Asianet News MalayalamAsianet News Malayalam

'അമ്പും വില്ലും ഞങ്ങൾക്ക് വേണം, ഷിൻഡെ വിഭാ​ഗം പാർട്ടിയിൽ നിന്ന് പുറത്തുപോയവരാണ്'; തെര. കമ്മീഷനോട് താക്കറേ

ശിവസേനാ ചിഹ്നമായ അമ്പും വില്ലും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഉദ്ധവ് താക്കറേ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനാ വിഭാ​ഗം യഥാർത്ഥ പാർട്ടിയിൽ നിന്ന് പുറത്തുപോയവരാണെന്നും അവർ‌ക്ക് പാർട്ടി ചിഹ്നത്തിന് അർഹതയില്ലെന്നുമാണ് താക്കറെ വിഭാ​ഗത്തിന്റെ വാദം. 

shiv sena uddhav thackeray wing clarified its position to the election commission on the dispute over the party symbol
Author
First Published Oct 7, 2022, 8:06 PM IST

മുംബൈ: പാർട്ടി ചിഹ്നം ആർക്ക് എന്ന തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനോട് നിലപാട് വ്യക്തമാക്കി ശിവസേന ഉദ്ധവ് താക്കറേ വിഭാ​ഗം. ശിവസേനാ ചിഹ്നമായ അമ്പും വില്ലും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് ഉദ്ധവ് താക്കറേ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഏക്നാഥ് ഷിന്റെ നയിക്കുന്ന ശിവസേനാ വിഭാ​ഗം യഥാർത്ഥ പാർട്ടിയിൽ നിന്ന് പുറത്തുപോയവരാണെന്നും അവർ‌ക്ക് പാർട്ടി ചിഹ്നത്തിന് അർഹതയില്ലെന്നുമാണ് താക്കറെ വിഭാ​ഗത്തിന്റെ വാദം. 

ചിഹ്നം സംബന്ധിച്ച തർക്കത്തിൽ തെര‍ഞ്ഞെടുപ്പ് കമ്മീഷൻ താക്കറെ വിഭാ​ഗത്തിന്റെ അഭിപ്രായം ചോദിച്ചിരുന്നു. ഏക്നാഥ് ഷിൻഡെ വിഭാ​ഗം ചിഹ്നത്തിന് അവകാശം ഉന്നയിച്ചതിനു പിന്നാലെയായിരുന്നു ഇത്. അന്ധേരി ഈസ്റ്റ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ചിഹ്നം സംബന്ധിച്ചുള്ള തീരുമാനം നിർ‌ണായകമായിരിക്കുന്നത്. ബിജെപിയുടെ പിന്തുണയോടെയുള്ള അട്ടിമറിയിലൂടെയാണ് ഷിൻഡെ വിഭാ​ഗം താക്കറെ വിഭാ​ഗം നേതൃത്വം നൽകിയ മഹാ വികാസ് അഖാഡി സഖ്യത്തിൽ നിന്ന് ഭരണം പിടിച്ചെടുത്തത്. ഭൂരിപക്ഷം എംഎൽഎമാരും ഷിൻഡെ വിഭാ​ഗത്തിനൊപ്പം പോയതോടെ ഉദ്ധവ് താക്കറേ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാൻ നിർബന്ധിതനാവുകയായിരുന്നു.

സാങ്കേതികമായി ശിവസേനയുടെ നേതൃസ്ഥാനത്ത് ഉദ്ധവ് താക്കറെ തന്നെയാണുള്ളത്. ഷിൻഡെ വിഭാ​​ഗത്തിനൊപ്പമുള്ള എംഎൽഎമാരുടെ അയോ​ഗ്യത സംബന്ധിച്ച ഹർജി സുപ്രീംകോടതിയുടെ പരി​ഗണനയിലായതിനാൽ അവരുടെ എണ്ണം പരി​ഗണിക്കരുതെന്ന് ശിവസേന തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. യഥാർത്ഥ ശിവസേന ആരാണെന്ന തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാമെന്നായിരുന്നു സുപ്രീംകോടതി നേരത്തെ പറഞ്ഞത്. പാർട്ടി സ്ഥാപകൻ ബാൽ താക്കറെയുടെ യഥാർത്ഥ പിൻ​ഗാമികൾ തങ്ങളാണെന്നാണ് ഇരുപക്ഷവും വാദിക്കുന്നത്. 

 തങ്ങളാണ് യഥാർത്ഥ ശിവസേനയെന്ന് തെളിയിക്കാൻ പാർട്ടി പ്രവർത്തകരുടെ പിന്തുണ തേടിയിരിക്കുകയാണ് ഉദ്ധവ് താക്കറെ. അഞ്ച് ലക്ഷത്തിലധികം പ്രവർത്തകരുടെ പിന്തുണ തെളിയിക്കുകയാണ് ലക്ഷ്യം. നവംബർ മൂന്നിനാണ് ഈസ്റ്റ് അന്ധേരിയിൽ ഉപതെരഞ്ഞെടുപ്പ്. 

Read Also: സുപ്രീംകോടതി ജഡ്ജിയായി മലയാളി എത്തുമോ? പിൻഗാമിയുടെ പേര് നിർദേശിക്കാൻ ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ട് കേന്ദ്രം

Follow Us:
Download App:
  • android
  • ios