Asianet News MalayalamAsianet News Malayalam

പൗരത്വ പ്രക്ഷോഭം: രാഹുൽ ഗാന്ധി സമരമുഖത്തേക്ക്, നാളെ രാജ്ഘട്ടിൽ പ്രതിഷേധം നയിക്കും

ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ആരംഭിക്കുന്ന സമരത്തില്‍ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സമരത്തില്‍ പങ്കെടുക്കും. 

Rahul Gandhi will lead congress protest against citizenship amendment
Author
Delhi, First Published Dec 21, 2019, 8:34 PM IST

ദില്ലി: പൗരത്വ  നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. രാജ്ഘട്ടില്‍ നാളെ ആറ് മണിക്കൂര്‍ പ്രതിഷേധ സമരം നടത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ ആരംഭിക്കുന്ന സമരത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ പങ്കെടുക്കും. പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കും കഴിഞ്ഞ ദിവസം ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍കമ്മിറ്റി യോഗം നിര്‍ദ്ദേശം നല്‍കിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ അഭാവം ഏറെ ചര്‍ച്ചയായിരുന്നു. 

സമരമുഖത്തേക്ക് രാഹുല്‍ ഗാന്ധി മടങ്ങിയെത്തുന്നത് കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസമായിരിക്കും നല്‍കുക. അതേസമയം പൗരത്വ ഭേദഗതി ന്യായീകരിച്ച് രാജ്യവ്യാപക പ്രചാരണം നടത്താനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. പൗരത്വനിയമ ഭേദഗതിയിൽ ബിജെപിക്കുണ്ടായ തിരിച്ചടി മറികടക്കാൻ, പ്രതിഷേധങ്ങൾക്കെതിരെ ശക്തമായ പ്രചാരണത്തിനാണ് ദില്ലിയിൽ വർക്കിംഗ് പ്രസിഡൻറ് ജെപി നദ്ദ വിളിച്ച യോഗത്തിലുണ്ടായ ധാരണ. നിയമം വിശദീകരിച്ച് അടുത്ത പത്തു ദിവസത്തിൽ ആയിരം റാലികൾ, 250 വാർത്താസമ്മേളനങ്ങൾ, പ്രാദേശിക മാധ്യമങ്ങളിൽ പരസ്യം, വീടുകയറിയുള്ള പ്രചാരണം തുടങ്ങിയവയാണ് ബിജെപിയുടെ തീരുമാനം. 

പൗരത്വ ഭേദഗതിക്കെതിരെ എൻഡിയയിലെ സഖ്യകക്ഷികൾ എതിരാകുന്നതാണ് ബിജെപിക്ക് പ്രധാന തലവേദന. എൻആർസി നടപ്പാക്കില്ലെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ രാംവിലാസ് പസ്വാന്‍റെ ലോക്ജനശക്തി പാർട്ടിയും ഇടയുകയാണ്. ജനങ്ങളുടെ സംശയം തീർക്കണം എന്നാണ് എൽജെപി ആവശ്യം. അക്രമങ്ങൾ വ്യാപകമായ ശേഷവും മൗനം തുടരുന്ന പ്രധാനമന്ത്രി നാളെ ദില്ലിയിൽ നടക്കുന്ന റാലിയിൽ ഇതിനെതിരെ ആഞ്ഞടിക്കാനാണ് സാധ്യത. 

Follow Us:
Download App:
  • android
  • ios