Asianet News MalayalamAsianet News Malayalam

'ഞാനിതുവരെ ജയിലില്‍ കിടന്നിട്ടില്ല, വേണ്ടിവന്നാല്‍ അതിനും തയ്യാറാണ്'; സഹകരണ ബാങ്ക് അഴിമതിക്കേസിൽ ശരദ് പവാര്‍

അമിത് ഷായ്ക്കും ബിജെപിക്കുമെതിരെ നടത്തിയ  പരാമര്‍ശങ്ങളാണ് ബാങ്ക് കുംഭകോണക്കേസില്‍ താന്‍ പ്രതിയാകാന്‍ കാരണമെന്നാണ് ശരദ് പവാര്‍ പരോക്ഷമായി പറഞ്ഞുവയ്ക്കുന്നത്. തെരഞ്ഞെടുപ്പിന് ഒരു മാസം പോലും ബാക്കിയില്ലെന്നിരിക്കെ ഇങ്ങനെയൊരു നീക്കം ഉണ്ടായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു എന്നും പവാര്‍ പറയുന്നു.

sharad pawar response to correption case against him in relation with maharashtra state cooperative bank
Author
Delhi, First Published Sep 25, 2019, 3:59 PM IST

ദില്ലി: തനിക്കെതിരായ സഹകരണ ബാങ്ക് അഴിമതിക്കേസിൽ പ്രതികരണവുമായി എൻസിപി അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍.  തന്നെ ജയിലിൽ അയക്കാൻ ആരെങ്കിലും താൽപര്യപ്പെടുന്നെങ്കിൽ അതിനെ സ്വാഗതം ചെയ്യുന്നു. മുമ്പൊരിക്കലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. ജയിലിൽ പോകണമെങ്കിൽ അതിനും തയ്യാറാണ് എന്നും അദ്ദേഹം പ്രതികരിച്ചു.

മഹാരാഷ്ട്ര സഹകരണ ബാങ്കില്‍ ആയിരം കോടിയിലേറെ രൂപയുടെ കുംഭകോണം നടന്നതുമായി ബന്ധപ്പെട്ടാണ് ശരദ് പവാറിനെതിരെ എന്‍ഫോഴ്സ്മെന്‍റ് കഴിഞ്ഞ ദിവസം കേസെടുത്തത്. അദ്ദേഹത്തിന്‍റെ മരുമകനും മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.  മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസിന്‍റെ ഘടകക്ഷിയായ എന്‍സിപിയുടെ നേതാക്കള്‍ക്കെതിരായ, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ നീക്കം. ഒക്ടോബര്‍ 21നാണ് മഹാരാഷ്ട്രയില്‍ തെര‍ഞ്ഞെടുപ്പ്.

Read Also: സഹകരണബാങ്ക് തട്ടിപ്പ്: ശരത് പവാറിനെതിരെ എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തു

കോണ്‍ഗ്രസ്-എന്‍സിപി സഖ്യം ബിജെപിക്കും ശിവ്സേനയ്ക്കുമെതിരെ ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയുണ്ടായ ഈ നീക്കം അതിശയകരമല്ലെന്നാണ് പവാര്‍ പറയുന്നത്. വിവിധയിടങ്ങളില്‍ പ്രചാരണത്തിനെത്തുമ്പോള്‍ ലഭിക്കുന്ന സ്വീകരണം അനുസരിച്ച് ഇങ്ങനെയൊരു കേസ് തനിക്കെതിരെ ഉണ്ടായില്ലെങ്കിലേ അതിശയമുള്ളു എന്നാണ് പവാറിന്‍റെ പ്രതികരണം. 

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ശരദ് പവാര്‍ രൂക്ഷവിമര്‍ശനം നടത്തിയിരുന്നു.  ശരദ് പവാര്‍ മഹാരാഷ്ട്രക്കു വേണ്ടി എന്തു ചെയ്തു എന്ന അമിത് ഷായുടെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "ബിജെപിയില്‍ നിന്നുള്ള ഒരു നേതാവ് ചോദിക്കുന്നത് മഹാരാഷ്ട്രയ്ക്കു വേണ്ടി ഞാനെന്തു ചെയ്തു എന്നാണ്. ഞാനൊരു കാര്യം പറയാന്‍ ആഗ്രഹിക്കുകയാണ്. ചെയ്തുകൂട്ടിയ നല്ലതോ ചീത്തയോ ആയ കാര്യങ്ങള്‍ക്കു വേണ്ടി ശരദ് പവാറിന് ഇന്നുവരെ ജയിലില്‍ കിടക്കേണ്ടി വന്നിട്ടില്ല. മാസങ്ങളായി ജയിലില്‍ കിടന്ന നേതാക്കളാണ് ചോദിക്കുന്നത്,  ഞാനെന്താണ് ചെയ്തതെന്ന്!" തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പവാറിന്‍റെ ഈ പ്രതികരണം.

Read Also: മഹാരാഷ്ട്രയില്‍ ബിജെപിക്കെതിരായ ജനവികാരം; എന്‍സിപി അധികാരത്തിലെത്തുമെന്നും ശരദ് പവാര്‍

എന്താണ് മഹാരാഷ്ട്ര സഹകരണ ബാങ്ക് കുംഭകോണം

2007- 2011 കാലത്ത് നടത്തിയ സാമ്പത്തിക ഇടപാടുകളിലൂടെ മഹാരാഷ്ട്ര സഹകരണ ബാങ്കിന് 1000 കോടി രൂപ ബാധ്യതയുണ്ടാക്കിയെന്നതാണ് ശരദ് പവാറിനും മരുമകനുമെതിരായ കേസ്. ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം മഹാരാഷ്ട്ര പൊലീസ് നേരത്തെ തന്നെ ഇരുവര്‍ക്കുമെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തിരുന്നു. ആ കേസില്‍ 77 പ്രതികളാണുള്ളത്.

ശരദ് പവാര്‍ ഉള്‍പ്പെട്ട ഭരണസമിതി, ബാങ്കില്‍ നിന്ന് പഞ്ചസാര ഫാക്ടറികള്‍ക്ക് നല്‍കിയ വായ്പകളിലും മറ്റും വലിയ തോതില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് ആരോപണം. പ്രാഥമിക പരിശോധനകളോ അന്വേഷണമോ നടത്താതെയാണ് പല വായ്പകളും ബാങ്ക് അനുവദിച്ചത്. ഇങ്ങനെ വന്‍ തുക വായ്പയായി ലഭിച്ചത് രാഷ്ട്രീയനേതാക്കളുടെ ബന്ധുക്കള്‍ക്കാണെന്നും ആരോപണമുണ്ട്.

ബാങ്ക് ഭരണസമിതിക്കെതിരെ രൂക്ഷവിമര്‍ശനമാണ് നബാര്‍ഡിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ടിലുള്ളത്. ഭരണസമിതിയുടെ തെറ്റായ നടപടികളാണ് ബാങ്കിനെ വന്‍ സാമ്പത്തികബാധ്യതയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബാങ്കിംഗ് നിയമങ്ങളും ആര്‍ബിഐ ചട്ടങ്ങളും മറികടന്നാണ് പല വ്യവസായികള്‍ക്കും വായ്പ അനുവദിച്ചത്.  വായ്പ തിരിച്ചടവും കിട്ടാക്കടവും കൈകാര്യം ചെയ്യുന്നതില്‍ ബാങ്കിന്‍റെ ഭാഗത്തുനിന്നുണ്ടായത് അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണെന്നും നബാര്‍ഡിന്‍റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. 


 

Follow Us:
Download App:
  • android
  • ios