സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിൻ്റെ ഫേസ്ബുക്ക് അക്കൗണ്ട് സസ്പെൻഡ് ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന് അക്കൗണ്ട് പുനഃസ്ഥാപിച്ചു. കേന്ദ്രസർക്കാർ എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നതിൻ്റെ ഭാഗമാണെന്ന് സമാജ്‌വാദി പാർട്ടി

ദില്ലി: സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്‍റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. അക്രമ സംഭവങ്ങളും, ലൈംഗിക ചുവയുള്ള ഉള്ളടക്കങ്ങളും പോസ്റ്റ് ചെയ്‌തതിൻ്റെ പേരിലാണ് നടപടിയെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. ഇന്നലെ വൈകുന്നേരം 6 മണിക്കാണ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതത്. സംഭവം വൻ വിവാദമായതിന് പിന്നാലെ ഇന്ന് രാവിലെയോടെ അക്കൗണ്ട് പുനഃസ്ഥാപിച്ചു.

ഫെയ്‌സ്ബുക് നടപടി എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്ന കേന്ദ്രസർക്കാർ നയത്തിൻ്റെ ഭാഗമെന്ന് സമാജ്‌വാദി പാർട്ടി നേതൃത്വം വിമർശിച്ചു. അതേസമയം കേന്ദ്രസര്‍ക്കാരിന് ഇക്കാര്യത്തിൽ ഒരു പങ്കുമില്ലെന്നും മെറ്റയുടെ ഉള്ളടക്ക നയം ലംഘിച്ചതിന് ഫെയ്സ്ബുക്ക് സ്വമേധയാ എടുത്ത നടപടിയാണെന്നും ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. 8 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് പൊടുന്നനെ സമൂഹമാധ്യമത്തിൽ നിന്ന് അപ്രത്യക്ഷമായത്.

ബല്ലിയ റിക്രൂട്ട്‌മെന്റ് വിവാദത്തിൽ തൻ്റെ അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റുകളും മാധ്യമപ്രവർത്തകൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട പോസ്റ്റുകളുമാണ് നടപിടിക്ക് കാരണമെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. ജനങ്ങളുമായി സംവദിക്കാൻ തുടർച്ചയായി സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി അഖിലേഷ് യാദവ് പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്.