ദില്ലി: ദില്ലി നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റേത് മോശം പ്രകടനമായിരിക്കുമെന്ന് വിലയിരുത്തി കോണ്‍ഗ്രസ് നേതാവും ദില്ലി മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്‍റെ മകനുമായ സന്ദീപ് ദീക്ഷിത്. ദില്ലിയിലെ പ്രകടനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഘടകത്തെ വിമര്‍ശിക്കുകയാണ് അദ്ദേഹം. 

''ഞാന്‍ വിശ്വസിക്കുന്നത് കോണ്‍ഗ്രസിന്‍റെ പ്രകടനം വളരെ മോശം ആയിരിക്കുമെന്നാണ്. എനിക്ക് അത് സെപ്തംബര്‍ മുതല്‍ തന്നെ അറിയാമായിരുന്നു''വെന്നും ദീക്ഷിത് വാര്‍ത്താ ഏജന്‍സിയായ എഎന്‍‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.  

സംഘടനയില്‍ ദില്ലിയുടെ ചുമതലയുള്ളവരില്‍ അശ്രദ്ധയുണ്ടായി. ദില്ലി കോണ്‍ഗ്രസില്‍നിന്നും എഐസിസിയില്‍ നിന്നുമുള്ള രണ്ട് മൂന്ന് പേര്‍ക്കാണ് ഇതിന്‍റെ ഉത്തരവാദിത്വം. 

ദില്ലി തെരഞ്ഞെടുപ്പില്‍ 2015 ന് സമാനമായി ഒരു സീറ്റില്‍ പോലും മുമ്പിലെത്താന്‍ കോണ്‍ഗ്രസിനായിട്ടില്ല. അന്തിമ ചിത്രം പുറത്തുവരാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇനിയൊരു സീറ്റിലെങ്കിലുമുള്ള വിജയം പോലും കോണ്‍ഗ്രസിന് പ്രതീക്ഷിക്കാനുമാകില്ല. അതേസമയം 58 സീറ്റുകളിലാണ് ആംആദ്മി ലീഡ് നിലനിര്‍ത്തിയിരിക്കുന്നത്. 12 പേരുടെ മുന്നേറ്റവുമായി ബിജെപിയും.