ജൂൺ ആദ്യത്തിൽ കണ്ടെത്തിയ പാമ്പ് ആൽബിനോ നീർക്കോലിയാണെന്ന് മാസങ്ങൾക്ക് ശേഷമാണ് സ്ഥിരീകരിക്കുന്നത്

ഗുവാഹത്തി: അസമിൽ ആദ്യമായി ആൽബിനോ നീർക്കോലിയെ കണ്ടെത്തി. അസമിലെ സംസ്ഥാന മൃഗശാലയിലാണ് വെള്ള നിറത്തിലുള്ള നീർക്കോലിയെ കണ്ടെത്തിയത്. 290 മില്ലി മീറ്റർ നീളമാണ് ഇതിനുള്ളത്. ആദ്യമായാണ് ഗുവാഹത്തിയിൽ ആൽബിനോ നീർക്കോലിയെ കണ്ടെത്തുന്നത്. പാമ്പുകളിൽ അസാധാരണമായാണ് ആൽബുമിനിസം കാണാറുള്ളത്. മെലാനിൻ പിഗ്മെന്റുകളുടെ അഭാവമാണ് ചുവന്ന നിറത്തിലുള്ള കണ്ണിനും വെള്ള നിറത്തിലുള്ള ത്വക്കുണ്ടാകുന്നതിന് കാരണമാകുന്നത്. ജൂൺ ആദ്യത്തിൽ കണ്ടെത്തിയ പാമ്പ് ആൽബിനോ നീർക്കോലിയാണെന്ന് മാസങ്ങൾക്ക് ശേഷമാണ് സ്ഥിരീകരിക്കുന്നത്. വിശദമായ നിരീക്ഷണത്തിന് ശേഷം കണ്ടെത്തിയ ആൽബിനോ നീർക്കോലിയെ സ്വാഭാവിക ആവാസ മേഖലയിൽ തുറന്നുവിട്ടതായാണ് മൃഗശാല അധികൃതർ വിശദമാക്കുന്നത്.

ഇന്ത്യൻ വന്യജീവികളിലെ അപൂർവ ജനിതക സവിശേഷതകളെക്കുറിച്ചുള്ള ശാസ്ത്രീയ ധാരണ വർദ്ധിപ്പിക്കുന്നതിനും ജൈവ വൈവിധ്യ ഗവേഷണത്തിനും സംരക്ഷണത്തിനുമുള്ള കേന്ദ്രമെന്ന നിലയിൽ അസമിന്റെ വളർന്നുവരുന്ന പങ്കിനെ എടുത്തുകാണിക്കുന്നതിന് ഈ കണ്ടെത്തൽ സഹായിക്കുമെന്നാണ് നിരീക്ഷണം. അസം സംസ്ഥാന മൃഗശാല ഈ സംഭവം കൈകാര്യം ചെയ്ത രീതി മൃഗക്ഷേമത്തിനും ശാസ്ത്രീയ പുരോഗതിക്കും ഉള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് വിദഗ്ധർ പ്രതികരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം