ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വലിയ തോതിൽ വ്യാജ വോട്ടർമാരെ ചേർക്കുന്നതിൽ പങ്കാളിയാണെന്ന കോൺഗ്രസ് ആരോപണത്തിന് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയുടെ ഇടപെടലാണ് രാജണ്ണയുടെ രാജിക്ക് പിന്നിലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ബെംഗളൂരു: കർണാടകയിൽ രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണത്തിൽ പാർട്ടി വിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് പുറത്താക്കപ്പെട്ട കർണാടക മന്ത്രിയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടുത്ത അനുയായിയുമായ കെ.എൻ. രാജണ്ണ പ്രതികരണവുമായി രംഗത്ത്. താൻ ഗൂഢാലോചനയുടെ ഇരയാണെന്നും ദില്ലിയിൽ പോയി രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ എന്നിവരുൾപ്പെടെയുള്ള പാർട്ടിയുടെ മുതിർന്ന നേതാക്കളെ കണ്ട് തെറ്റിദ്ധാരണ നീക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ചേർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വലിയ തോതിൽ വ്യാജ വോട്ടർമാരെ ചേർക്കുന്നതിൽ പങ്കാളിയാണെന്ന കോൺഗ്രസ് ആരോപണത്തിന് നേതൃത്വം നൽകുന്ന രാഹുൽ ഗാന്ധിയുടെ ഇടപെടലാണ് രാജണ്ണയുടെ രാജിക്ക് പിന്നിലെന്ന് റിപ്പോർട്ടുകൾ പറയുന്നു.
വോട്ടർ പട്ടികയിൽ കൃത്രിമം നടന്നപ്പോൾ അധികാരത്തിലിരുന്നത് കോൺഗ്രസാണെന്നും, പാർട്ടി നേതാക്കൾ ഇപ്പോൾ ഇക്കാര്യം ഉന്നയിക്കരുതെന്നും കൃത്രിമം നടന്നപ്പോൾ തന്നെ തുറന്നു പറയണമായിരുന്നുവെന്നുമാണ് രാജണ്ണ പറഞ്ഞത്.
എപ്പോഴാണ് വോട്ടർ പട്ടിക തയ്യാറാക്കിയത്? നമ്മുടെ സ്വന്തം സർക്കാർ അധികാരത്തിലിരുന്നപ്പോഴാണ് തയ്യാറാക്കിയത്. ആ സമയത്ത്, എല്ലാവരും കണ്ണുകൾ അടച്ച് നിശബ്ദമായി ഇരിക്കുകയായിരുന്നു. ഈ ക്രമക്കേടുകൾ നമ്മുടെ കൺമുന്നിലാണ് സംഭവിച്ചത്. നമ്മൾ ലജ്ജിക്കണമെന്നും രാജണ്ണ പറഞ്ഞു. പിന്നാലെ രാജണ്ണയുടെ പ്രസ്താവന ബിജെപി ആയുധമാക്കി.
അതേസമയം, രാജണ്ണയെ മാറ്റാൻ സിദ്ധരാമയ്യയ്ക്ക് താൽപ്പര്യമില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാലാണ് സിദ്ധരാമയ്യയെ സമ്മതിപ്പിച്ചത്. രാജണ്ണയും അദ്ദേഹത്തോട് അടുപ്പമുള്ള എംഎൽഎമാരും മന്ത്രിമാരും അടുത്ത നീക്കം ആലോചിക്കുന്നുണ്ടെന്നും കൂടുതൽ ചർച്ചകൾക്കായി സിദ്ധരാമയ്യയെ വീണ്ടും കാണുമെന്നും വൃത്തങ്ങൾ അറിയിച്ചു.


