ദില്ലി: അഭിനന്ദൻ വർധമാനെ പരിഹസിക്കുന്ന രീതിയിൽ പരസ്യം നൽകിയതിനെ തെറ്റ് പറയാനാകില്ലെന്ന് ശശി തരൂർ എംപി. പരസ്പരമുള്ള കളിയാക്കലിനെ സ്പോട്സ്മാൻ സ്പിരിറ്റിൽ കാണണം. ക്രിക്കറ്റിനെ രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തണമെന്നും തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‍ഞ്ഞു.

വ്യോമസേന വിങ്​ കമാൻഡർ അഭിനന്ദൻ വർധമാനെ പരിഹസിച്ച​ പാക് ചാനലിലെ പരസ്യം കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ലോകകപ്പ്​ ക്രിക്കറ്റ്​ സംപ്രേഷണം ചെയ്യുന്ന ജാസ്​ ടിവിയുടേതാണ് ഇന്ത്യ-പാകിസ്ഥാന്‍ കളിയെക്കുറിച്ചുള്ള​ പരസ്യം. ഇന്ത്യൻ വ്യോമാതിർത്തി മറി കടന്ന പാക്​ വിമാനത്തെ തുരത്തുന്നതിനിടെ പാക്കിസ്ഥാൻ്റെ പിടിയിലകപ്പെട്ട അഭിനന്ദൻ പാക്​ സൈന്യത്തോട്​ ധീരമായി നടത്തിയ പ്രതികരണങ്ങളെ വികലമായി ചിത്രീകരിച്ചുകൊണ്ടായിരുന്നു പാക്​​ പരസ്യം​. 

പാകിസ്ഥാന്‍ സൈന്യത്തിന്‍റെ ചോദ്യം ചെയ്യലിനിടെ പുറത്തുവിട്ട വീഡിയോക്ക് സമാനമായാണ് പരസ്യം നിര്‍മിച്ചിരിക്കുന്നത്. ടോസ് നേടിയാല്‍ ഇന്ത്യയുടെ പ്ലയിംഗ് ഇലവനെയും കളി തന്ത്രങ്ങളെയും കുറിച്ച് ചോദിക്കുമ്പോള്‍ അയാം സോറി, അക്കാര്യം പറയാന്‍ എനിക്ക് അനുമതിയില്ലെന്ന് മറുപടി പറയുന്നു. ചോദ്യം ചെയ്യലിനിടയില്‍ അഭിനന്ദന്‍ പറഞ്ഞതും ഇതേ ഉത്തരമായിരുന്നു. ഒടുവില്‍ ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ചായ നല്ലതായിരുന്നെന്നും അഭിനേതാവ് ഉത്തരം പറയുന്നു.

എങ്കില്‍ നിങ്ങള്‍ക്ക് പോകാമെന്ന് പറയുമ്പോള്‍ കപ്പുമായി എഴുന്നേല്‍ക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്, കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്. 

Also Read: അഭിനന്ദന്‍ വര്‍ദ്ധമാനെ കളിയാക്കി പാകിസ്ഥാന്‍ ചാനലിന്‍റെ ലോകകപ്പ് പരസ്യം; വിവാദം