ബിജെപിയെയും കേന്ദ്ര സർക്കാറിനെയും വെട്ടിലാക്കുന്ന പ്രസ്താവനകൾ നടത്തുന്നുവെന്നാണ് ഗഡ്കരിക്കെതിരെ കേന്ദ്ര നേതൃത്വം ആർഎസ്എസിന് മുന്നിൽ അവതരിപ്പിച്ച കുറ്റം. പാർട്ടി ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാതെ വാർത്തകളുടെ തലക്കെട്ടാകാൻ അദ്ദേഹം ശ്രമിക്കുന്നതായി കേന്ദ്ര നേതൃത്വം പരാതിപ്പെട്ടിരുന്നു.
കഴിഞ്ഞയാഴ്ച ബിജെപിയുടെ ഉന്നത സമിതിയായ പാർലമെന്ററി ബോർഡ് പുനസ്സംഘടിപ്പിച്ചപ്പോൾ നിതിൻ ഗഡ്കരിയെ ഒഴിവാക്കിയത് പാർട്ടി പ്രവർത്തകരെ പോലും അമ്പരപ്പിച്ച നീക്കമായിരുന്നു. ബിജെപിയുടെ മുതിർന്ന നേതാവും അതിലുപരി ആർഎസ്എസിന്റെ പൂർണ പിന്തുണയുമുള്ള നേതാവിനെ നീക്കിയതിൽ പലരും മൂക്കത്ത് വിരൽവെച്ചു. കേന്ദ്ര നേതൃത്വത്തെ വെട്ടിലാക്കുന്ന പ്രസ്താവനകൾ നടത്തിയ ഗഡ്കരിയെ വെട്ടിയത് മോദി-അമിത് ഷാ ദ്വന്ദത്തിന്റെ തന്ത്രമായി വിലയിരുത്തപ്പെട്ടു. ഗഡ്കരിയെ ഒഴിവാക്കാനുള്ള കേന്ദ്ര ബിജെപി നേതൃത്വത്തിന്റെ തീരുമാനത്തിന് ആർഎസ്എസ് നേതൃത്വം പച്ചക്കൊടി കാട്ടിയതായാണ് പുതിയ റിപ്പോർട്ട്. ആർഎസ്എസ്-ബിജെപി ഉന്നത നേതാക്കളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. മാനസപുത്രനായിരുന്ന ഗഡ്കരിയെ പാർലമെന്ററി ബോർഡിൽ നിന്ന് ഒഴിവാക്കാനുള്ള അപ്രതീക്ഷിത തീരുമാനം ആർഎസ്എസ് നേതൃത്വത്തിന്റെ സമ്മതത്തോടെയാണ് കേന്ദ്ര നേതൃത്വം കൈക്കൊണ്ടത്. അതുകൊണ്ടുതന്നെ ഗഡ്കരിയുടെ രാഷ്ട്രീയഭാവിയെ സംബന്ധിച്ചും ആശങ്കയുയയർന്നു.

