ബെംഗളൂരു:  ബെംഗളൂരു ജയിലില്‍ കഴിയുന്ന വി ശശികലയ്‍ക്ക് ദേഹാസ്വാസ്ഥ്യം. പരപ്പന അഗ്രഹാര ജയിലിൽ നിന്നും ശശികലയെ ആശുപത്രിയിലേക്ക് മാറ്റി. നേരത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് ജയിലില്‍ നിരീക്ഷണത്തിൽ ആയിരുന്നു ശശികല.

അനധികൃത സ്വത്ത് സമ്പാദന കേസിൽ ശിക്ഷ അനുഭവിക്കുന്ന ശശികലയുടെ ജയിൽ മോചനം ഈ മാസം 27-നുണ്ടാകുമെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ശശികലയുടെ അസുഖ വിവരം പുറത്തുവരുന്നത്. ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കയാണ് ശശികലയുടെ മോചന വാർത്ത എത്തിയത്.  അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. സുപ്രീം കോടതി വിധിച്ച പത്ത് കോടി രൂപയുടെ പിഴ ബംഗ്ലൂരു പ്രത്യേക കോടതിയിൽ ശശികല അടച്ചിരുന്നു. ഇതോടെയാണ് മോചനത്തിന് വഴി തെളിഞ്ഞത്.