Asianet News MalayalamAsianet News Malayalam

ഒരേ ലക്ഷണങ്ങൾ! ചുണ്ട് കറുത്തു, തലയിലും നടുവിനും കടുത്ത വേദന! കുടുംബത്തിലെ 5 പേരെ യുവതികൾ കൊന്നത് വിഷം നൽകി!

മഹാരാഷ്ട്രയിലും കൂടത്തായി മോഡൽ കൂട്ടക്കൊല. ഗച്ച്റോളിയിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടത്. കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കുടുംബത്തിലെ രണ്ട് സ്ത്രീകൾ അറസ്റ്റിലായി. 

Same symptoms severe pain in the head and middle young womans killed 5 members of the family by giving poison ppp
Author
First Published Oct 20, 2023, 10:35 AM IST

മുംബൈ: മഹാരാഷ്ട്രയിലും കൂടത്തായി മോഡൽ കൂട്ടക്കൊല. ഗച്ച്റോളിയിലാണ് ഒരു കുടുംബത്തിലെ അഞ്ച് പേർ കൊല്ലപ്പെട്ടത്. കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട്  കുടുംബത്തിലെ രണ്ട് സ്ത്രീകൾ അറസ്റ്റിലായി. ഒരു മാസത്തിനിടെ ആയിരുന്നു എല്ലാവരും കൊല്ലപ്പെട്ടത്. അഞ്ചുപേരേയും കൊലപ്പെടുത്തിയത് വിഷം നൽകിയാണ്. അകന്ന ബന്ധുക്കളായ സംഘമിത്ര കുംഭാരെ, റോസ രാംടെകെ എന്നിവരാണ് പ്രതികൾ. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.

സെപ്തംബർ 26 നും ഒക്ടോബർ 15 നും ഇടയിലാണ്  അഹേരി തഹസിൽ കീഴിലുള്ള മഹാഗാവ് ഗ്രാമവാസിയായ ശങ്കർ പി കുംഭാരെയും കുടുംബത്തിലെ നാല് അംഗങ്ങളും സമാന രോഗലക്ഷണങ്ങളോടെ മരിച്ചത്. ഒരേ രോഗലക്ഷണങ്ങളോടെയുള്ള മരണമാണ് സംശയത്തിന് ഇടയാക്കിയതെന്ന് ഗഡ്ചിറോളി എസ്പി നീലോത്പാൽ പറഞ്ഞു. കുടുംബാംഗങ്ങൾക്ക് പെട്ടെന്ന് അസുഖം വരുന്നു, അതിവേഗം അവരുടെ നില ഗുരുതരവുകയും, ചികിത്സയ്ക്കായി നാഗ്പൂരിലെയും മറ്റ് സ്ഥലങ്ങളിലെയും ആശുപത്രികളിൽ എത്തിച്ചിട്ടും അവർ മരിക്കുകയും ചെയ്യുന്നു. ഗദാഹേരിയിൽ താമസക്കാരനായ ശങ്കർ കുംഭാരെ, ഭാര്യ വിജയ, മകൻ റോഷൻ കുംഭാരെ, മകൾ കോമൾ ദഹാഗോങ്കർ എന്നിവരും വീടിനടുത്ത് താമസിച്ചിരുന്ന മറ്റൊരു മകൾ വർഷ ഉറാഡെയുമായിരുന്നു ഇത്തരത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്.

കഴിഞ്ഞ സെപ്തംബർ 20ന്  ആരോഗ്യനില വഷളായ ശങ്കറിനെയും ഭാര്യ വിജയയെയും അഹേരിയിലെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അവരെ നാഗ്പൂരിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയ്ക്കിടെ സെപ്റ്റംബർ 26 ന് ശങ്കറും അടുത്ത ദിവസം ഭാര്യയും മരിച്ചു. ദിവസങ്ങൾക്കുള്ളിൽ, കോമൾ, റോഷൻ, വർഷ എന്നിവരെയും സമാന രീതിയിൽ അസുഖബാധിതരായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അവരുടെയും അവസ്ഥ ക്രമേണ വഷളാവുകയായിരുന്നു. ഒടുവിൽ ഒക്‌ടോബർ എട്ടിന് കോമളും പിറ്റേന്ന് വർഷയും ഒക്‌ടോബർ 15ന് റോഷൻ കുംഭാരെയും മരണത്തിന് കീഴടങ്ങി.  

ചികിത്സയ്ക്കിടെ അഞ്ച് പേരും ആശുപത്രികളിൽ മരിച്ച രീതി ദുരൂഹത ഉയർത്തിയതിനെ തുടർന്നാണ് നാല് സംഘങ്ങളെ നിയോഗിച്ച് അന്വേഷണം നടത്തിയത്. എല്ലാവർക്കും ലക്ഷണങ്ങൾ സമാനമായിരുന്നു. കൈകാലുകളിൽ ഇക്കിളി, കടുത്ത നടുവേദനയും തലവേദനയും, ചുണ്ടുകൾ കറുക്കുക, നാവ് വീർത്ത് വരിക തുടങ്ങിയവയായിരുന്നു ലക്ഷണങ്ങൾ. വിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പ്രാഥമിക പരിശോധനയിൽ വിഷത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചിരുന്നില്ല. 

Read more:  32 മൊബൈൽ ഫോൺ, 48 ലാപ്ടോപ്പും ഉൾപ്പെടെ പിടികൂടി സിബിഐ, ഓപ്പറേഷൻ ചക്ര 2 റെയ്ഡ്; കേരളമടക്കം രാജ്യത്തെ 76 ഇടങ്ങളിൽ

കുടുംബത്തിന്റെ എതിർപ്പ് മറികടന്നാണ് സംഘമിത്ര റോഷൻ കുംഹാരയെ വിവാഹം ചെയ്തതത്. ഭർതൃവീട്ടിലുള്ളവർ തന്നെ ഉപദ്രവിച്ചുവെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. കൊല്ലപ്പെട്ട ശങ്കർ കുംഭാരെയുടെ ഭാര്യാസഹോദരന്റെ ഭാര്യയാണ് റോസ രാംടെകെ. ശങ്കറിന്റെ ഭാര്യ വിജയയുമായി പൂർവിക സ്വത്ത് സംബന്ധിച്ച് തർക്കങ്ങളുണ്ടായിരുന്നു. വ്യത്യസ്ത കാരണങ്ങളുമായാണ് ഇരുവരും പകവീട്ടാനിറങ്ങിയത്. കൊല നടത്താൻ തെലങ്കാനയിൽ പോയി പ്രത്യേക വിഷം കണ്ടെത്തിയതായി പ്രതികൾ പറഞ്ഞതായി എസ്പി നീലോത്പാൽ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios