Asianet News MalayalamAsianet News Malayalam

രാഹുൽ അയോ​ഗ്യൻ, കോൺ​ഗ്രസ് പ്രതിഷേധം, ന്യായീകരിച്ച് ബിജെപി- ഇന്നത്തെ 10 വാർത്തകൾ 

രാഹുൽ ഗാന്ധി ചെറുത്തുനില്പിൻറെ സന്ദേശം നൽകിക്കൊണ്ട് പാർലമെൻറിൽ എത്തിയിരുന്നു. എന്നാൽ ലോക്സഭയിൽ എത്തിയിരുന്നില്ല.

Rahul gandhi  disqualification, Today top 10 news prm
Author
First Published Mar 24, 2023, 6:20 PM IST

രാഹുൽ അയോ​ഗ്യൻ

ദില്ലി: മാനനഷ്ട കേസിൽ ശിക്ഷിക്കപ്പെട്ട വയനാട് എംപി രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി. ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. വലിയ പുതുമയുള്ളതല്ലെന്നും പ്രതീക്ഷിച്ച കാര്യം തന്നെയാണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെസി വേണുഗോപാൽ പ്രതികരിച്ചു. രാഹുൽ ഗാന്ധി ചെറുത്തുനില്പിൻറെ സന്ദേശം നൽകിക്കൊണ്ട് പാർലമെൻറിൽ എത്തിയിരുന്നു. എന്നാൽ ലോക്സഭയിൽ എത്തിയിരുന്നില്ല.

രാഹുലിനെ പിന്തുണച്ച് പിണറായി വിജയൻ

ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്‍റെ  ഏറ്റവും പുതിയ അധ്യാ യമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. രാഹുൽ ഗാന്ധി നടത്തിയ രാഷ്ട്രീയ പ്രസംഗത്തിന്‍റെ  പേരിലാണ് അദ്ദേഹത്തിനെതിരെ കേസ് നൽകിയതും കോടതി വിധി മുൻനിർത്തി ലോക്സഭാംഗത്വത്തിനു അയോഗ്യത കല്പിച്ചതും.  എതിരഭിപ്രായങ്ങളെ അധികാരം ഉപയോഗിച്ചു അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണ്. പ്രതിപക്ഷ കക്ഷിയുടെ പ്രധാന നേതാവിനെയാണ് ഇത്തരത്തിൽ ആക്രമിക്കുന്നതെന്നും പിണറായി പറഞ്ഞു.

ജനാധിപത്യം അധപതിക്കുന്നെന്ന് മമത, അപലപിച്ച് സീതാറാം യെച്ചൂരി; പ്രതികരിച്ച് നേതാക്കൾ

രാഹുൽ ​ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോ​ഗ്യനാക്കി കൊണ്ടുള്ള ലോക്സഭ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെ, നടപടിയെ വിമർശിച്ചും രാഹുലിനെ പിന്തുണച്ചും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 'ഇന്ത്യൻ ജനാധിപത്യം അധപതിക്കുന്നു. മോദിയുടെ പുതിയ ഇന്ത്യയിൽ  പ്രതിപക്ഷ നേതാക്കളെ ബിജെപി വേട്ടയാടുന്നു. ക്രിമിനൽ പശ്ചാത്തലം ഉള്ളവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോൾ പ്രതിപക്ഷ നേതാക്കളെ അയോഗ്യരാക്കുന്നു'വെന്ന് മമത ട്വിറ്ററിൽ കുറിച്ചു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എഎപി നേതാവ് അരവിന്ദ് കെജ്രിവാൾ എന്നിവരും രാഹുലിന് പിന്തുണയുമായെത്തി. 

