Asianet News MalayalamAsianet News Malayalam

'ഗാന്ധി കുടുംബത്തെ പോലെ ത്യാഗം ചെയ്ത ആരുണ്ട്', ഇ ഡിയുടെ ചോദ്യം ചെയ്യലിനെ ഭയക്കില്ല: അശോക് ഗേലോട്ട്

കുടുംബാധിപത്യം എന്ന് ആരോപിച്ച് സോണിയ ഗാന്ധിയെയും ഗാന്ധി കുടുംബത്തേയും അപമാനിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നതെന്ന് അശോക് ഗേലോട്ട് കുറ്റപ്പെടുത്തി.

Rajasthan CM Ashok Gehlot criticize central government on National Herald Case
Author
Delhi, First Published Jul 21, 2022, 12:24 PM IST

ദില്ലി: സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടിയില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗേലോട്ട്. പാർട്ടി ആസ്ഥാനത്ത് പൊലീസിനെ കയറ്റി ഭയപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിച്ചതെന്ന് ഗേലോട്ട് ആരോപിച്ചു. കേന്ദ്ര നീക്കത്തെ കോണ്‍ഗ്രസ് ഗാന്ധിയൻ രീതിയിൽ  ചെറുക്കുമെന്നും അദ്ദേഹം ദില്ലിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗാന്ധി കുടുംബത്തെ പോലെ രാജ്യത്തിനായി ത്യാഗം ചെയ്ത ആരുണ്ട് ഇന്നത്തെ രാഷ്ട്രീയത്തിലെന്ന് ഗേലോട്ട് ചോദിച്ചു. കുടുംബാധിപത്യം എന്ന് ആരോപിച്ച് സോണിയ ഗാന്ധിയെയും ഗാന്ധി കുടുംബത്തേയും അപമാനിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കുന്നത്.  രാജ്യത്തെ അന്വേഷണ ഏജൻസികളിലുള്ള വിശ്വാസം എല്ലാവര്‍ക്കും നഷ്ടപ്പെട്ടെന്നും  നാഷണൽ ഹെറാൾഡ് കേസ് കെട്ടിച്ചമച്ചതാണെന്നും അശോക് ഗേലോട്ട് പറഞ്ഞു.

ഇ ഡി - യുടെ ചോദ്യം ചെയ്യലിനെ നേരിടാൻ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും ഭയമില്ല. ഉദയ്പൂർ ചിന്തൻ ശിബിരം മോദിയേയും അമിത് ഷാ യേയും പരിഭ്രാന്തരാക്കിയിരിക്കുകയാണ്. അതിലുള്ള പകയാണ് ഇപ്പോള്‍ കാണുന്നത്. രാഷ്ട്രീയ വൈരം തീർക്കാൻ  മോദി സർക്കാർ  എതിരാളികൾക്കെതിരെ അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും അശോക് ഗേലോട്ട് ആരോപിച്ചു. 

അതേസമയം  സോണിയ ഗാന്ധിക്കെതിരായ ഇഡി നടപടി ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്‍റില്‍ പ്രതിപക്ഷ യോഗം ചോര്‍ന്നു . സിപിഎം അടക്കം 12 കക്ഷികള്‍ യോഗത്തില്‍ പങ്കെടുത്തു. അല്‍പ്പസമയത്തിനകം സോണിയ ഗാന്ധി ഇഡിക്ക് മുന്നില്‍ ഹാജരാകും. രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. ചോദ്യംചെയ്യലിന് മുന്നോടിയായി എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രവർത്തകർക്ക്  പാർട്ടി ആസ്ഥാനത്തേക്ക് പ്രവേശനമില്ലെന്ന് ദില്ലി പൊലീസ് പറഞ്ഞു. 

Read More :  സോണിയ ഗാന്ധിയുടെ ചോദ്യംചെയ്യല്‍: പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേരുന്നു, സിപിഎം അടക്കം 12 കക്ഷികള്‍ യോഗത്തില്‍

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാവിലെ പതിനൊന്നരയോടെ ഇ ഡി ഓഫീസില്‍ സോണിയ ഹാജരാകുമെന്നാണ് വിവരം. ആരോഗ്യാവസ്ഥ മോശമായതിനാല്‍ നേരത്തെ ആവശ്യപ്പെട്ട തീയതികളില്‍ സോണിയ ഇ ഡിക്ക് മുന്‍പില്‍ എത്തിയിരുന്നില്ല. ആരോഗ്യാവസ്ഥ പരിഗണിച്ച് വീട്ടിലെത്തി മൊഴിയെടുക്കാമെന്ന് ഇഡി അറിയിച്ചെങ്കിലും കോൺഗ്രസ് അധ്യക്ഷ അത് നിരസിക്കുകയായിരുന്നു. ഒപ്പം ഇ ഡി ഓഫീസിലെത്തി മൊഴി നല്‍കാമെന്ന് സോണിയ അറിയിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്തപ്പോൾ ഇ ഡിയുടെ നടപടിക്കെതിരെ പ്രതിഷേധിച്ച് നേതാക്കളടക്കം അറസ്റ്റ് വരിച്ചുള്ള പ്രതിഷേധം ആവർത്തിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസ്.  

Read More :  സോണിയ ഗാന്ധിയുടെ ചോദ്യംചെയ്യല്‍: എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ, പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലെന്ന് പൊലീസ്

Follow Us:
Download App:
  • android
  • ios