മെനുവിൽ രേഖപ്പെടുത്തിയ ഭക്ഷണ സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുമ്പോൾ എന്തിന് സർവീസ് ചാർജ് കൂടി ഈടാക്കുന്നുവെന്ന് ഹൈക്കോടതി ചോദിച്ചു.
ദില്ലി: മെനുവിൽ രേഖപ്പെടുത്തിയ ഭക്ഷണ സാധനങ്ങൾക്ക് കൂടുതൽ വില ഈടാക്കുമ്പോൾ എന്തിന് സർവീസ് ചാർജ് കൂടി ഈടാക്കുന്നുവെന്ന ചോദ്യവുമായി ദില്ലി ഹൈക്കോടതി. ഹോട്ടലുകളും റെസ്റ്റോറന്റുകളും സർവീസ് ചാർജ് നിർബന്ധമാക്കിയതിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കവേയാണ് കോടതി ഈ ചോദ്യമുന്നയിച്ചത്. ജസ്റ്റിസുമാരായ ദേവേന്ദ്ര കുമാർ ഉപാധ്യായയും തുഷാർ റാവു ഗെഡേലയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് റെസ്റ്റോറന്റ് അസോസിയേഷനോട് ഈ ചോദ്യം ചോദിച്ചത്.
പൊതുതാത്പര്യത്തിന് വിരുദ്ധവും അന്യായമായ കച്ചവടരീതിയും ആണെന്ന് ചൂണ്ടിക്കാട്ടി റെസ്റ്റോറന്റുകൾക്ക് നിർബന്ധിത സർവീസ് ചാർജ് ഈടാക്കാൻ കഴിയില്ലെന്ന് മാർച്ചിൽ ഹൈക്കോടതിയിലെ സിംഗിൾ ജഡ്ജ് ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് ഒരു റെസ്റ്റോറന്റിലെ ബിൽ മൂന്ന് ഘടകങ്ങളായി തരംതിരിച്ചാണ് ഉപഭോക്താവിൽ നിന്ന് പണം ഈടാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഭക്ഷണം, റെസ്റ്റോറന്റ് നൽകുന്ന അനുഭവം, സേവനം എന്നിവയാണവ.
'റെസ്റ്റോറന്റ് സന്ദർശിക്കുന്ന വ്യക്തിക്ക് ലഭിക്കുന്ന അനുഭവത്തിന് എംആർപി വിലയേക്കാൾ കൂടുതൽ ഈടാക്കുന്നു. അതോടൊപ്പം നൽകുന്ന സേവനത്തിന് സർവീസ് ചാർജ് ഈടാക്കുന്നു. ഒരു പ്രത്യേക തരം അനുഭവം നൽകുന്നതിൽ നിങ്ങൾ നൽകുന്ന സേവനങ്ങൾ ഉൾപ്പെടുന്നില്ലേ? ഇത് ഞങ്ങൾക്ക് മനസിലാകുന്നില്ല' കോടതി ചോദിച്ചു. വെറും 20 രൂപ വിലയുള്ള ഒരു വെള്ളക്കുപ്പിക്ക് റെസ്റ്റോറന്റുകൾ 100 രൂപ ഈടാക്കുമ്പോൾ, സേവനങ്ങൾക്ക് ഉപഭോക്താവ് എന്തിന് അധിക ചാർജ് നൽകണമെന്ന് കോടതി നാഷണൽ റെസ്റ്റോറന്‍റ് അസോസിയേഷൻ ഓഫ് ഇന്ത്യ (NRAI), ഫെഡറേഷൻ ഓഫ് ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻസ് ഓഫ് ഇന്ത്യ (FHRAI) എന്നിവയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു.
'20 രൂപയുടെ വെള്ളക്കുപ്പിക്ക് നിങ്ങൾ എന്തിനാണ് മെനുവിൽ 100 രൂപ വിലയിടുന്നത്? നൽകുന്ന അനുഭവത്തിന് 80 രൂപ അധികം ഈടാക്കുന്നുവെന്ന് പറയാതെ ഇത് ഇങ്ങനെ ചെയ്യാൻ കഴിയില്ല. ഇത് ഒരു പ്രശ്നമാണ്' കോടതി വ്യക്തമാക്കി. സർവീസ് ചാർജ് ശേഖരിക്കുന്നത് ഉപഭോക്താവിനെ സംബന്ധിച്ച് ഇരട്ട പ്രഹരമാണെന്ന് മാർച്ച് 28ലെ ഉത്തരവിൽ കോടതി പറഞ്ഞിരുന്നു. സർവീസ് ചാർജിന് പുറമെ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (GST) കൂടി നൽകാൻ ഉപഭോക്താക്കൾ നിർബന്ധിതരാകുന്നു. ഉപഭോക്തൃ പരാതികളും ബില്ലുകളും പരിശോധിച്ച കോടതി, സർവീസ് ചാർജ് നിർബന്ധമായി പിരിക്കുന്നത് പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന് കണ്ടെത്തി. അത്തരമൊരു സാഹചര്യത്തിൽ നിശബ്ദമായി ഇരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.


