ചട്ട ലംഘനമാരോപിച്ച് മഹാരാഷ്ട്രയിലെ ഭരണ മുന്നണിയുടെ മൂന്ന് വോട്ടുകളും, ഹരിയാനയില്‍ കോണ്‍ഗ്രസിന്‍റെ രണ്ട് വോട്ടുകളും അസാധുവാക്കണം എന്ന ആവശ്യവുമായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു

ദില്ലി: പതിന‍ഞ്ച് സംസ്ഥാനങ്ങളിലെ 57 രാജ്യസഭ സീറ്റുകളിലേക്ക് ഇന്ന് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം അല്‍പ സമയത്തിനകം പ്രഖ്യാപിക്കും. കടുത്ത വെല്ലുവിളി നിറഞ്ഞ രാജസ്ഥാന്‍, ഹരിയാന എന്നിവിടങ്ങളിലെ സീറ്റുകളില്‍ കോണ്‍ഗ്രസിന് മുൻതൂക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്രയിലെ സീറ്റില്‍ മഹാവികാസ് അഘാഡിക്കും, കര്‍ണ്ണാടകത്തിലെ സീറ്റില്‍ ബിജെപിക്കും മുന്‍തൂക്കമെന്നാണ് സൂചന. 11 സംസ്ഥാനങ്ങളില്‍ എതിരില്ലാതെ 41 സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തിരുന്നു. ചട്ട ലംഘനമാരോപിച്ച് മഹാരാഷ്ട്രയിലെ ഭരണ മുന്നണിയുടെ മൂന്ന് വോട്ടുകളും, ഹരിയാനയില്‍ കോണ്‍ഗ്രസിന്‍റെ രണ്ട് വോട്ടുകളും അസാധുവാക്കണം എന്ന ആവശ്യവുമായി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. ക്രമക്കേട് നടത്തിയെന്ന ആക്ഷേപവുമായി കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലെത്തി.

15 സംസ്ഥാനങ്ങളിലെ അൻപത്തിയേഴ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പെങ്കിലും നാല് സംസ്ഥാനങ്ങളിലാണ് കടുത്ത പോരാട്ടം. കർണ്ണാടകത്തിൽ ജെഡിഎസ് എംഎൽഎ കോൺഗ്രസിന് വോട്ട് ചെയ്തു. റിസോർട്ടുകളിലുള്ള എംഎൽഎമാരെ നിയമസഭയിലേക്ക് മാറ്റിയതിന് പിന്നാലെ മറുകണ്ടം ചാടൽ ഭയന്ന് രാജസ്ഥാനിൽ ഇൻർനെറ്റ് ബന്ധം വിച്ഛേദിച്ചു.

മഹാരാഷ്ട്രയിലെ 6 സീറ്റുകളിലും, രാജസ്ഥാൻ, കർണ്ണാടക എന്നിവിടങ്ങളിലെ നാല് വീതം സീറ്റുകളിലും, ഹരിയാനയിലെ രണ്ട് സീറ്റുകളിലുമാണ് മത്സരം കടുക്കുന്നത്. ഇതിൽ ബിജെപി 6 സീറ്റുകളിലും, കോൺഗ്രസ് നാല് സീറ്റുകളിലും, ശിവസേന, എൻസിപി പാർട്ടികള് ‍ ഓരോ സീറ്റിലും ജയം ഉറപ്പിച്ചു . രാജസ്ഥാനിലെ മൂന്നാമത്തെ സീറ്റിൽ കോൺഗ്രസിന് ജയിക്കാൻ 15 വോട്ടുകൾ കൂടി അധികം വേണം. 13 സ്വതന്ത്രരുടെ പിന്തുണ ഇതിനോടകം കിട്ടിയതായി കോൺഗ്രസ് അവകാശപ്പെട്ടു. ബിടിപിയും, സിപിഎമ്മും കൂടി പിന്തുണച്ചാൽ ജയം ഉറപ്പിക്കാമെന്നാണ് കോൺഗ്രസിൻറെ അവകാശവാദം. 

ഹരിയാനയിൽ വലിയ വെല്ലുവിളി നേരിടുന്ന അജയ് മാക്കന് കോൺഗ്രസിൻറെ മുഴുവൻ വോട്ടുകളും കിട്ടിയാൽ ജയിക്കാനാകും. പ്രതിഷേധമുയർത്തിയ കുൽദീപ് ബിഷ്ണോയി എംഎൽഎയെ രാഹുൽ ഗാന്ധി ഇടപെട്ട് അനുനയിപ്പിച്ചിട്ടുണ്ട്. ഈ രണ്ടിടങ്ങളിലും സ്വതന്ത്രന്മാരായി ഇറക്കിയ മാധ്യമ ഉടമകൾക്ക് ചെറുപാർട്ടികളുടെ പിന്തുണ കിട്ടിയാൽ സീറ്റുകൾ വെട്ടിപിടിക്കാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. മഹാരാഷ്ട്രയിലെ ആറാമത്തെ സീറ്റിൽ ശിവസേന ബിജെപി പോരാട്ടം കടുക്കുകയാണ്. മഹാവികാസം അഘാഡിയുടെ മുഴുവൻ വോട്ടുകളും കിട്ടിയാൽ സീററ് പിടിക്കാമെന്നാണ് ശിവസേനയുടെ പ്രതീക്ഷ. ഇഡി, സിബിഐ കേസുകളിൽ ജാമ്യം കിട്ടാത്തതിനാൽ എൻസിപി നേതാക്കളായ നവാബ് മാലിക്ക്, അനിൽ ദേശ് മുഖ് എന്നീ നേതാക്കൾ വോട്ട് ചെയ്തില്ല.