താരത്തിന്‍റെ വീട്ടിലെ സിസിടിവി പ്രവർത്തിക്കാത്തതിനാല്‍ ആകെയുണ്ടായിരുന്നത് ആറാം നിലയില്‍ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം മാത്രമാണ്.
മുംബൈ: തോളില്‍ സ്ഥിരമായി തൂക്കിയിടാറുള്ള ബാഗും ആലുപറാത്ത കഴിക്കാന്‍ ഹോട്ടലില്‍ നടത്തിയ യുപിഐ ഇടപാടുമാണ് നടന്‍ സെയ്ഫ് അലിഖാനെ കുത്തിയ പ്രതി ഷെരിഫുള്‍ ഇസ്ലാമിനെ കുടുക്കിയത്. തെളിവുകള്‍ ഒന്നുമില്ലാതിരുന്ന കേസില്‍ ആയിരത്തിലധികം സിസിടിവി ദൃശ്യങ്ങൾ മാത്രം ആശ്രയിച്ചാണ് മുംബൈ പോലീസ് പ്രതിയിലേക്ക് എത്തിയത്.
സെഫ് അലിഖാന്‍റെ വീട്ടില്‍ അക്രമം നടത്തിയ പ്രതിയെ തിരിച്ചറിയാന്‍ തുടകത്തിൽ ഒരു തുമ്പുമുണ്ടായിരുന്നില്ല മുംബൈ പോലീസിന്. താരത്തിന്‍റെ വീട്ടിലെ സിസിടിവി പ്രവർത്തിക്കാത്തതിനാല്‍ ആകെയുണ്ടായിരുന്നത് ആറാം നിലയില്‍ നിന്നും ഇറങ്ങിപ്പോകുന്ന സിസിടിവി ദൃശ്യം മാത്രമാണ്. ഈ ദൃശ്യവുമായി സാമ്യമുള്ള മഹാരാഷ്ട്രയിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള മുഴുവൻ പേരെയും പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം
ഇതോടെ മുന്നൂറിലധികം പൊലിസുകാര്‍ ബാന്ദ്രക്ക് 15 കിലോമീറ്റര്‍ ചുറ്റളവിലുള്ള ആയിരത്തിലധികം സ്ഥലങ്ങളിലെ സിസിടിവി പരിശോധിച്ചു. ഇതിലുടെയാണ് വസ്ത്രം മാറിപ്പോകുന്ന ഷെരിഫുള്‍ ഇസ്ലാമിനെ ബാന്ദ്ര റെയിവെ സ്റ്റേഷന്‍ പരിസരത്തുകണ്ടത്. രണ്ടു ദൃശ്യത്തിലും തോളില്‍ കിടക്കുന്ന ബാഗായിരുന്നു സാമ്യത.
തുടര്‍ന്ന് ഇത്തരത്തില്‍ ബാഗ് തൂക്കി നടക്കുന്ന ആളുകളെകുറിച്ചായി അന്വേഷണം. അന്ധേരി ഡിഎം നഗറിലെ സിസിടിവിയില്‍ ഒര ബൈക്കുകാരനുമായി സംസാരിക്കുന്ന ദൃശ്യം കണ്ടു. നമ്പർ ട്രേസ് ചെയ്ത് ആ ബൈക്കുകാരനെ കണ്ടെത്തി വിശദമായി രൂപം മനസിലാക്കി. ഇതിനിടയിലാണ് അതിനടുത്തുതന്നെ ഒരുകടയില്‍ കയറി ആലുപറോത്ത വാങ്ങുന്ന ദൃശ്യം കണ്ടത്. ഇവിടെ നടത്തിയ യുപിഐ പെയ്മന്‍റിന്‍റെ വിവരങ്ങളിലൂടെ ശരിയായ ഫോട്ടോയടക്കം ലഭിച്ചു. പ്രതി കടയിലെ മുന്‍ ജോലിക്കാരനായതുകൊണ്ട് ഉടമയില്‍ നിന്ന് കൂടുതല്‍ വിവരങ്ങളും ലഭിച്ചു.
അപ്പോഴേക്കും പ്രതി ഹെഡ്ഫോണ്‍ വാങ്ങിയതും യുപിഐ പെയ്മെന്‍റ് നടത്തിയതുമായ ദൃശ്യങ്ങള്‍ ദാദറില്‍ നിന്നും കിട്ടി. ദൃശ്യങ്ങളില്‍ പ്രതി ആരോടോ സംസാരിച്ച ശേഷം ഫോണ്‍ ഓഫ് ചെയ്യുന്നുണ്ട്. ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പരിശോധിച്ച് സംസാരിച്ചതാരോടെന്ന് കണ്ടെത്തി. തൊഴിലാളികളെ നല്‍കുന്ന ഒരു കരാറുകാരനോടായിരുന്നു പ്രതി സംസാരിച്ചത്. അയാളെ കണ്ടെത്തിയപ്പോൾ പ്രതിയെ ജോലിക്കായി താനയിലേക്ക് അയച്ചുവെന്ന് വ്യക്തമായി. അങ്ങനെ താനയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

