങ്ങളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. 

തത്സമയവിവരങ്ങൾ വായിക്കാം:

# ഉത്തർപ്രദേശ് തലസ്ഥാനമായ ലഖ്നൗവിലും പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. വാഹനങ്ങൾ കത്തിച്ചു.

# ഉത്തർപ്രദേശിലെ സാംഭലിൽ സർക്കാർ ബസ്സ് കത്തിച്ചു. പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരുടെ പ്രക്ഷോഭത്തിനിടെയാണ് ബസ്സ് കത്തിച്ചത്. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. 

# കൊൽക്കത്തയിലും ജാമിയ വിദ്യാർത്ഥികളെ അനുകൂലിച്ചും, രാജ്യമെമ്പാടും നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെതിരെയും വൻ പ്രതിഷേധപ്രകടനങ്ങൾ. സിപിഎമ്മിന്‍റെയും തൃണമുൂല്‍ കോണ്‍ഗ്രസിന്‍റെയുമൊക്കെ നേതൃത്വത്തിലുള്ള പ്രതിഷേധങ്ങള്‍ ഇന്നും തുടരുകയാണ്. അതേസമയം, ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെ തന്നെ ജനങ്ങളുടെ കൂട്ടായ്മയും പ്രതിഷേധവുമായി തെരുവിലിറങ്ങി. ദേശീയ പതാകയുമേന്തിയാണ് ജനങ്ങള്‍ പ്രതിഷേധപ്രകടനത്തിനായി തെരുവിലിറങ്ങിയത്. വിദ്യാര്‍ത്ഥികളും യുവാക്കളും ഉള്‍പ്പടെ എല്ലാ വിഭാഗം ജനങ്ങളും തെരുവിലിറങ്ങി പ്രതിഷേധിക്കുന്നുണ്ട്. 

# ദില്ലിയിൽ ചില ഭാഗങ്ങളിൽ വോയ്സ്, ഇന്‍റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ കട്ട് ചെയ്തതായി എയർടെൽ.

# ഇടത് പാർട്ടികളുടെ പ്രതിഷേധം. മണ്ഡി ഹൗസിലും പോലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്ത് നീക്കുന്നു. മണ്ഡി ഹൗസിന് മുന്നിൽ എത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി രാജയെയും ആനി രാജ, ബൃന്ദ കാരാട്ട് എന്നിവരെയും കസ്റ്റഡിയിൽ എടുത്തു. മണ്ഡി ഹൗസിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൂടുതൽ ആളുകളെ കസ്റ്റഡിയിൽ എടുത്ത് നീക്കുകയാണിവിടെ.

# എന്തു സംഭവിച്ചാലും സമരത്തിൽ നിന്ന് പിൻമാറില്ലെന്ന് ജാമിയാ സമര സമിതി. കൂടുതൽ വിദ്യാർത്ഥികൾ ചെങ്കോട്ടയിലേക്ക് എത്തുമെന്നും പ്രഖ്യാപനം. 

# തമിഴ്നാട്ടിൽ പ്രതിഷേധം കത്തിപ്പടരുന്നു. ചെന്നൈ എംജിആർ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയവരെ അറസ്റ്റ് ചെയ്തു. വിവിധ മുസ്ലീം സംഘടനാ പ്രവർത്തകരാണ് അറസ്റ്റിലായത്. തിരുച്ചിറപ്പള്ളിയിൽ എസ് എഫ് ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു. മുപ്പത് പേർ അറസ്റ്റിൽ. കടലൂർ പെരിയാർ ആർട്സ് കോളേജിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ കസ്റ്റഡിയിൽ. പൗരത്വ നിയമ ഭേദഗതിക്ക് എതിരെ മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിൽ അഭിഭാഷകരുടെ പ്രതിഷേധം. കോടതിയുടെ പ്രധാന കവാടത്തിന് മുന്നിലാണ് പ്രതിഷേധം. 

#  റെഡ് ഫോർട്ടിന് എതിർവശത്ത് നൂറുകണക്കിന് പ്രതിഷേധക്കാർ. അവരെയും പോലീസ് വിരട്ടിയോടിക്കുന്നു. റെഡ് ഫോർട്ടിന് മുന്നിലെത്തുന്ന ഓരോരുത്തരെയും അറസ്റ്റ് ചെയ്ത് നീക്കുന്നു. റെഡ് ഫോർട്ട് പരിസരം പൂർണമായും പോലീസ് നിയന്ത്രണത്തിൽ. പ്രതിഷേധക്കാർക്ക് കൂട്ടമായി പ്രതിഷേധിക്കാനാകുന്നില്ല. 

