ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റയുടെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം. നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചാണ് 25 ഓളം പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്.

ഹൈദരാബാദ്: യൂത്ത് കോൺഗ്രസ് നേതാക്കളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ച് ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനമായ മെറ്റയുടെ ഓഫീസിലേക്ക് ഇരച്ചുകയറി തെലങ്കാനയിലെ യൂത്ത് കോൺ​ഗ്രസ് പ്രവ‍ർത്തകർ. വെള്ളിയാഴ്ച ഹൈദരാബാദിലെ റായ്ദുർ​ഗിലുള്ള മെറ്റ ഓഫീസിലാണ് അതിക്രമം നടന്നത്. പ്രതിഷേധവുമായി എത്തിയ പ്രവ‍ർത്തകർ ഓഫീസിലെ പൂച്ചെട്ടികൾ അടക്കം തകർത്തു.

യൂത്ത് കോൺ​ഗ്രസ് ദേശീയ നേതാക്കളായ ഉദയ് ഭാനു, മനീഷ് ശ‍ർമ എന്നിവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തുവെന്ന് ആരോപിച്ചായിരുന്നു സംസ്ഥാന അധ്യക്ഷൻ ജക്കിടി ശിവ ചരൺ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെ മെറ്റ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൻ്റെ പരിസരത്തേക്ക് 25 ഓളം വരുന്ന യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി എത്തിയ പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കടക്കുകയും പൂച്ചെട്ടികൾ തകർക്കുകയും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ബിജെപിയുടെ സ്വാധീനത്തിലാണ് മെറ്റയുടെ പ്രവർത്തനമെന്ന് ആരോപിച്ച പ്രതിഷേധക്കാർ, നേതാക്കളുടെ അക്കൗണ്ടുകൾ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.

Scroll to load tweet…

സംഭവസ്ഥലത്തേക്ക് എത്തിയ പൊലീസ്, പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കിയോടെ ആണ് രംഗം ശാന്തമായത്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ജക്കിടി ശിവ ചരൺ റെഡ്ഡി അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തുവെന്ന് പൊലീസ് അറിയിച്ചു. പിന്നീട് ഇവരെ ഉപാധികളോടെ ജാമ്യത്തിൽ വിട്ടു. സംഭവത്തിന് ശേഷം യൂത്ത് കോൺഗ്രസ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ, ഏഴ് ദിവസത്തിനകം നേതാക്കളുടെ അക്കൗണ്ടുകൾ പുനസ്ഥാപിക്കണമെന്ന് അന്ത്യശാസനം നൽകി.

മെറ്റയെ ബിജെപി പുത്രൻ എന്ന് വിശേഷിപ്പിച്ച യൂത്ത് കോൺഗ്രസ്, ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും മോദിയുടെ സ്വകാര്യ സ്വത്തല്ലെന്നും പറഞ്ഞു. മെറ്റ നട്ടെല്ല് നിവർത്തി നിൽക്കണമെന്നും ബിജെപിയുടെ പോഷക സംഘടനയായി പ്രവർത്തിക്കുന്നതിന് പകരം ഒരു നിഷ്പക്ഷ പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കാനും ആവശ്യപ്പെട്ടു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ പ്രതിഷേധങ്ങൾ കടുപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.