ദില്ലി: രാജ്യസഭയില്‍ പൗരത്വഭേദഗതി ബില്ലിന്മേല്‍ നടന്ന വോട്ടെടുപ്പ് ശിവസേന ബഹിഷ്കരിച്ചു. വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാര്‍ട്ടി എംപിമാര്‍ക്ക് നിര്‍ദ്ദേശം ലഭിച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ കോണ്‍ഗ്രസിന്‍റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ശിവസേനയുടെ നീക്കമെന്നാണ് സൂചന. ലോക്സഭയില്‍ പൗരത്വഭേദഗതി ബില്ലിനെ അനുകൂലിച്ച ശിവസേനയുടെ നടപടിയെ  വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ശിവസേന നിലപാട് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്.

ബില്‍ സംബന്ധിച്ച തങ്ങളുടെ സംശയങ്ങള്‍ക്കെല്ലാം തൃപ്തികരമായ മറുപടി ലഭിച്ചില്ലെങ്കില്‍ രാജ്യസഭയിലെ നിലപാട് മാറുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് രാവിലെ വ്യക്തമാക്കിയിരുന്നു. രാജ്യസഭയില്‍ ശിവസേനക്ക് മൂന്ന് എംപിമാരാണുള്ളത്.