ബംഗളൂരു: രാഹുല്‍ ഗാന്ധി എഐസിസി പ്രസിഡന്‍റായി തുടരണമെന്ന് മുന്‍മുഖ്യമന്ത്രിയും കര്‍ണാടക കോണ്‍ഗ്രസ് നേതാവുമായി സിദ്ധരാമയ്യ. പാര്‍ട്ടിക്ക് രാഹുല്‍ഗാന്ധിയുടെ നേതൃത്വം ആവശ്യമുള്ള സമയമാണിത്. അദ്ദേഹം സ്ഥാനത്ത് തുടരുമെന്നാണ് പ്രതീക്ഷയെന്നും സിദ്ധരാമയ്യ പറഞ്ഞു. മോദി ഭരണത്തില്‍ തൊഴിലില്ലായ്മ വര്‍ധിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തു. അഞ്ച് വര്‍ഷത്തെ മോദി ഭരണം സാമ്പത്തികാവസ്ഥ തകര്‍ത്തിട്ടും ജനം മോദിയെ വീണ്ടും തെരഞ്ഞെടുത്തത് തന്നെ അത്ഭുതപ്പെടുത്തുന്നതായും സിദ്ധരാമയ്യ പറഞ്ഞു.

നിലവിലെ സര്‍ക്കാറിനും സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപി നേതാക്കള്‍ നിരന്തരം കള്ളങ്ങള്‍ പ്രചരിപ്പിക്കുകയും മതവികാരം ഇളക്കിവിടുകയും ചെയ്തെന്നും സിദ്ധരാമയ്യ വിമര്‍ശിച്ചു. ബിജെപി നേതാക്കളുടെ 'നാടക'ത്തിലും കള്ളങ്ങളിലും ജനം വീണു. ഇന്‍റലിജന്‍റ്സ് വീഴ്ചയായിരുന്നു പുല്‍വാമ ആക്രമണം. ദേശീയസുരക്ഷയില്‍ അലംഭാവം കാണിച്ചു.  അവരുടെ വീഴ്ചയെ ചോദ്യം ചെയ്യാന്‍ നമുക്ക് അവകാശമുണ്ട്. ഈ രാജ്യത്തെ പൗരനായി ജീവിക്കുന്നിടത്തോളം കാലം അവരുടെ വീഴ്ചകളോ ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.