Asianet News MalayalamAsianet News Malayalam

രാഹുലിനെതിരായ സരിതയുടെ തെരഞ്ഞെടുപ്പ് ഹർജി സുപ്രീംകോടതി തള്ളി

കേസിൽ പരാതിക്കാരിയും അഭിഭാഷകനും തുടർച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. 

SC rejected the petition by sarita s nair against rahul gandhi
Author
Delhi, First Published Nov 2, 2020, 1:47 PM IST

ദില്ലി: വയനാട് സീറ്റിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് സോളാർ കേസ് പ്രതിയായിരുന്ന സരിത എസ് നായർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. കേസിൽ പരാതിക്കാരിയും അഭിഭാഷകനും തുടർച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. 

ലോക്സഭാ തെരഞ്ഞെടുപ്പിൽ സരിത എസ് നായർ വയനാട്ടിൽ നിന്നും എറണാകുളത്ത് നിന്നും മത്സരിക്കാനായി അപേക്ഷ നൽകിയിരുന്നുവെങ്കിലും ക്രിമിനൽ കേസിൽ പ്രതിയാണെന്നതും രണ്ട് കേസിലും ശിക്ഷ വിധി വന്നതാണെന്നും ചൂണ്ടിക്കാട്ടി നാമനിർദേശ പത്രികകൾ തള്ളപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വയനാട്ടിൽ നിന്നുള്ള രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജയം അസാധുവാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് സരിത സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 

എന്നാൽ തുടർനടപടികൾക്കായി സുപ്രീംകോടതി പലവട്ടം കേസ് വിളിച്ചെങ്കിലും ഒരിക്കൽ പോലും പരാതിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ ഹാജരായില്ല. കോടതി നടപടികൾ ആരംഭിച്ച ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നും ഈ കേസ് പരിഗണിച്ചെങ്കിലും ആരും ഹാജരായില്ല. തുടർന്ന് മറ്റു കേസുകളിലേക്ക് കടന്ന കോടതി പിന്നെയും ഈ കേസ് വിളിച്ചു അപ്പോഴും ആരും കേസിനായി ഹാജരായില്ല. ഇതോടെയാണ് ഹർജി തള്ളാനും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയ പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. 
 

Follow Us:
Download App:
  • android
  • ios