വീർ സവർക്കർ പുരസ്‌കാരം സ്വീകരിക്കില്ലെന്ന് ശശി തരൂർ എംപി നിലപാട് വ്യക്തമാക്കി. മാധ്യമങ്ങളിലൂടെയാണ് പുരസ്കാര വിവരം അറിഞ്ഞതെന്നും, തൻ്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സംഘാടകർ പ്രഖ്യാപനം നടത്തിയതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വിശദീകരിച്ചു
ദില്ലി: വീർ സവർക്കർ പുരസ്‌കാരം സ്വീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കി ശശി തരൂർ എംപി. പുരസ്കാരം സംബന്ധിച്ചുയർന്ന വിവാദങ്ങൾക്ക് പുറകെ, കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ, പുരസ്കാരം സ്വീകരിക്കാതിരിക്കുന്നതിൻ്റെ കാരണങ്ങളും വിശദീകരിച്ചു. കോൺഗ്രസ് നേതാക്കളിൽ നിന്ന് ആവശ്യം ഉയർന്നപ്പോഴല്ല, മറിച്ച് താൻ ഇന്നലെ തന്നെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയെന്ന് പരോക്ഷമായി പറയുകയാണ് ശശി തരൂർ.
ശശി തരൂർ ഇംഗ്ലീഷിൽ എഴുതിയ കുറിപ്പിൻ്റെ പരിഭാഷ
ഇന്ന് ദില്ലിയിൽ വച്ച് സമ്മാനിക്കുന്ന വീർ സവർക്കർ അവാർഡിന് തന്നെ തിരഞ്ഞെടുത്ത കാര്യം മാധ്യമങ്ങളിൽ നിന്നാണ് ഞാൻ അറിഞ്ഞത്. ഇന്നലെ കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനായി പോയപ്പോഴാണ് ഇക്കാര്യം താൻ അറിഞ്ഞത്. ഇതേക്കുറിച്ച് തനിക്ക് അറിയില്ലെന്നും താനിത് സ്വീകരിച്ചിട്ടില്ലെന്നും തൻ്റെ അറിവോ സമ്മതമോ ഇല്ലാതെ സംഘാടകർ തനിക്ക് അവാർഡ് സമ്മാനിക്കുമെന്ന് പറഞ്ഞത് നിരുത്തരവാദപരമാണെന്നും ഇന്നലെ തിരുവനന്തപുരത്ത് വച്ച് തന്നെ മാധ്യമങ്ങളോട് താൻ പറഞ്ഞതാണ്. എന്നിട്ടും ഇന്ന് ദില്ലിയിൽ വച്ചും ചില മാധ്യമങ്ങൾ ഇതേ ചോദ്യം തന്നോട് ആവർത്തിച്ച് ചോദിച്ചു. അതിനാലാണ് താനിന്ന് ഈ വിഷയത്തിൽ വിശദീകരണം നൽകുന്നത്.
അവാർഡിൻ്റെ സ്വഭാവം എന്തെന്നോ, ഏത് സംഘടനയാണ് ഇത് സമ്മാനിക്കുന്നതെന്നോ, മറ്റ് അനുബന്ധ വിവരങ്ങളോ സംബന്ധിച്ച് ഒരു വ്യക്തതയുമില്ലാത്ത സാഹചര്യത്തിൽ, ഇന്ന് നടക്കുന്ന ചടങ്ങിൽ താൻ പങ്കെടുക്കുമോയെന്നും അവാർഡ് സ്വീകരിക്കുമോയെന്നും ഉള്ള ചോദ്യം പോലും ഉദിക്കുന്നില്ല.
തരൂരിനെ അറിയിച്ചിരുന്നുവെന്ന് എച്ച്ആർഡിഎസ്
അവാർഡ് ദാനത്തിന് തരൂർ എത്തുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നാണ് ദില്ലിയിൽ അവാർഡിൻ്റെ സംഘാടകരായ എച്ച്ആർഡിഎസ് പ്രതികരിച്ചത്. എച്ച്ആർഡിഎസ് ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയിൽ രാജ്നാഥ് സിംഗാണ് പുരസ്ക്കാരങ്ങൾ സമ്മാനിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തരൂരിൻ്റെ ഓഫീസ് അറിയിച്ചു. മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി കൊൽക്കത്തയിലേക്ക് പോകുമെന്നും ഓഫീസ് വ്യക്തമാക്കി.


