ജയ്‌പൂർ: മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നിരന്തര സമ്മർദ്ദത്തിനൊടുവിൽ നിയമസഭ വിളിക്കാൻ തീരുമാനിച്ച് ഗവർണർ. അടുത്ത മാസം 14 ന് നിയമസഭ യോഗം ചേരാനാണ് തീരുമാനം. ഇത് സ്വാഗതം ചെയ്യുന്നതായി എഐസിസി ജനറൽ സെക്രട്ടറിയും രാജ്യസഭാംഗവുമായ കെസി വേണുഗോപാൽ വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭ സമ്മേളനം വിളിക്കണമെന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആവശ്യം ഗവര്‍ണര്‍ കൽരാജ് മിശ്ര ആവർത്തിച്ച് നിരസിച്ചത് കടുത്ത രാഷ്ട്രീയ ഭിന്നതകൾക്ക് വഴിതുറന്നിരുന്നു. മുഖ്യമന്ത്രിയും ഗവർണറും തങ്ങളുടെ തീരുമാനത്തിൽ ഉറച്ച് നിന്നത് രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ തുടരുമ്പോൾ സമ്മേളനം ചേരാനാകില്ല എന്നതായിരുന്നു ഗവര്‍ണർ സ്വീകരിച്ച നിലപാട്.

ഭൂരിപക്ഷം ഉണ്ടെങ്കിൽ എന്തിന് വിശ്വാസ വോട്ട് തേടണമെന്നും ഗവര്‍ണര്‍ അശോക് ഗെലോട്ടിനോട് ആവർത്തിച്ച് ചോദിച്ചു.  വൈകീട്ട് അശോക് ഗെലോട്ട് വീണ്ടും മന്ത്രിസഭ യോഗം വിളിച്ച് സാഹചര്യങ്ങൾ ചര്‍ച്ച ചെയ്തു. സമ്മേളനം വിളിക്കില്ലെന്ന നിലപാടിൽ ഗവര്‍ണര്‍ ഉറച്ചുനിൽക്കുന്നത് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തെ സഹായിക്കാനാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.