'മരണം സംബന്ധിച്ച വ്യാജവാർത്തകൾ പ്രചരിക്കുന്നു, അത്‌ തെറ്റാണ്' എന്നും എഡിജിപി വിശദമാക്കി. 

ഭുവനേശ്വർ: നിലവിൽ കർണാടകയിൽ നിന്നുള്ള ആരും അപകടത്തിൽ പെടുകയോ, മരിക്കുകയോ ചെയ്തതായി വിവരം ഇല്ലെന്ന് ബംഗളുരു റെയിൽ എഡിജിപി ശശികുമാർ. സഹായം തേടി കർണാടകയിലെ ഒരു ഹെൽപ് ലൈൻ നമ്പറുകളിലും ഇത് വരെ കോളുകൾ വന്നിട്ടുമില്ല. 'മരണം സംബന്ധിച്ച വ്യാജവാർത്തകൾ പ്രചരിക്കുന്നു, അത്‌ തെറ്റാണ്' എന്നും അദ്ദേഹം വിശദമാക്കി. 

ചിക്മഗളുരുവിൽ നിന്ന് ചത്തിസ്ഗഡിലേക്ക് തീർത്ഥാടനത്തിന് പോയ 120 പേരും സുരക്ഷിതരാണ്. അവർ അപകടത്തിൽ പെട്ടിട്ടില്ല. ട്രെയിനിൽ ഒഴിവുള്ള ഒരു ബർത്ത് പോലും ഉണ്ടായിരുന്നില്ല. ജനറൽ കോച്ചുകളിലും നല്ല തിരക്ക് ഉണ്ടായിരുന്നു. ഇതിൽ പലരും തൊഴിലാളികൾ ആയിരുന്നു. മിക്കവരും അസം, കൊൽക്കത്ത, ഒഡിഷ സ്വദേശികൾ ആണെന്നാണ് നിഗമനം. ഇവർ ആരെന്നത് സംബന്ധിച്ച് വിവരങ്ങൾ തേടി വരികയാണ്. ക്യാൻസലേഷനും റീഫണ്ടിനും റീബുക്കിങ്ങിനും 6 കൗണ്ടറുകൾ വീതം ഓരോ സ്റ്റേഷനിലും തുറന്നിട്ടുണ്ട്. എല്ലായിടത്തും നല്ല തിരക്കാണ്. തിരക്ക് നിയന്ത്രിക്കാൻ നടപടികൾ എടുത്ത് തുടങ്ങിയെന്നും ശശികുമാർ വ്യക്തമാക്കി. 

ഇന്നലെ വൈകീട്ട് 6.55 ന് ബംഗളൂരുവിൽനിന്ന് ഹൗറയിലേക്ക് ആയിരത്തോളം യാത്രക്കാരുമായി പോവുകയായിരുന്ന 12864 നമ്പർ സൂപ്പർഫാസ്റ്റ് ട്രെയിൻ ഒഡീഷയിലെ ബാലസോറിലെ ബഹനഗ റെയിൽവേ സ്റ്റേഷന് സമീപം പാളം തെറ്റി. നാലു ബോഗികൾ തൊട്ടടുത്ത ട്രാക്കിലേക്ക് വീണു. തൊട്ടടുത്ത ട്രാക്കിലൂടെ അതിവേഗം വന്ന 12841 ഷാലിമാർ ചെന്നൈ കോറമാണ്ഡൽ എക്സ്പ്രസ് പാളംതെറ്റി കിടന്ന ബോഗികളിലേക്ക് ഇടിച്ചുകയറി. 17 കോച്ചുകൾ മറിഞ്ഞു. രണ്ടാമത് ഇടിച്ചു കയറിയ കോറമാണ്ടൽ എക്സ്പ്രസ്ന്റെ ബോഗികൾ മൂന്നാമത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിക്കു മുകളിലേക്ക് പതിച്ചത് ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.

ഇതുവരെ ലഭിച്ച വിവരമനുസരിച്ച് 261 പേർ മരിച്ചെന്നാണ് ഔദ്യോ​ഗിക സ്ഥിരീകരണം. ആയിരത്തിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ പലരുടെയും നില ​അതീവ ​ഗുരുതരമാണെന്നും റിപ്പോർട്ട്. നിരവധി ട്രെയിനുകൾ വഴി തിരിച്ചു വിടുകയും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. 

കൂട്ടിയിട്ട മൃതദേഹങ്ങള്‍ക്കിടയില്‍ മകനെ തിരഞ്ഞ് അച്ഛന്‍; ട്രെയിന്‍ ദുരന്തത്തിലെ കണ്ണീര്‍ക്കാഴ്ച

ഇതിന് മുൻപും അപകടത്തിൽപ്പെട്ട് കോറമണ്ഡൽ എക്സ്പ്രസ്, രാജ്യം വിറങ്ങലിച്ച പ്രധാന ട്രെയിൻ ദുരന്തങ്ങൾ

Odisha Train Accident | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News