ദില്ലി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ. ഇന്ന് ഒരു ഉദാഹരണമാണ് നടന്നിരിക്കുന്നതെന്നും എന്നാൽ, ഇത് നേരത്തെ ആകാമായിരുന്നുവെന്നും രേഖ ശർമ പറഞ്ഞു.

"ഇന്ന് ഒരു ഉദാഹരണമാണ് നടന്നതെങ്കിലും ഇത് നേരത്തെ ആകാമായിരുന്നു. ഇപ്പോൾ ആളുകൾക്ക് അറിയാം അവർ ശിക്ഷിക്കപ്പെടുമെന്ന്, നിങ്ങൾക്ക് തീയതി നീട്ടാം, പക്ഷേ നിങ്ങൾ ശിക്ഷിക്കപ്പെടും"രേഖ ശർമ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. 

ഇത് ചരിത്രപരമായ ദിവസമാണെന്നാണ് ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ പ്രതികരിച്ചത്. 'ഏഴ് വർഷത്തിന് ശേഷം നിർഭയക്ക് നീതി ലഭിച്ചിരിക്കുന്നു. അവളുടെ ആത്മാവിന് ഇന്ന് സമാധാനം ലഭിച്ചിരിക്കണം. നിങ്ങൾ കുറ്റം ചെയ്താൽ തൂക്കിലേറ്റപ്പെടുമെന്ന സന്ദേശമാണ് ബലാത്സംഗികൾക്ക് രാജ്യം നൽകിയിരിക്കുന്നത്' സ്വാതി പറഞ്ഞു.

ഇന്ന് രാവിലെ 5.30 നായിരുന്നു നാല് പ്രതികളെയും തിഹാർ ജയിലിൽവെച്ച് തൂക്കിലേറ്റിയത്. എഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസിലെ നീതി നടപ്പാകുന്നത്. മുകേഷ് കുമാര്‍ സിംഗ് (32), അക്ഷയ് താക്കൂര്‍ (31), വിനയ് ശര്‍മ (26), പവന്‍ ഗുപ്ത (25) എന്നീ പ്രതികളുടെ വധശിക്ഷയാണ് ഇന്ന് പുലര്‍ച്ചെ നടപ്പാക്കിയത്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യു