Asianet News MalayalamAsianet News Malayalam

വസുന്ധര രാജെയുടെ മൗനം പൊട്ടിത്തെറിയിലേക്കോ?, രാജസ്ഥാനില്‍ കരുതലോടെ കരുക്കള്‍ നീക്കി കോണ്‍ഗ്രസ്

വസുന്ധരയെ മറികടിക്കാന്‍ എംപിമാരെയും കേന്ദ്രമന്ത്രിമാരെയും ഇറക്കിയുള്ള ബിജെപിയു‍ടെ നീക്കത്തില്‍ വലിയ പ്രതിഷേധമാണ് രാജസ്ഥാനിലുയരുന്നത്

rajasthan assembly election; Will Vasundhara Raje's silence explode?,Congress moves cautiously
Author
First Published Oct 15, 2023, 12:57 PM IST

ദില്ലി: വസുന്ധര രാജെയുടെ രാജസ്ഥാനിലെ നീക്കങ്ങള്‍ നിരീക്ഷിച്ച് കോണ്‍ഗ്രസ്. എംപിമാരെയും കേന്ദ്രമന്ത്രിമാരെയും ഇറക്കിയുള്ള ബിജെപിയുടെ പുതിയ പരീക്ഷണം കോണ്‍ഗ്രസിനെ തുണക്കമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സച്ചിന്‍ പൈലറ്റിനെ ഒപ്പം നിര്‍ത്തി പാളയത്തില്‍ പട ഉണ്ടാകാതിരിക്കാനും കോണ്‍ഗ്രസ് ജാഗ്രതയിലാണ്. വസുന്ധരയെ മറികടിക്കാന്‍ എംപിമാരെയും കേന്ദ്രമന്ത്രിമാരെയും ഇറക്കിയുള്ള ബിജെപിയു‍ടെ നീക്കത്തില്‍ വലിയ പ്രതിഷേധമാണ് രാജസ്ഥാനിലുയരുന്നത്.

ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച 41 മണ്ഡലങ്ങളില്‍ 7 ഇടങ്ങളില്‍ സിറ്റിംഗ് എംഎല്‍എമാര്‍ പ്രതിഷേധിക്കുകയും വിമത മത്സരത്തിന് ഒരുങ്ങുകയുമാണ്. വസുന്ധര അനുകൂലികളായ ഇവരെ ചാക്കിടാന്‍ കോണ്‍ഗ്രസ് നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. സാഹചര്യം അനുകൂലമാക്കിയെടുക്കാന്‍ അശോക് ഗെഹ്ലോട്ടിന് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശമുണ്ട്. വസുന്ധരയുടെ മൗനം പൊട്ടിത്തെറിയിലേക്ക് നീങ്ങാനുള്ള സാധ്യത കോണ്‍ഗ്രസ് തള്ളുന്നില്ല. അതേ സമയം ഇക്കുറിയും സംസ്ഥാനത്ത് കോണ്‍ഗ്രസിനെ അശോക് ഗലോട്ട് തന്നെ നയിക്കുമെന്ന പ്രചാരണം ശക്തമാണ്.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും, സംസ്ഥാന തെരഞ്ഞെടുപ്പ് സമിതിയിലും ഉള്‍പ്പെടുത്തി സച്ചിനെ ഹൈക്കമാന്‍ഡ് ഒപ്പം നിര്‍ത്തിയിരിക്കുകയാണ്. ഇക്കുറി സച്ചിന് വഴിമാറുമെന്ന ഒരു സൂചനയും അശോക് ഗലോട്ട് നേതൃത്വത്തിന് നല്‍കിയിട്ടില്ല. ഗലോട്ടിന്‍റെ മുഖ്യമന്ത്രി സാധ്യതയെ സച്ചിന്‍ ഇപ്പോള്‍ തന്നെ തള്ളിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പരമാവധി പൊട്ടിത്തെറി ഒഴിവാക്കാന്‍ എഐസിസി നേതൃത്വം ജാഗ്രത കാട്ടുന്നുണ്ട്. അതേ സമയം വൈകുന്നേരം ചേരുന്ന ബിജെപി സ്ക്രീനിംഗ് കമ്മിറ്റി യോഗത്തില്‍ വസുന്ധര വിഷയം ചര്ച്ചയായേക്കും. അനുകൂലികളെ ഇറക്കിയുള്ള വസുന്ധരയുടെ സമ്മര്‍ദ്ദ തന്ത്രത്തില്‍ കടുത്ത അതൃപ്തി നേതൃത്വത്തിനുണ്ട്.
Readmore...ഭരണത്തുടര്‍ച്ച ലഭിക്കുമോ കോൺഗ്രസിന് ? വസുന്ധര രാജെ സിന്ധ്യ മാത്രമല്ല ബിജെപിക്ക് നേതാവ് ! കടുക്കും രാജസ്ഥാൻ
 

Follow Us:
Download App:
  • android
  • ios