ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാറോടിച്ചയാൾക്ക് ഹെൽമറ്റില്ലാത്തതിന് പോലീസ് പിഴയിട്ടു. സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ, ഇത് 'മനുഷ്യസഹജമായ പിഴവ്' ആണെന്ന് പോലീസ് വിശദീകരിച്ചു. 

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കാറോടിച്ചയാൾക്ക് ഹെൽമറ്റില്ലാത്തതിന് പിഴയിട്ടു. സെപ്റ്റംബർ എട്ടിനാണ് ഈ വിചിത്രമായ സംഭവം നടന്നത്. ഈ സംഭവം സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വൈറലായ ചലാനിൽ ഒരു കാറിന്‍റെ ഫോട്ടോ കാണാം. രാജനഗർ എക്സ്റ്റൻഷനിലെ അജ്നാര സൊസൈറ്റി ക്രോസിംഗിന് സമീപത്താണ് ഈ സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പിന്നാലെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ഉദ്യോഗസ്ഥൻ അറിയാതെയാണ് കാർ ഡ്രൈവർക്ക് ഹെൽമറ്റില്ലാത്തതിന് പിഴയിട്ടതെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു.

'മനുഷ്യസഹജമായ പിഴവ്'

ഇത് മനുഷ്യസഹജമായ പിഴവ് ആണെന്ന് അഡീഷണൽ ഡിസിപി (ട്രാഫിക്) സച്ചിദാനന്ദ് പ്രതികരിച്ചു. ഇങ്ങനെയെങ്ങനെയാണ് സംഭവിച്ചതെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ട്രാഫിക് സബ് ഇൻസ്പെക്ടർ നോ-പാർക്കിംഗ് സ്ഥലത്ത് പാർക്ക് ചെയ്ത കാറിന്‍റെ ഫോട്ടോയെടുത്തതാണെന്നും, അത് അബദ്ധത്തിൽ ഇരുചക്രവാഹനത്തിന്‍റെ ചലാനിൽ ഉൾപ്പെടുത്തിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാദ്യമായല്ല ഉത്തർപ്രദേശിൽ ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ വർഷം ഗൗതമബുദ്ധ് നഗർ ജില്ലയിൽ കാറോടിച്ചതിന് ഹെൽമറ്റ് ധരിക്കാത്തതിന് മറ്റൊരു യുവാവിന് 1,000 രൂപ പിഴയിട്ടിരുന്നു.