എവിടെ നടന്ന സംഭവമാണെന്ന് പോസ്റ്റിൽ പറയുന്നില്ല. കമന്റുകളിൽ രൂക്ഷമായ വിമർശനമാണ് ഉയർത്തുന്നത്.
സോഷ്യൽ മീഡിയയിൽ കൂടുതൽ കാഴ്ചക്കാരെ ലഭിക്കാൻ മാത്രം ലക്ഷ്യമിട്ട് വീഡിയോ ചിത്രീകരിക്കാനുള്ള ശ്രമങ്ങൾക്കിടെ അപകടങ്ങൾ സംഭവിക്കുന്ന സംഭവങ്ങൾ അടുത്തിടെയായി പലയിടങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്തരത്തിലൊരു വീഡിയോ ക്ലിപ്പാണ് കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. വീഡിയോയിൽ കാണുന്ന യുവാവിനെതിരെ രൂക്ഷമായ വിമർശനവും സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നു.
അതിവേഗത്തിൽ കടന്നുപോകുന്ന ഒരു ട്രെയിനിന് വളരെ അടുത്ത് നിന്നാണ് യുവാവ് വീഡിയോ ചിത്രീകരിക്കുന്നത്. ട്രാക്കിനടുത്ത് നിന്ന ശേഷം ക്യാമറയിലേക്ക് നോക്കുന്നതിനിടെ ട്രെയിനിന്റെ ഡോറിൽ ഇരിക്കുകയായിരുന്ന ഏതോ ഒരു യാത്രക്കാരൻ ഇയാളെ അടിക്കുന്നത് വീഡിയോയിൽ കാണാം. യാത്രക്കാരൻ പെട്ടെന്ന് യുവാവിനെ കൈ കൊണ്ട് അടിക്കുകയോ കാൽ കൊണ്ട് തട്ടുകയാണോ ആയിരുന്നു. ഉടൻ തന്നെ യുവാവ് വേദന കാരണം കുനിഞ്ഞ് ഇരിക്കുന്നതും തന്റെ പരിക്കേറ്റ കൈ മുറുകെ പിടിക്കുന്നതും കാണാം.
യുവാവ് എന്ത് വീഡിയോയാണ് ചിത്രീകരിക്കാൻ ശ്രമിച്ചതെന്ന് വ്യക്തമല്ല. എന്നാൽ ഇയാൾ ഓടുന്ന ട്രെയിനുമായി വളരെ അപകട സാധ്യതയുള്ളത്ര അടുത്താണ് നിന്നിരുന്നതെന്ന് വീഡിയോയിൽ വ്യക്തമായി കാണാം. യുവാവിന് ചെറിയ പരിക്കുകൾ മാത്രമാണുള്ളതെന്നും അതുകൊണ്ടു തന്നെ രക്ഷപ്പെട്ടെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ബോധപൂർവം വരുത്തിവെയ്ക്കുന്ന അപകടങ്ങളെക്കുറിച്ച് അവബോധമുണ്ടാകാനെങ്കിലും ഈ സംഭവം ഉപകരിക്കണമെന്നും കമന്റുകളിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നുണ്ട്.
261 മില്യൻ ആളുകളാണ് രണ്ട് ദിവസം കൊണ്ട് ഈ വീഡിയോ കണ്ടത്. മറ്റ് അക്കൗണ്ടുകളിൽ നിന്നും പലരും ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവൃത്തികളെ രൂക്ഷമായി വിമർശിക്കുന്നതാണ് കമന്റുകളിൽ ഭൂരിഭാഗവും.


