കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ മരിച്ചു, നിരവധി പേര്‍ കുടുങ്ങി കിടക്കുന്നു, ദാരുണ സംഭവം യുപിയിൽ
കെട്ടിടത്തിനടിയിൽ കുടുങ്ങിയ 11 പേരെ രക്ഷപ്പെടുത്തി.
ദില്ലി:ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കെട്ടിടത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. മേല്‍ക്കൂര തകര്‍ന്ന് വീണ് 25ഓളം പേര്‍ അടിയില്‍ കുടുങ്ങി കിടക്കുന്നുവെന്നാണ് വിവരം. സ്ഥലത്ത് ദേശീയ ദുരന്ത നിവാരണ സേനയെടക്കം വിന്യസിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കെട്ടിടത്തിനടിയിൽ കുടുങ്ങിയ 11 പേരെ രക്ഷപ്പെടുത്തി.
കൂടുതല്‍ പേര്‍ കുടുങ്ങി കിടക്കുന്നുണ്ടാകുമെന്നാണ് വിവരം. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. രക്ഷപ്പെടുത്തിയ 11 പേരെ ആശുപത്രികളിലേക്ക് മാറ്റിയെന്നും 25ഓളം പേര്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരമെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും ഉത്തര്‍പ്രദേശ് കളക്ടര്‍ അരവിന്ദ് മല്ലപ്പ അറിയിച്ചു. മേല്‍ക്കൂര തകരാനുണ്ടായ കാരണം വ്യക്തമല്ല. ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്.