ബിജെപിയുടെ രാജ ഇഖ്ബാൽ സിംഗ് ദില്ലിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു

ദില്ലി: ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഭരണം ബിജെപിക്ക്. ബിജെപിയുടെ രാജ ഇഖ്ബാൽ സിംഗ് ദില്ലിയുടെ പുതിയ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി മൻദീപ് സിങ്ങിനെ പരാജയപ്പെടുത്തിയാണ് ഇഖ്ബാൽ സിംഗ് തെരഞ്ഞെടുക്കപ്പെട്ടത്.

എഎപി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുകയും കോൺഗ്രസ് നാമമാത്രമായ സാന്നിധ്യത്തിലേക്ക് ചുരുങ്ങുകയും ചെയ്തതത് ബിജെപിക്ക് വൻ നേട്ടമായി. 250 സീറ്റുകളുള്ള ദില്ലി മുനിസിപ്പൽ കോർപറേഷനിൽ ബിജെപിക്ക് ഇപ്പോൾ 117 കൗൺസിലർമാരുണ്ട്. 2022 ൽ ഇത് 104 ആയിരുന്നു. അതേസമയം ആം ആദ്മി പാർട്ടിയുടെ എണ്ണം 134 ൽ നിന്ന് 113 ആയി കുറഞ്ഞു. കോൺഗ്രസിന് എട്ട് സീറ്റും കിട്ടി. ഇത്തവണ സഖ്യത്തിൽ മത്സരിച്ചിരുന്നെങ്കിൽ കോൺഗ്രസിനും എഎപിക്കും ബിജെപിയെ പരാജയപ്പെടുത്താമായിരുന്നു. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ദില്ലിയിൽ അകന്ന എഎപിയും കോൺഗ്രസും ഈ ചർച്ചയിലേക്ക് പോകാതിരുന്നതും ബിജെപിക്ക് നേട്ടമായി.