Asianet News MalayalamAsianet News Malayalam

പാഞ്ചജന്യം ആർഎസ്എസിന്റെ മുഖപത്രമല്ലെന്ന് നേതൃത്വം; ഇൻഫോസിസ് മഹത്തായ കമ്പനിയെന്നും വിശദീകരണം

വിദേശത്തെ തങ്ങളുടെ ക്ലയന്റുകളോട് ഇത്തരത്തിൽ ഉദാസീനമായ സമീപനം സ്വീകരിക്കാൻ ഇൻഫോസിസ് മാനേജ്‌മെന്റിന് ധൈര്യമുണ്ടാവുമോ എന്നതാണ്  ലേഖനത്തിലെ ഒരു പ്രധാന ചോദ്യം.

RSS says Panchajanya is not a sangh mouth piece applauds infosys for the seminal contributions to the country
Author
Delhi, First Published Sep 6, 2021, 12:25 PM IST
  • Facebook
  • Twitter
  • Whatsapp

ദില്ലി: പാഞ്ചജന്യം എന്ന ഹിന്ദി വാരിക രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ നിലപാടുകൾ പ്രതിഫലിപ്പിക്കുന്ന ആനുകാലികമല്ല എന്ന് ആർഎസ്എസ്. കഴിഞ്ഞയാഴ്ച ചന്ദ്രപ്രകാശ് എഴുതി പാഞ്ചജന്യം പ്രസിദ്ധീകരിച്ച 'സാഖ് ആർ ആഘാത്'  - 'പ്രസിദ്ധിയും, പ്രത്യാഘാതങ്ങളും' എന്ന നാലുപേജുള്ള മുഖലേഖനത്തിൽ ആദായ നികുതി വകുപ്പിന്റെ ഈ ഫയലിംഗ് പോർട്ടൽ നടത്തിപ്പിന്റെ കരാർ എടുത്ത ഇൻഫോസിസ് പ്രകടിപ്പിച്ചത് കുറ്റകരമായ കെടുകാര്യസ്ഥതയാണ് എന്നൊരു വിമർശനം ഉയർത്തപ്പെട്ടിരുന്നു.  ജൂൺ ഏഴാം തീയതി മുതൽ ലൈവ് ആയ ഈ പോർട്ടലിൽ തുടർച്ചയായ സാങ്കേതികപ്രശ്നങ്ങൾ കാരണം അടുത്ത ദിവസം മുതൽ തന്നെ നികുതിദായകരിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. പോർട്ടലിൽ പലപ്പോഴും ഇ ഫയലിംഗ് നടത്താൻ പറ്റുന്നില്ല എന്നും, പ്രവർത്തിക്കുന്ന സമയത്തുതന്നെ അത് വളരെ പതുക്കെയാണ് എന്നുമായിരുന്നു പ്രധാന പരാതി. 

നാരായണ മൂർത്തിയുടെ ചിത്രം സഹിതം പ്രസിദ്ധീകൃതമായ പാഞ്ചജന്യത്തിലെ ലേഖനത്തിൽ ഉടനീളം ഇൻഫോസിസിന്റെ പ്രവർത്തന രീതിയുടെ പ്രൊഫഷണലിസത്തെപ്പോലും ചോദ്യം ചെയ്യുന്നുണ്ട് ലേഖകൻ. വിദേശത്തെ തങ്ങളുടെ ക്ലയന്റുകളോട് ഇത്തരത്തിൽ ഉദാസീനമായ സമീപനം സ്വീകരിക്കാൻ ഇൻഫോസിസ് മാനേജ്‌മെന്റിന് ധൈര്യമുണ്ടാവുമോ എന്നാണ് അദ്ദേഹം ലേഖനത്തിൽ ഉന്നയിച്ച ഒരു പ്രധാന ചോദ്യം. ഇൻഫോസിസിന്റെ ഈ ക്രിയാശേഷിക്കുറവ് നാട്ടിലെ പരസഹസ്രം ജനങ്ങളുടെ ജീവിതങ്ങളിൽ ഗുരുതരമായ ആഘാതമാണ് ഉണ്ടാക്കാൻ പോവുന്നതെന്നും അദ്ദേഹം അടിവരയിട്ടു പറയുന്നുണ്ട്. 

അതേസമയം, പാഞ്ചജന്യം ലേഖനത്തോട് പ്രതികരിച്ചു കൊണ്ട്,  ആർഎസ്എസിന്റെ അഖിലേന്ത്യാ പബ്ലിസിറ്റി തലവനായ സുനിൽ അംബേദ്‌കർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്, "പാഞ്ചജന്യം സംഘിന്റെ മൗത്ത് പീസ് അല്ല. ഇൻഫോസിസിനെക്കുറിച്ചുള്ള ലേഖനത്തെയും അതിൽ പറഞ്ഞിട്ടുള്ള ആക്ഷേപങ്ങളെയും ആർഎസ്എസുമായി ബന്ധിപ്പിക്കേണ്ടതില്ല" എന്നായിരുന്നു.