ബിജെപിയെയും കേന്ദ്ര സർക്കാറിനെയും വെട്ടിലാക്കുന്ന പ്രസ്താവനകൾ നടത്തുന്നുവെന്നാണ് ഗഡ്കരിക്കെതിരെ കേന്ദ്ര നേതൃത്വം ആർഎസ്എസിന് മുന്നിൽ അവതരിപ്പിച്ച കുറ്റം. പാർട്ടി ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാതെ വാർത്തകളുടെ തലക്കെട്ടാകാൻ അദ്ദേഹം ശ്രമിക്കുന്നതായി കേന്ദ്ര നേതൃത്വം പരാതിപ്പെട്ടിരുന്നു. തുടർന്ന് ഗഡ്കരിക്ക് സംഘ് നേതൃത്വം മുന്നറിയിപ്പും നൽകിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പലപ്പോഴും ഗഡ്കരിയുടെ വാക്കുകൾ രാഷ്ട്രീയ എതിരാളികൾക്ക് സർക്കാറിനെ അടിക്കാനുള്ള വടിയായി. ഗ്യാലറിക്ക് വേണ്ടിയാണ് ഗഡ്കരി കളിക്കുന്നതെന്ന് പാർട്ടിയിൽ മുറുമുറുപ്പയർന്നു. ഇതോടെയാണ് മുൻ അധ്യക്ഷനെ ഉന്നത സമിതിയിൽ നിന്ന് പുറത്താക്കാൻ ആർഎസ്എസ് നേതൃത്വം സമ്മതം മൂളിയത്. നേതൃത്വത്തെ തള്ളി മുന്നോട്ടുപോയാൽ ഇനിയും നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ഗഡ്കരിയാകട്ടെ, പാർലമെന്ററി ബോർഡിൽ നിന്ന് നീക്കിയതിനെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബിജെപി പാർലമെന്ററി ബോർഡിൽനിന്ന് നിതിൻ ഗഡ്കരിയും ശിവരാജ് സിങ് ചൗഹാനും പുറത്ത്, യെദിയൂരപ്പ അകത്ത്
ഇന്ത്യൻ രാഷ്ട്രീയം അധികാര കേന്ദ്രീകൃതമായെന്നും പൊതുസേവനം ലക്ഷ്യമല്ലെന്നും അതുകൊണ്ടു തന്നെ രാഷ്ട്രീയം വിടാൻ ആഗ്രഹിക്കുന്നുവെന്നും ഗഡ്കരി പറഞ്ഞത് നേതൃത്വത്തെ ചൊടിപ്പിച്ചു. ഗഡ്കരിയുടെ പ്രസ്താവന പ്രതിപക്ഷ കക്ഷികൾ ഏറ്റെടുക്കുകയും ചെയ്തു. 2019ൽ തെരഞ്ഞെടുപ്പിന് മുമ്പെ ജനങ്ങള്‍ക്കു സ്വപ്നങ്ങൾ വിൽക്കുകയും യാഥാർഥ്യം നടപ്പാക്കാൻ പരാജയപ്പെടുകയും ചെയ്യുന്നവരെ ജനം പൊതുമധ്യത്തിൽ മർദ്ദിക്കുമെന്ന പ്രസ്താവനയും പാർട്ടിയുടെ അപ്രീതിക്ക് കാരണമായി. ബിജെപിയുടെ കേന്ദ്രനേതൃത്വത്തോടുള്ള അതൃപ്തി വെളിവാക്കുന്ന പ്രസ്താവനകൾ പിന്നീടും നടത്തി. പാർലമെന്ററി ബോർഡിൽനിന്ന് ഒഴിവാക്കിയതിന് പിന്നാലെ, ഗഡ്കരി വീണ്ടും രംഗത്തെത്തി. സർക്കാർ ശരിയായ സമയത്ത് തീരുമാനങ്ങള്‍ എടുക്കുന്നില്ലെന്നും ബിജെപി അധികാരത്തിൽ എത്തിയതിന് വാജ്പേയി, അഡ്വാനി, ദീൻദയാൽ ഉപാധ്യായ എന്നിരാണ് കാരണക്കാരെന്നും ഗഡ്കരി തുറന്നടിച്ചു. ഇതെല്ലാം കേന്ദ്ര നേതൃത്വത്തെ ചൊടിപ്പിച്ചു.

ആർഎസ്എസ് നേതൃത്വവും കൈവിടുന്നതോടെ ഗഡ്കരിയുടെ രാഷ്ട്രീയ ഭാവി എന്താകുമെന്ന് പ്രവചിക്കുക സാധ്യമല്ല. പൊതുവെ സൗമ്യനും എല്ലാ വിഭാഗങ്ങൾക്കിടയിലും സ്വീകാര്യതയുമുള്ള നേതാവാണെന്നതാണ് അദ്ദേഹത്തിനുള്ള പ്ലസ് പോയിന്റ്. മുഖ്യമന്ത്രിമാരെ ബോർഡിൽ ഉൾപ്പെടുത്തേണ്ടെന്ന തീരുമാനത്തിന്റെ ഭാഗമായാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പാർലമെന്ററി ബോർഡിൽ നിന്ന് ഒഴിവാക്കിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ബോർഡിൽ ഉൾപ്പെടുത്തിയില്ല.
