സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ എട്ടുപേർ മരിച്ചു. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 12 പേരെ രക്ഷിച്ചു. 18-ഓളം പേർ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. മണ്ണിടിച്ചിലിന് പിന്നാലെ തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതകത്തിന്റെ അളവ് ഉയർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
ഗാങ്ടോക്: സിക്കിമിൽ തുരങ്ക നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിലിൽ എട്ടുപേർ മരിച്ചു. തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 12 പേരെ രക്ഷിച്ചു. 18-ഓളം പേർ ഇപ്പോഴും തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്. ദേശീയ ദുരന്തനിവാരണ സേന ഉൾപ്പെടെ സ്ഥലത്തുണ്ടെങ്കിലും മണ്ണിടിച്ചിലിന് പിന്നാലെ തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതകത്തിന്റെ അളവ് ഉയർന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്.
സിക്കിമിലെ സമർദങ് തുരങ്കത്തിൽ തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ടീസ്ത ഹെെഡ്രോഇലക്ട്രിക് പദ്ധതിയുടെ ഭാഗമായാണ് ഇവിടെ തുരങ്കനിർമാണം നടക്കുന്നത്. പട്ടേൽ എൻജിനീയറിങ് കമ്പനിക്കാണ് നിർമാണച്ചുമതല.
വൈകീട്ടോടെയാണ് നിർമാണം നടക്കുന്ന തുരങ്കത്തിനുള്ളിൽ മണ്ണിടിച്ചിലുണ്ടായത്. ഇതോടെ തുരങ്കത്തിൽനിന്ന് പുറത്തേക്കുള്ള വഴി പൂർണമായും അടഞ്ഞു. തുടർന്ന് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനായി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും തുരങ്കത്തിനുള്ളിൽ മീഥെയ്ൻ വാതകത്തിന്റെ അളവ് അപകടകരമായരീതിയിൽ ഉയർന്നതിനാൽ രക്ഷാപ്രവർത്തനവും വെല്ലുവിളിയായി. ആദ്യഘട്ടത്തിൽ തുരങ്കത്തിനുള്ളിൽ പ്രവേശിച്ച രക്ഷാപ്രവർത്തകർക്ക് കടുത്ത ശ്വാസതടസവും അസ്വസ്ഥകളും അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
നിലവിൽ 18-ഓളം തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അതേസമയം, സംഭവസമയത്ത് തുരങ്കത്തിനുള്ളിൽനിന്ന് സ്ഫോടനശബ്ദം പോലെ വലിയ ശബ്ദം കേട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ ചൊവ്വാഴ്ച രാവിലെയും തുടരുകയാണ്.