സ്വാഭാവിക നിയമനടപടിയെന്ന് ബിജെപി; ​ഗാന്ധി കുടുംബത്തിന് പ്രത്യേകതയൊന്നുമില്ലെന്ന് അനുരാ​ഗ് ഠാക്കൂർ

എംപി സ്ഥാനത്ത് നിന്ന്  രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയ നടപടിയെ സ്വാഭാവിക നടപടി എന്ന് വിശേഷിപ്പിച്ച് ബിജെപി. അയോഗ്യനാക്കിയ നടപടിയെ ന്യായീകരിക്കുകയാണ് ബിജെപി. ​ഗാന്ധി കുടുംബത്തിന് പ്രത്യേകതയൊന്നുമില്ലെന്ന് മന്ത്രി അനുരാ​ഗ് ഠാക്കൂർ പറഞ്ഞു. എം പി സ്ഥാനത്ത് നിന്ന് രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കി ലോക്സഭ സെക്രട്ടറിയേറ്റാണ് വിജ്ഞാപനം പുറത്തിറക്കിയത്. രാഹുൽ ​ഗാന്ധിക്കെതിരെ കടുത്ത വിമർശനങ്ങളുയർത്തി ബിജെപി നേതാക്കൾ രം​ഗത്തെത്തിയിരുന്നു. കളവും അപകീർത്തിപ്പെടുത്തലും രാഹുലിന്റെ പതിവാണെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ കുറ്റപ്പെടുത്തി

സ്റ്റേ ഇല്ലെങ്കിൽ വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ്; രാഹുലിന് ഓദ്യോഗിക വസതിയും നഷ്ടമായേക്കും

രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടകേസിലെ സൂറത്ത് കോടതി വിധിക്ക് മേൽക്കോടതി സ്റ്റേ അനുവദിച്ചില്ലെങ്കിൽ, രാഹുൽ പ്രതിനിധീകരിക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കും. സ്റ്റേ അനുവദിച്ചില്ലെങ്കിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനവും ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. സ്റ്റേ അനുവദിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് ആകെ എട്ട് വര്‍ഷ കാലയളവിൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും കഴിയില്ല. എംപി എന്ന നിലയിൽ അനുവദിച്ച ഓദ്യോഗിക വസതിയും രാഹുലിന് നഷ്ടമാകും.

അനുമോളുടെ ഫോൺ 5000 രൂപയ്ക്ക് വിറ്റു, ബിജേഷ് സംസ്ഥാനം വിട്ടു; കാഞ്ചിയാർ കൊലപാതകത്തിൽ പുതിയ വിവരങ്ങൾ

ഇടുക്കി:  കാഞ്ചിയാറില്‍ പുതപ്പില്‍ പൊതിഞ്ഞ് യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ബിജേഷ് സംസ്ഥാനം വിട്ടതായി പൊലീസിന് സൂചന ലഭിച്ചെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവരുന്ന വിവരം. ഇയാളുടെ ഫോണ്‍ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനമേഖലയില്‍ നിന്ന് പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. ഇതിന് ശേഷം കട്ടപ്പന ഡി വൈ എസ് പി നിഷാദ് മോന്റെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അനുമോളുടെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞ ദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഭര്‍ത്താവ് ബിജേഷ്, കട്ടപ്പന ബീവറേജസ് ഷോപ്പിന് മുമ്പില്‍ വച്ച് പരിചയപ്പെട്ട വ്യക്തിക്ക് 5000 രൂപയ്ക്ക് ഫോണ്‍ വില്‍ക്കുകയായിരുന്നു.

മൈസൂരുവിൽ മലയാളി യുവതിയെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി, ദുരൂഹത 

മൈസൂരുവിൽ ജോലി സ്ഥലത്ത് മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകൾ സബീനയെയാണ് (30) മരിച്ച നിലയിൽ കണ്ടെത്തിയത്. സബീനയുടെ ആൺ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സബീനയുടെ ശരീരത്തിൽ മുറിപ്പാടുകളുണ്ടെന്നും മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായും പൊലീസ് അറിയിച്ചു. കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തുമായുള്ള തർക്കത്തിനിടെയാണ് മരണമെന്നും സംശയിക്കുന്നു. സബീനയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്നാണ് യുവാവിനെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം തുടർ നടപടി സ്വീകരിക്കും. പോസ്റ്റ്മാർട്ടമടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കും. 

