രാജ്യത്ത് വാണിജ്യ സിലിണ്ടർ വിലയിൽ ഉണ്ടായ വർധനവിൽ കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന് താൻ പറഞ്ഞിരുന്നുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വാണിജ്യ സിലിണ്ടർ വിലയിൽ 993 രൂപയാണ് ഒറ്റയടിക്ക് കൂടിയത്.
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ പാചകവാതക സിലിണ്ടർ വില ഒറ്റയടിക്ക് 993 രൂപ കൂടിയതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിൻ്റെ ചൂടറിയുമെന്ന് താൻ പറഞ്ഞിരുന്നുവെന്നും ഫെബ്രുവരി മുതൽ ഇതുവരെ വാണിജ്യ സിലിണ്ടറിന് 1380 രൂപയാണ് വർധിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആദ്യം ഗ്യാസ് വിലയാണ് വർധിപ്പിച്ചതെന്നും അടുത്തത് പെട്രോൾ, ഡീസൽ വിലയാകുമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു
"ഞാൻ പറഞ്ഞതാണ് - തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിൻ്റെ ചൂടറിയും. ഇന്ന്, വാണിജ്യ സിലിണ്ടറിന് 993 രൂപ കൂടി ചെലവേറിയതായി. ഇത് ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണ്. ഇതാണ് ഇലക്ഷൻ ബില്ല്. ഫെബ്രുവരി മുതൽ ഇതുവരെ 1380 രൂപയാണ് വർധിച്ചത്. കഴിഞ്ഞ മൂന്ന് മാസം വിലയിൽ ഉണ്ടായ കുതിച്ചുചാട്ടം 81 ശതമാനമാണ്"- രാഹുൽ ഗാന്ധി പറഞ്ഞു.
വിലക്കയറ്റത്തിൻ്റെ ആഘാതം ചായക്കടക്കാരും ഹോട്ടലുകാരും ബേക്കറിക്കാരും മധുരപലഹാരക്കടക്കാരും അനുഭവിക്കുമെന്നും വീട്ടുചെലവിനെയും ബാധിക്കുമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായതിന് പിന്നാലെ കേന്ദ്രസർക്കാർ പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിപ്പിക്കുമെന്ന് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് ആശ്വാസം കഴിഞ്ഞുവെന്നും വിലക്കയറ്റത്തിൻ്റെ ചൂട് വരുന്നുണ്ടെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
വാണിജ്യ സിലിണ്ടർ വില വർധനവിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് കോൺഗ്രസും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'വിലക്കയറ്റക്കാരൻ മോദി'യെന്ന് പരിഹസിച്ച കോൺഗ്രസ്, കേന്ദ്രസർക്കാർ തുടർച്ചയായി വാണിജ്യ സിലിണ്ടറിൻ്റെ വില കൂട്ടി വ്യാപാരികളെ ബുദ്ധിമുട്ടിക്കുകയാണെന്നും കുറ്റപ്പെടുത്തിയിരുന്നു. മാസാദ്യമായ ഇന്ന് 993 രൂപയുടെ വർധനവ് ആണ് വാണിജ്യ സിലിണ്ടർ വിലയിൽ ഉണ്ടായത്. അതേസമയം ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല.


