നേതാക്കളുടെ തമ്മിലടി കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കുന്നത് പോലും പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തൽ. 

ദില്ലി: വോട്ടെടുപ്പിന് പിന്നാലെ പഞ്ചാബിലെ (Punjab Election) പ്രചാരണത്തില്‍ കടുത്ത അതൃപ്ചിയറിയിച്ച് കോണ്‍ഗ്രസ് (Congress) ഹൈക്കമാന്‍ഡ്. പഞ്ചാബിന്‍റെ ചുമതലയുളള ഹരീഷ് ചൗധരിക്ക് ഏകോപനത്തില്‍ വീഴ്ച പറ്റിയെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തി. നേതാക്കളുടെ തമ്മിലടി പ്രകടന പത്രിക പുറത്തിറക്കുന്നത് പോലും പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തൽ. 

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ പഞ്ചാബ് കോണ്‍ഗ്രസിലെ തമ്മിലടി അവസാനിച്ചിരുന്നില്ലെന്ന് വ്യക്തമാകുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏകോപനമില്ലെന്ന പരാതി വോട്ടെടുപ്പിന് ഒരാഴ്ച മുന്‍പേ ഹൈക്കമാന്‍ഡിന് കിട്ടിയിരുന്നു. സംസ്ഥാന നേതൃത്വവും പഞ്ചാബിന്‍റെ ചുമതലയുള്ള ഹരീഷ് ചൗധരിയും തമ്മിലുള്ള പോര് പ്രചാരണത്തെയും ബാധിച്ചുവെന്നാണ് വിലയിരുത്തൽ. 

മുഖ്യമന്ത്രി ചരണ്‍ ജിത് സിംഗ് ചന്നി, പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു തുടങ്ങിയ നേതാക്കളുടെ പ്രചാരണ പരിപാടികള്‍ക്കൊന്നും കൃത്യമായ ഏകോപനമുണ്ടായില്ല. രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തില്‍ നിന്ന് മനീഷ് തിവാരി അടക്കമുള്ള നേതാക്കള്‍ വിട്ടുനിന്നത് വലിയ ക്ഷീണമായി. നേതാക്കളെ അനുനയിപ്പിക്കാനുള്ള നീക്കം സംസ്ഥാനത്തിന്‍റെ ചുമതലയുണ്ടായിരുന്ന ഹരീഷ് ചൗധരിയുടെ ഭാഗത്ത് നിന്നുണ്ടായില്ല. നിര്‍ണ്ണായക സമയത്ത് അശ്വിനി കുമാറിന്‍റെ രാജിയും തിരിച്ചടിയായി. നേതാക്കള്‍ തമ്മിലുള്ള വടംവലി പ്രകടനപത്രിക വൈകിയതിനും കാരണമായി. നവജ്യോത് സിംഗ് സിദ്ദു സ്വന്തം നിലക്ക് പതിമൂന്നിന പരിപാടി പ്രഖ്യാപിച്ച് രംഗത്ത് വന്നത് ആശയക്കുഴപ്പത്തിനിടയാക്കി. 

എന്നാല്‍ സംസ്ഥാന നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് വേണ്ടത്ര സഹകരണമുണ്ടായില്ലെന്നാണ് ഹരീഷ് ചൗധരിയുടെ പരാതി. ഇരു കൂട്ടരും കൊമ്പുകോര്‍ത്ത് നില്‍ക്കുന്നത് തിരിച്ചടിയാകുമെന്ന് കണ്ടാണ് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, സച്ചിന്‍ പൈലറ്റ്, രണ്‍ദീപ് സുര്‍ജേവാല തുടങ്ങിയ നേതാക്കളെ പരാതിക്ക് പിന്നാലെ പഞ്ചാബിലേക്കയച്ചത്. അതേ സമയം തിരിച്ചടി മുന്നില്‍ കണ്ട് ഇപ്പോഴേ നേതൃത്വം കാരണങ്ങള്‍ മെനയുകയാണെന്നാണ് വിമത വിഭാഗത്തിന്‍റെ അടക്കം പറച്ചില്‍. 

Punjab poll: നാളെ പഞ്ചാബ് തെരഞ്ഞെടുപ്പ്; ചതുഷ്ക്കോണ മത്സരത്തില്‍ ആര് വീഴും ആര് വാഴും ?

അട്ടിമറി നടത്താൻ ആം ആദ്മി പാർട്ടിയും ഭരണം നിലനിർത്താൻ കോൺഗ്രസും കച്ചക്കെട്ടിയിറങ്ങിയ പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഭേദപ്പെട്ട പോളിംഗാണുണ്ടായത്. ഗ്രാമീണ മേഖലകളിലിലെ മികച്ച പോളിംഗ് അനൂകൂലമാകുമെന ആത്മവിശ്വാസത്തിലാണ് ആം ആദ്മി പാർട്ടി. കേവല ഭൂരിപക്ഷത്തെക്കാൾ കൂടുതൽ സീറ്റ് നേടുമെന്നാണ് എ എ പി പ്രതികരിച്ചത്.