ബെഗുസരായ്: കേന്ദ്രമന്ത്രി ഗിരിരാജ് സിങ് മാലചാര്‍ത്തിയ അംബേദ്കര്‍ പ്രതിമയില്‍ ഗംഗാജലമൊഴിച്ച് കഴുകി ആര്‍ജെഡി, സിപിഐ പ്രവര്‍ത്തകര്‍. ബിഹാറിലെ ബെഗുസാരായിലാണ് സംഭവം. ഗിരിരാജ് സിങ് മാലയിട്ടതോടെ പ്രതിമ അശുദ്ധമായെന്ന് പറഞ്ഞാണ് പ്രവര്‍ത്തകര്‍ പ്രതിമ കഴുകി വൃത്തിയാക്കിയത്.

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചുള്ള റാലിയില്‍ സംസാരിക്കുന്നതിന് മുന്നോടിയായാണ് ഗിരിരാജ് സിങ് അംബേദ്കര്‍ പ്രതിമയില്‍ മാല ചാര്‍ത്തിയത്. ഇതിന് തൊട്ടടുത്ത ദിവസം സിപിഐ നേതാവ് സനോജ് സരോജിന്‍റെയും ആര്‍ജെഡി നേതാക്കളായ വികാസ് പാസ്വാന്‍റെയും രൂപ് നാരായണ്‍ പാസ്വാന്‍റെയും നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ ഗംഗാജലം കൊണ്ടുവന്ന് പ്രതിമയില്‍ ഒഴിക്കുകയായിരുന്നെന്ന് 'ടൈംസ് നൗ' റിപ്പോര്‍ട്ട് ചെയ്തു. 

Read More: മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ച് റിക്ഷാതൊഴിലാളി; മോദിയുടെ മറുപടി ഇങ്ങനെ

'ജയ് ഭീം, ജയ് ഫൂലെ' എന്ന മുദ്രാവാക്യവുമായാണ് പ്രവര്‍ത്തകര്‍ പ്രതിമയില്‍ ഗംഗാജലം ഒഴിച്ചത്. അംബേദ്കര്‍ എതിര്‍ത്ത കാര്യങ്ങളെ പിന്തുണയ്ക്കുന്നയാളാണ് ഗിരിരാജ് സിങ്. അത്തരത്തിലൊരാള്‍ പ്രതിമയില്‍ മാല ചാര്‍ത്തുന്നത് അംബേദ്കറെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് സിപിഐ, ആര്‍ജെഡി നേതാക്കള്‍ പറഞ്ഞു. കേന്ദ്രമന്ത്രി മനുവാദം പ്രചരിപ്പിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സിഎഎയ്‍‍‍‍‍‍‍‍‍ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ ഇന്ത്യയുടെ വിഭജനത്തിന് മുമ്പുള്ള അന്തരീക്ഷമാണ് ഓര്‍മ്മപ്പെടുത്തുന്നതെന്ന് ബെഗുസരായിലെ ബിജെപി നേതാവ് രാജ് കിഷോര്‍ സിങ് പറഞ്ഞു.