Asianet News MalayalamAsianet News Malayalam

കർണാടകയിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോക്കിടെ സുരക്ഷാ വീഴ്ച, വീഡിയോ

ആൾക്കൂട്ടത്തിനിടയിൽ നിന്നും യുവാവ് ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിക്ക് അരികിലെത്തി. കയ്യിൽ മാലയുമായാണ് യുവാവ് ഓടിയെത്തിയത്.

Security Breach During PM Modi Roadshow In Karnataka
Author
First Published Jan 12, 2023, 5:22 PM IST

ബംഗ്ലൂരു: കർണാടകയിലെ ഹുബ്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോക്കിടെ ഗുരുതര സുരക്ഷാ വീഴ്ച. ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി ഹുബ്ലിയിലെത്തിയപ്പോഴാണ് സംഭവം. ആൾക്കൂട്ടത്തിനിടയിൽ നിന്നും യുവാവ് ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിക്ക് അരികിലെത്തി. സുരക്ഷാ ജീവനക്കാർ ഇയാളെ ബലം പ്രയോഗിച്ച് നീക്കി.

ഹുബ്ലി വിമാനത്താവളത്തിൽ നിന്ന് റെയിൽവേ സ്പോർട്സ് ഗ്രൗണ്ടിലേക്ക് റോഡ് ഷോ ആയാണ് പ്രധാനമന്ത്രി എത്തിയത്. വാഹനത്തിൽ നിന്ന് ആൾക്കൂട്ടത്തെ നോക്കി കൈവീശിക്കൊണ്ടാണ് മോദി പരിപാടി നടക്കുന്ന വേദിയിലേക്ക് എത്തിയത്. ഇതിനിടെ, ആൾക്കൂട്ടത്തിനിടയിൽ നിന്നും യുവാവ് ബാരിക്കേഡ് മറി കടന്ന് പ്രധാനമന്ത്രിക്ക് അരികിലെത്തി. കയ്യിൽ മാലയുമായാണ് യുവാവ് ഓടിയെത്തിയത്.

 

യുവാവ് കൊണ്ടുവന്ന മാല പ്രധാനമന്ത്രിയുടെ കയ്യിൽ ഉടക്കി. സുരക്ഷാ ജീവനക്കാർ ഉടൻ തന്നെ ഇയാളെ ബലം പ്രയോഗിച്ച് നീക്കി. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി റോഡിൽ കനത്ത സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ഇതിനിടെയാണ് ഈ സുരക്ഷാ വീഴ്ചയുണ്ടായത്. യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. 

നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കർണാടകയിൽ പ്രധാനമന്ത്രി ന്ദര്‍ശനം നടത്തുന്നത്. കർണാടകയിലെ ഹുബ്ളിയിൽ നടക്കുന്ന ഇരുപത്തിയാറാമത്‌ ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു മോദി. അഞ്ച് ദിവസം നീളുന്ന യുവജനോത്സവത്തിൽ 28 സംസ്ഥാനങ്ങളിൽ നിന്നായി 7500 പേരാണ് പങ്കെടുക്കുന്നത്. മോദിക്കൊപ്പം ഗവർണർ തവർചന്ദ് ഗെഹലോട്ട്, മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് എന്നിവരും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios