Asianet News MalayalamAsianet News Malayalam

രാഹുലിന്റെ ഓഫീസ് ആക്രമണം : കേരളത്തിൽ വാക്പോര്, ദില്ലിയിൽ സൗഹാർദ്ദ ചർച്ച

ഓഫീസ് ആക്രമണവും മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവും സൗഹാർദ്ദപരമായി ചർച്ച ചെയ്ത് രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയും

Rahul Gandhi's office attack,  Rahul and Sitaram Yechury had a friendly discussion
Author
Delhi, First Published Jun 27, 2022, 3:22 PM IST

ദില്ലി: വയനാട്ടിൽ രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ കേരളത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം കടുപ്പിക്കുമ്പോൾ ദില്ലിയിൽ ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് വിഷയം ചർച്ച ചെയ്ത് യെച്ചൂരിയും രാഹുലും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ നാമനിർദേശ പത്രികാ സമർപ്പണ ചടങ്ങാണ് നേതാക്കളെ ഒരുമിപ്പിച്ചത്.  സംസാരത്തിനിടെ വയനാട്ടിൽ തന്റെ ഓഫീസിന് നേരെയുണ്ടായ ആക്രമണം രാഹുൽ യെച്ചൂരിയുടെ ശ്രദ്ധയിൽപ്പെടുത്തി. എന്തിനായിരുന്നു ഇങ്ങനെ ഒരു ആക്രമണമെന്ന് രാഹുൽ ചോദിച്ചു. ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്നും സംഭവത്തിൽ നടപടി എടുത്തുവെന്നുമായിരുന്നു യെച്ചൂരിയുടെ മറുപടി. ഇക്കാര്യം താനറിഞ്ഞെന്ന് രാഹുലും പറഞ്ഞു. സംഭവത്തിൽ കേരളത്തിലെ നേതാക്കൾക്ക് അമർഷമുണ്ടെന്നും തനിക്ക് നിരവധി കോളുകൾ ലഭിച്ചതായും രാഹുൽ കൂട്ടിച്ചേർത്തു. 

'കടക്ക് പുറത്ത്' മറന്നുപോയോ? എണ്ണിയെണ്ണി പറഞ്ഞ് പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി കൂപമണ്ഡൂകം എന്നും സതീശൻ

കേരളത്തിലെ സംഭവത്തിന്റെ പേരിൽ ദില്ലി എകെജി ഭവനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത് എന്തിനായിരുന്നുവെന്ന് യെച്ചൂരി രാഹുലിനോട് ചോദിച്ചു. അതിന്റെ ആവശ്യമുണ്ടായിരുന്നില്ല. വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധം എന്തിനായിരുന്നു. മുഖ്യശത്രു ബിജെപിയാണെന്ന് കേരളത്തിലെ നേതാക്കളെ ഉപദേശിക്കണമെന്ന് യെച്ചൂരി രാഹുലിനോട് നിർദേശിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിലുൾപ്പെടെ ഇരു പാർട്ടികളും ഒരുമിച്ചാണ് വോട്ട് ചെയ്യുന്നത് എന്നതും യെച്ചൂരി ഓർമിപ്പിച്ചു. സൗഹൃദ സംഭാഷണം അര മണിക്കൂറോളം നീണ്ടു. ഓഫീസ് ആക്രമിച്ച വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് രാഹുൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

രാഹുൽഗാന്ധിയുടെ ഓഫിസ് ആക്രമണത്തിന് പിന്നാലെ സംസ്ഥാനത്ത് കലാപത്തിന് കോൺഗ്രസ് ശ്രമം-മുഖ്യമന്ത്രി

ഓഫീസ് ആക്രമണം ഉന്നയിച്ച് ഭരണപക്ഷത്തെ മുൾമുനയിലാക്കാൻ കോൺഗ്രസും പ്രതിരോധിക്കാൻ സിപിഎമ്മും സംസ്ഥാനത്ത് വാശിയോടെ പോരാടുമ്പോഴാണ് ഇരു പാർട്ടികളുടെയും നേതാക്കൾ സൗഹാർദ്ദപരമായി വിഷയം ചർച്ച ചെയ്തത് എന്നതും ശ്രദ്ധേയം.

 

Follow Us:
Download App:
  • android
  • ios