പരാതികൾ കാരണം ധനമന്ത്രി നിർമല സീതാരാമൻ അടക്കമുള്ള പ്രമുഖരുടെ നിശിതവിമർശനങ്ങൾക്കാണ്  കഴിഞ്ഞ ദിവസങ്ങളിൽ ഇൻഫോസിസ് മാനേജ്‌മെന്റ് ഇരയായത്. ഇൻഫോസിസ് എംഡിയും സിഇഒയുമായ സലിൽ പരേഖിനെ കഴിഞ്ഞ ഓഗസ്റ്റ് 23 -ന് നേരിട്ട് വിളിച്ചു വരുത്തിയും നിർമല സീതാരാമൻ മറുപടി ആവശ്യപ്പെട്ടിരുന്നു. നിരവധി പേർക്ക് ഒരേസമയം ഉപയോഗിക്കാവുന്ന തരത്തിൽ, കുറ്റമറ്റ രീതിയിൽ തികച്ചും പ്രൊഫഷണൽ ആയ ഒരു വെബ്‌സൈറ്റ് ചെയ്യാനും, നടത്താനുമുള്ള ഇൻഫോസിസിന്റെ കാര്യക്ഷമതയെ തന്നെ സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന രീതിയിലുള്ള ആക്ഷേപങ്ങളും ഉയർന്നു വരികയുണ്ടായി. 

ഈ സാഹചര്യത്തിൽ ഇന്ഫോസിസിനെ വിമർശിച്ചുകൊണ്ട് പാഞ്ചജന്യം പ്രസിദ്ധീകരിച്ച മുഖലേഖനത്തിൽ, ഇൻഫോസിസ് യഥാർത്ഥത്തിൽ 'ടുക്ഡേ ടുക്ഡേ ഗ്യാങ്ങി'നുവേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും, ഇൻഫോസിസ് രാജ്യദ്രോഹികൾക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത് എന്നും, ചന്ദ്രപ്രകാശ്  ആക്ഷേപിച്ചിരുന്നു. നക്സലുകൾ, ഇടതുപക്ഷക്കാർ എന്നിവരെയും നാട്ടിൽ വർഗീയ വിഭാഗീയത പരത്തുന്നവരെയും ഇൻഫോസിസിന്റെ ഫണ്ടിങ് സ്വീകരിക്കുന്ന എൻജിഒകൾ സഹായിച്ചു പോരുന്നുണ്ട് എന്നും ലേഖനം ആരോപിക്കുന്നുണ്ട്. നന്ദൻ നിലേകാനി എന്ന ഇൻഫോസിസിന്റെ പ്രധാന പ്രൊമോട്ടർമാരിൽ ഒരാൾ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചയാളാണ് എന്നും, സ്ഥാപകനായ നാരായണമൂർത്തിക്ക് കേന്ദ്ര സർക്കാരിനോടുള്ള വിരോധവും പരസ്യമായ രഹസ്യമാണ് എന്നും ഇൻഫോസിസ് പോലെ രാജ്യസ്നേഹമില്ലാത്ത ഒരു കമ്പനിക്ക് സർക്കാരിന്റെ നിർണായകമായ പ്രോജക്ടുകൾ നൽകപ്പെട്ടാൽ അതിൽ ചൈനയുടെയും ഐസിസിന്റെ പോലും ഇടപെടലുകളുണ്ടാവാൻ സാധ്യതയുണ്ട് എന്നുമൊക്കെ പാഞ്ചജന്യം ലേഖനത്തിൽ എഴുതിയിട്ടുണ്ട്.

 

RSS says Panchajanya is not a sangh mouth piece applauds infosys for the seminal contributions to the country

 

ലേഖനത്തിനു പിന്നാലെ പാഞ്ചജന്യത്തിന്റെ എഡിറ്റർ ആയ ഹിതേഷ് ശങ്കർ ട്വീറ്റ് ചെയ്തത്, "കമ്പനിയുടെ പണി സോഫ്റ്റ്‌വെയർ ഉണ്ടാക്കലാണോ, സമൂഹത്തിൽ അസ്വാരസ്യം ഉണ്ടാക്കലാണ് എന്ന് ഇൻഫോസിസ് വ്യക്തമാക്കണം" എന്നായിരുന്നു.

 

 

പാഞ്ചജന്യത്തിന്റെ ഈ ലേഖനത്തിലെ നിലപാടിനെ പാടേ തള്ളിപ്പറഞ്ഞുകൊണ്ടുള്ള ഒരു പ്രതികരണമാണ് ഇപ്പോൾ ആർഎസ്എസിന്റെ കേന്ദ്ര നേതൃത്വത്തിൽ നിന്നുണ്ടായിട്ടുള്ളത്. രാഷ്ട്രപുരോഗതിക്ക് സമാനതകളില്ലാത്ത സംഭാവനകൾ നൽകിയിട്ടുള്ള ഒരു ഐടി സ്ഥാപനമാണ് ഇൻഫോസിസ് എന്നും തന്റെ ട്വീറ്റിൽ സുനിൽ അംബേദ്‌കർ ചൂണ്ടിക്കാട്ടുന്നു. പോർട്ടലിന്റെ നിലവിലെ പ്രവർത്തനങ്ങളിൽ കുറവുകളും കുറ്റങ്ങളും ഉണ്ടാവാം, പക്ഷെ അതേപ്പറ്റിയുള്ള പാഞ്ചജന്യം ലേഖനം, അതെഴുതിയ വ്യക്തിയുടെ അഭിപ്രായം മാത്രമാണ് സൂചിപ്പിക്കുന്നത്. ആർഎസ്എസിന്റേതല്ല." എന്നും അദ്ദേഹം എഴുതി. 

 

 

 

Follow Us:
Download App:
  • android
  • ios