ബ്രഹ്മപുരം വിവാദം; സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയിലേക്ക്

ബ്രഹ്മപുരം തീ പിടുത്തവും സോൺട ഇൻഫ്രാടെക് കമ്പനിക്ക് കരാർ ലഭിച്ചതിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. ഉടൻ ഹർജി നൽകാനാണ് നീക്കം. നിലവിൽ സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണം സ്വീകര്യമല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. സോൺട കമ്പനിക്ക് കരാർ നൽകിയതിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ അടക്കം അന്വേഷിക്കണം വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. 2019 ൽ നെതർലൻഡ്സ് സന്ദർശനതിനിടെ സോൺട കമ്പനിയുമായി ചർച്ച നടത്തിയിരുന്നു എന്ന് മുഖ്യമന്ത്രി സമ്മതിക്കുന്ന പഴയ വാർത്ത സമ്മേളനത്തിന്റെ ഭാഗം ഇന്നലെ ന്യൂസ് അവര്‍ പുറത്തു വിട്ടിരുന്നു. ചർച്ച നടത്തിയോ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യത്തോട് നിയമ സഭയിലും പുറത്തും മുഖ്യമന്ത്രി മറുപടി നൽകിയിരുന്നില്ല.

3,500 കോടി വില വരുന്ന 340 കിലോ ഹെറോയിനും ഹാഷിഷ് ഓയിലും കൊച്ചിയിൽ നശിപ്പിച്ചു

രണ്ട് വർഷം മുമ്പ് കൊച്ചി തീരത്ത് നിന്നും പിടികൂടിയ 3,500 കോടിയോളം രൂപ വിലവരുന്ന ലഹരി മരുന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോൾ ബ്യൂറോ നശിപ്പിച്ചു. ഹെറോയിനും ഹാഷിഷ് ഓയിലും ഉള്‍പ്പെടെ 340 കിലോ ലഹരിമരുന്നാണ് കൊച്ചി കെല്ലിലെ പ്ലാന്‍റിലാണ് നശിപ്പിച്ചത്. ദേശീയ ലഹരി നിർമാജന ദിനത്തിന്‍റെ ഭാഗമായിട്ടായിരുന്നു നടപടി. 337 കിലോ ഹെറോയിനും മൂന്നര കിലോ ഹാഷിഷ് ഓയിലുമാണ് നശിപ്പിച്ചത്. 2021 ഏപ്രിലിൽ കൊച്ചി തീരത്ത് നിന്ന് പിടികൂടിയ അതിത്രീവ ലഹരിമരുന്നാണ് എറണാകുളം അമ്പലമേടിലെ കെയിലിന്റെ ബയോമാലിന്യ നിര്‍മാര്‍ജന കേന്ദ്രത്തിൽ നശിപ്പിച്ചത്. 

ദുരിതാശ്വാസ നിധി തട്ടിപ്പിൽ 7 കേസുകള്‍ രജിസ്റ്റർ ചെയ്യും; ഉദ്യോഗസ്ഥരും ഇടനിലക്കാരും ഡോക്ടർമാരും പ്രതികളാകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിതട്ടിപ്പിൽ ഏഴു കേസുകള്‍ രജിസ്റ്റർ ചെയ്യാൻ വിജിലൻസ്. 15 തട്ടിപ്പുകളിൽ പ്രാഥമിക അന്വേഷണം നടത്താനും വിജിലൻസ് ഡയറക്ടർ ഉത്തരവിട്ടു. ഉദ്യോഗസ്ഥരും ഇടനിലക്കാരും ഡോക്ടർമാരും പ്രതികളാകും. ഓപ്പറേഷൻ സിഎംഡിആർഎഫ് എന്ന പേരിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. വ്യാജരേഖകള്‍ സമർപ്പിച്ച് അനർഹർ ധനസഹായം തട്ടിയെടുത്തതും ഇടനിലക്കാർ കൂട്ട് നിന്നതും കണ്ടെത്തിയിരുന്നു. പ്രാഥമിക പരിശോധനയിൽ വ്യാജരേഖകൾ സമർപ്പിച്ച് തട്ടിപ്പ് നടന്നതായി തെളിഞ്ഞ 7 കേസുകൾ രജിസ്റ്റർ ചെയ്യാനാണ് വിജിലൻസ് ഡയറക്ടറുടെ തീരുമാനം. 

Follow Us:
Download App:
  • android
  • ios