'എന്‍റെ ഭാര്യയുടെ കൊലയാളികളെ കണ്ടെത്തൂ, ഇല്ലെങ്കിൽ ഞാൻ ജീവനൊടുക്കും' സോഷ്യൽ മീഡിയയിലൂടെ ഒരു യുവാവ് നടത്തിയ ഈ കരച്ചിലും ആത്മഹത്യാ ഭീഷണിയുമാണ് ബിഹാറിലെ മുസാഫർപൂരിൽ നടന്ന ക്രൂരമായ ഒരു ദുരഭിമാനക്കൊലയുടെ ചുരുളഴിച്ചത്
മുസാഫർപൂർ: 'എന്‍റെ ഭാര്യയുടെ കൊലയാളികളെ കണ്ടെത്തൂ, ഇല്ലെങ്കിൽ ഞാൻ ജീവനൊടുക്കും' സോഷ്യൽ മീഡിയയിലൂടെ ഒരു യുവാവ് നടത്തിയ ഈ കരച്ചിലും ആത്മഹത്യാ ഭീഷണിയുമാണ് ബിഹാറിലെ മുസാഫർപൂരിൽ നടന്ന ക്രൂരമായ ഒരു ദുരഭിമാനക്കൊലയുടെ ചുരുളഴിച്ചത്. വ്യത്യസ്ത ജാതിയിൽപ്പെട്ടയാളെ വിവാഹം കഴിച്ചതിന് 19-കാരിയായ സുജാത കുമാരിയെ സ്വന്തം കുടുംബാംഗങ്ങൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും, തെളിവ് നശിപ്പിക്കാനായി മൃതദേഹം പുഴക്കരയിൽ കൊണ്ടുപോയി കത്തിക്കുകയുമായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കഴിഞ്ഞ രണ്ടു മാസമായി തന്‍റെ ഭാര്യ എവിടെയെന്നറിയാതെ അലയുകയായിരുന്നു ഭർത്താവ് ഗൗരിശങ്കർ കുമാർ. ഭാര്യയെ കാണാനില്ലെന്നും അവളുടെ വീട്ടുകാർ ഒന്നും പറയുന്നില്ലെന്നും കാണിച്ച് ഗൗരിശങ്കർ സോഷ്യൽ മീഡിയയിൽ വികാരനിർഭരമായ വീഡിയോകൾ പങ്കുവെച്ചിരുന്നു. ഇതേത്തുടർന്ന് പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതക വിവരം പുറത്തുവന്നത്.
അടുത്തടുത്ത ഗ്രാമങ്ങളിൽ താമസിച്ചിരുന്ന സുജാതയും ഗൗരിശങ്കറും സ്കൂൾ കാലഘട്ടം മുതൽ സുഹൃത്തുക്കളായിരുന്നു. 2020-ൽ ഇവരുടെ സൗഹൃദം പ്രണയമായി മാറി. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഇക്കഴിഞ്ഞ ജനുവരിയിൽ ഇരുവരും ഒളിച്ചോടി സമസ്തിപൂരിൽ വെച്ച് വിവാഹിതരായി. തുടർന്ന് ഹരിയാനയിലേക്ക് മാറുകയും ചെയ്തു. എന്നാൽ വ്യത്യസ്ത ജാതിയിലുള്ള വിവാഹമായതിനാൽ സുജാതയുടെ കുടുംബം കടുത്ത അമർഷത്തിലായിരുന്നു. ഇതേത്തുടർന്ന് ഗൗരിശങ്കറിനെതിരെ സുജാതയുടെ വീട്ടുകാർ തട്ടിക്കൊണ്ടുപോകലിന് കേസ് ഫയൽ ചെയ്തു. ഫെബ്രുവരിയിൽ പോലീസ് ഇവരെ കണ്ടെത്തി കോടതിയിൽ ഹാജരാക്കിയപ്പോൾ, താൻ പ്രായപൂർത്തിയായതാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഭർത്താവിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും സുജാത കോടതിയെ അറിയിച്ചു.
നിയമപരമായ ചില നടപടികൾക്ക് ശേഷം സുജാത പിന്നീട് ഹോളി ആഘോഷങ്ങളുടെ സമയത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തി. മാർച്ച് 31-നാണ് താൻ അവസാനമായി ഭാര്യയോട് സംസാരിച്ചതെന്ന് ഗൗരിശങ്കർ പറയുന്നു. അതിനുശേഷം അവളെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. ഭാര്യയെ വീട്ടുകാർ അപായപ്പെടുത്തിയെന്ന് ഉറപ്പിച്ച ഗൗരിശങ്കർ പോലീസിനെ സമീപിക്കുകയും സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ ആരംഭിക്കുകയുമായിരുന്നു. യുവാവിന്‍റെ പരാതി ശക്തമായതോടെ മുസാഫർപൂർ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. തുടർന്ന് സുജാതയുടെ സഹോദരൻ അഭിഷേക് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തുവന്നത്.
സുജാത വീണ്ടും ഭർത്താവിന്‍റെ അടുക്കലേക്ക് തിരികെ പോകുമെന്ന് കുടുംബം ഭയപ്പെട്ടിരുന്നു. ഇതേത്തുടർന്ന് മെയ് 8-ന് സുജാതയെ വീട്ടുകാർ ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം നദിക്കരയിൽ എത്തിച്ച് ദഹിപ്പിച്ചു. സംഭവം നടന്ന സ്ഥലത്തുനിന്ന് ഫോറൻസിക് വിദഗ്ധർ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. കൊലപാതകത്തിൽ സുജാതയുടെ കുടുംബത്തിലെ അഞ്ചിലധികം പേർക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തി. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കിയിരിക്കുകയാണ്.