#  പ്രതിഷേധത്തിനായി പുറപ്പെട്ട ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ നൂറോളം വിദ്യാർത്ഥികളെ തെലങ്കാന പൊലീസ് കസ്റ്റഡിയിൽ എടുത്തു. മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഇപ്പോള്‍ മൊയ്നാബാദ് പൊലീസ് സ്റ്റേഷനിൽ.

Read more at: മലയാളികൾ ഉൾപ്പടെ നൂറോളം പേർ ഹൈദരാബാദിൽ കസ്റ്റഡിയിൽ

# ബെംഗളുരുവിൽ എഴുത്തുകാരനും വിഖ്യാത ചരിത്രകാരനുമായ രാമചന്ദ്രഗുഹ അറസ്റ്റിൽ. 

Read more at: രാമചന്ദ്ര ഗുഹ ബെംഗളുരുവിൽ അറസ്റ്റിൽ

historian ramachandra guha arrested in bengaluru anti caa protest

# ബംഗളുരുവിൽ വ്യാപക പ്രതിഷേധം, വിദേശ വനിതയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തനിക്ക് പ്രതിഷേധവുമായി ബന്ധമില്ലെന്ന് വിദേശവനിത.

# പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി കർണാടകത്തിൽ ശനിയാഴ്ച വരെ നിരോധനാജ്ഞ. സംഘർഷമുണ്ടാവാൻ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. 

Read more at: പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം: കർണാടകത്തില്‍ ശനിയാഴ്ച വരെ നിരോധനാജ്ഞ

# പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് സർവകലാശാലയിൽ സമരം ചെയ്തിരുന്ന വിദ്യാർഥികളെ അർധരാത്രി അറസ്റ്റ് ചെയ്തു. 13 പെൺകുട്ടികൾ അടക്കം മുപ്പതോളം വിദ്യാർത്ഥികളെ ക്യാമ്പസിനകത്ത് കയറിയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. 

Read more at: മദ്രാസ് സർവകലാശാലയിൽ വിദ്യാർത്ഥികളെ അർധരാത്രി അറസ്റ്റ് ചെയ്ത് പൊലീസ്

പ്രതിഷേധങ്ങളുണ്ടായതിന് ശേഷം അത് തടയുന്നതിന് പകരം പ്രതിഷേധസ്ഥലത്തേക്ക് എത്താൻ കഴിയാതെ വിദ്യാർത്ഥികളെ തടയുക എന്ന തന്ത്രമാണ് ദില്ലി പൊലീസ് സ്വീകരിക്കുന്നത്. ചെങ്കോട്ടയുടെ പരിസരത്ത് കൂട്ടം കൂടുന്നതോ യോഗങ്ങൾ നടത്തുന്നതോ മുദ്രാവാക്യങ്ങൾ വിളിക്കുന്നതോ നിരോധിച്ചു. സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ജാമിയ മിലിയയിൽ നിന്ന് ചെങ്കോട്ടയിലേക്ക് നടത്താനിരുന്ന റാലിക്ക് പൊലീസ് അനുമതി നൽകിയിട്ടില്ല. 

എന്നാൽ ഇവിടേക്ക് മെട്രോ വഴിയല്ലാതെയും എത്താനാണ് വിദ്യാർത്ഥികൾ തീരുമാനിച്ചിരിക്കുന്നത്. കിട്ടിയ എല്ലാ വാഹനങ്ങളിലും ചെങ്കോട്ടയിലേക്ക് ഒഴുകാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. ലഭിക്കുന്ന ബസ്സുകളിലോ കിട്ടിയ കാറുകളിലോ ചെങ്കോട്ടയുടെ അടുത്തുള്ള പ്രദേശങ്ങളിലെത്തി അവിടെ നിന്ന് നടന്ന് ചെങ്കോട്ടയിലേക്ക് പോകുമെന്നും വിദ്യാർത്ഥികൾ പറയുന്നു.

രാജ്യത്തെ വിവിധ നഗരങ്ങളിൽ നിന്ന് സമഗ്രകവറേജ്, തത്സമയസംപ്രേഷണം: