സർക്കാർ കെട്ടിട സമുച്ചയത്തിൽ വച്ച് രാഷ്ട്രീയ സ്വഭാവമുള്ള പരിപാടി അനുവദിക്കില്ലെന്നായിരുന്നു ബിഹാർ പൊലീസ് നിലപാട്. ഗേറ്റ് അടച്ചു കാവൽനിന്ന പൊലീസിനെയും ബാരിക്കേഡുകളും മറികടന്നാണ്  രാഹുലും പ്രവർത്തകരും ഹോസ്റ്റലിലെത്തിയത്

പട്ന: പൊലീസിന്റെ വിലക്ക് മറികടന്ന് ഹോസ്റ്റലിലേക്ക് രാഹുൽ ഗാന്ധിയെ എത്തിച്ച് വിദ്യാർത്ഥികൾ. ബിഹാറിലെ ദർഭംഗയിലെ അംബേദ്കർ വെൽഫെയർ ഹോസ്റ്റലാണ് വ്യാഴാഴ്ച അസാധാരണ സംഭവങ്ങൾക്ക് സാക്ഷിയായത്. സർക്കാർ കെട്ടിട സമുച്ചയത്തിൽ വച്ച് രാഷ്ട്രീയ സ്വഭാവമുള്ള പരിപാടി അനുവദിക്കില്ലെന്നായിരുന്നു ബിഹാർ പൊലീസ് നിലപാട് എടുത്തത്. എന്നാൽ വിദ്യാഭ്യാസ നീതി സംവാദം ഹോസ്റ്റലിൽ തന്നെ വച്ച് നടത്തുമെന്ന് രാഹുലും എൻഎസ്‌യു പ്രവർത്തകരും നിർബന്ധം പിടിച്ചു. ഇതിന് പിന്നാലെ രാഹുലെത്തിയ വാഹനം പൊലീസ് തടഞ്ഞതോടെ 2.5 കിലോമീറ്റർ കാൽ നടയായി നടന്നെത്തിയാണ് രാഹുൽ ഗാന്ധി ദർഭംഗ അംബേദ്കർ ഹോസ്റ്റലിൽ എത്തിയത്. 

Scroll to load tweet…

സർവകലാശാലയുടെ ഗേറ്റ് അടച്ചു കാവൽനിന്ന പൊലീസിനു വിദ്യാർഥികളുടെ പ്രതിഷേധത്തിന് മുന്നിൽ വഴങ്ങേണ്ടി വന്നതിന് പിന്നാലെ രാഹുലും പ്രവർത്തകരും ബാരിക്കേഡുകൾ മറികടന്നാണ് ഹോസ്റ്റലിലെത്തിയത്. പ്രതിപക്ഷ സമ്മർദത്തിനു വഴങ്ങിയാണു മോദി സർക്കാർ ജാതി സെൻസസ് പ്രഖ്യാപിച്ചതെന്നു രാഹുൽ സംവാദത്തിൽ പറഞ്ഞു.  ഇവിടെ വച്ച് എസ് സി, എസ് ടി, ഒബിസി, ഇബിസി വിഭാഗത്തിലെ വിദ്യാർത്ഥികളുമായി രാഹുൽ സംവാദം നടത്തി. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറിലേക്കുള്ള ഈ വർഷത്തെ നാലാമത്തെ സന്ദർശനമാണ് രാഹുൽ ഗാന്ധിയുടേത്. പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുമായി സംവദിക്കുന്നതിൽ നിന്ന് വിലക്കാനുള്ള ശ്രമങ്ങളാണ് ബിഹാറിലെ എൻഡിഎ സർക്കാർ നടത്തുന്നതെന്നാണ് രാഹുൽ ഗാന്ധി ആരോപിക്കുന്നത്. 

Scroll to load tweet…

രൂക്ഷമായ വിമർശനങ്ങളാണ് രാഹുൽ ഗാന്ധി എൻഡിഎ സർക്കാരിനെതിരെ സംവാദത്തിൽ ഉന്നയിച്ചത്. സംഭാഷണം പോലും കുറ്റകരമായത് എന്ന് മുതലാണെന്നും നിതീഷ് ജി ആരെയാണ് ഭയക്കുന്നതെന്നും രാഹുൽ ചോദിച്ചു. എൻഡിഎ സർക്കാരിൽ ജനാധിപത്യമില്ലെന്നും രാഹുൽ ആരോപിച്ചു. ദളിത്, ആദിവാസി, പിന്നോക്കവിഭാഗങ്ങൾ വിവേചനം നേരിടുന്നുവെന്നും വിദ്യാഭ്യാസ മേഖലയിൽ അടക്കം ഈ വിവേചനമുണ്ടെന്നുമാണ് രാഹുൽ ചൂണ്ടിക്കാണിച്ചത്. ആവശ്യപ്പെടുന്ന കാര്യങ്ങൾ ഫലം കാണുന്നത് വരെ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും ഇന്ന് തന്നെ തടയാൻ സാധിക്കാത്തത് പോലെ തന്നെ ഭാവിയിലും തന്നെ തടയാൻ സാധിക്കില്ലെന്നും രാഹുൽ വിശദമാക്കി. 

Scroll to load tweet…

സ്വകാര്യ കോളേജുകളിലും സർവ്വ കലാശാലകളിലും സംവരണം വേണമെന്നാണ് നിയമം അനുശാസിക്കുന്നത്. സ്വകാര്യ കോളേജുകളിൽ സംവരണം ഏർപ്പെടുത്തുന്നത് വരെ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വിദ്യാർത്ഥികളോട് സ്വന്തം ശക്തി തിരിച്ചറിയണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ബിഹാറിലും കേന്ദ്രത്തിലും കോൺഗ്രസ് അധികാരത്തിലെത്തിയാൽ ദലിത് വിദ്യാർഥികളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പാക്കുമെന്നു വാഗ്ദാനം ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം