മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ ആയവന മടത്തുംപടി ബാലഭവന് മുന്നിലെ റോഡിലായിരുന്നു സംഭവം. ആയവനയിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം കാറിൽ മദ്യപിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്.

കൊച്ചി: മുവാറ്റുപുഴയിൽ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിന് കുത്തേറ്റു. ആയവന കാലാമ്പൂർ മാവിൻചുവട് ഭാഗത്ത് മോളേൽ വീട്ടിൽ ബിബിൻ സാബുവിനാണ് (29) കുത്തേറ്റത്. സംഭവത്തിൽ കാലാമ്പൂർ കൊടിയമ്പിള്ളിൽ മനോജ്, മുറിത്തോട്ടത്തിൽ അരുൺ, കൊച്ചുപുരയ്ക്കൽ പ്രതീഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മനോജിനെയും അരുണിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടര മണിയോടെ ആയവന മടത്തുംപടി ബാലഭവന് മുന്നിലെ റോഡിലായിരുന്നു സംഭവം. ആയവനയിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘം കാറിൽ മദ്യപിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങി നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മനോജ് മടക്ക് കത്തിയെടുത്ത് ബിബിനെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ ബിബിന്റെ കഴുത്തിലും നെഞ്ചിലും വയറിലും പരുക്കേറ്റു. ഒപ്പമുണ്ടായിരുന്ന അരുണും പ്രതീഷും ആക്രമണം തടയാനോ പരിക്കേറ്റ ബിബിനെ ആശുപത്രിയിലെത്തിക്കാനോ തയ്യാറാകാതെ വാഹനത്തിൽ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പൊലീസ് പറഞ്ഞു. പരിക്കേറ്റ ബിബിനെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.