ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെങ്കിലും, രാജ്യത്തിന്‍റെ വികസനത്തിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നുവെന്ന് മൈഥിലി സൂചന നൽകി.

പറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഗായിക മൈഥിലി താക്കൂർ (25) മത്സരിച്ചേക്കും. ബിജെപി ഇലക്ഷൻ ഇൻ-ചാർജ് വിനോദ് താവ്‌ഡെ, കേന്ദ്രമന്ത്രി നിത്യാനന്ദ് റായ് എന്നിവർ മൈഥിലിയെ കാണാൻ എത്തിയതോടെയാണ് അഭ്യൂഹം പരന്നത്. വിനോദ് താവ്‌ഡെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതോടെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ദർഭംഗയിൽ നിന്ന് ബിജെപി ടിക്കറ്റിൽ മൈഥിലി മത്സരിക്കാനിടയുണ്ട് എന്നാണ് പുറത്തുവരുന്ന സൂചന. അതേസമയം സ്വന്തം മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്ന സൂചന മൈഥിലി നൽകി. മണ്ഡലവുമായുള്ള വൈകാരിക ബന്ധത്തെ കുറിച്ച് അവർ സംസാരിച്ചു.

'ലാലു പ്രസാദ് യാദവിന്‍റെ കാലത്ത് 1995-ൽ ബിഹാർ വിട്ടുപോയ മൈഥിലി എന്നോട് സംസാരിച്ചു. സംസ്ഥാനത്തിന്‍റെ പുരോഗതി കണ്ടറിഞ്ഞ ശേഷം തിരിച്ചുവരാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു'- വിനോദ് താവ്ഡെ കുറിച്ചു.

മൈഥിലിയുടെ പ്രതികരണം

"ഞാനും ടിവിയിൽ എല്ലാം കാണുന്നുണ്ട്. അടുത്തിടെ ബിഹാർ സന്ദർശിച്ചു. നിത്യാനന്ദ് റായിയെയും വിനോദ് താവ്‌ഡെയും കാണാൻ അവസരം ലഭിച്ചു. ബിഹാറിന്‍റെ ഭാവിയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്തു. ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്തായാലും നമുക്ക് നോക്കാം എന്ത് സംഭവിക്കുമെന്ന്. മണ്ഡലവുമായി എനിക്ക് അത്രമേൽ അടുപ്പമുണ്ട്"- മൈഥിലി പറഞ്ഞു. അതേസമയം ഏത് പാർട്ടിയോടാണ് ആഭിമുഖ്യമെന്ന ചോദ്യത്തിന് രാജ്യത്തിന്‍റെ വികസനത്തിനായി സാധ്യമായതെല്ലാം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു എന്നായിരുന്നു മൈഥിലിയുടെ മറുപടി.

ആരാണ് മൈഥിലി താക്കൂർ?

ബിഹാറിലെ മധുബനി ജില്ലയിലെ ബേനിപ്പട്ടി സ്വദേശിയാണ് മൈഥിലി താക്കൂർ. ഇലക്ഷൻ കമ്മീഷൻ മൈഥിലിയെ ബിഹാറിന്‍റെ 'സ്റ്റേറ്റ് ഐക്കൺ' ആയി തെരഞ്ഞെടുത്തിട്ടുണ്ട്. ശാസ്ത്രീയ സംഗീതത്തിലും നാടോടി സംഗീതത്തിലും പരിശീലനം നേടി. ഹാർമോണിയം, തബല എന്നിവയും അഭ്യസിച്ചു. ബിഹാറിലെ നാടോടി പാരമ്പര്യത്തെ പ്രോത്സാഹിപ്പിച്ചതിന് 2021-ൽ സംഗീത നാടക അക്കാദമി ഉസ്താദ് ബിസ്മില്ലാ ഖാൻ യുവ പുരസ്കാരം നൽകി ആദരിച്ചു. രണ്ട് സഹോദരങ്ങൾക്കൊപ്പമുള്ള മൈഥിലിയുടെ ആലാപനം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

ബിഹാർ തെരഞ്ഞെടുപ്പ് തീയതി

ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തീയതികൾ ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. 243 നിയമസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബർ 6, നവംബർ 11 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണൽ നവംബർ 14-നാണ്.

Scroll to load tweet…