കുടുംബത്തിന്‍റെ വേദനയില്‍ പങ്കുചേരാന്‍ സംസ്കാര ചടങ്ങളിലേക്ക് അനേകം പേരാണ് എത്തിയത്. സൊനാലിയുടെ മകള്‍ കണ്ണീരോടെ അമ്മയുടെ ശവമഞ്ചത്തിന്‍റെ ഒരറ്റം തോളിലേറ്റിയത് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി.

ദില്ലി: ബിജെപി നേതാവും നടിയുമായ സൊനാലി ഫോഗട്ടിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒഴുകിയെത്തിയത് നൂറുകണക്കിന് പ്രവര്‍ത്തകര്‍. ഹരിയാനയിലെ ഹിസറിലാണ് സൊനാലിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടന്നത്. കുടുംബത്തിന്‍റെ വേദനയില്‍ പങ്കുചേരാന്‍ സംസ്കാര ചടങ്ങളിലേക്ക് അനേകം പേരാണ് എത്തിയത്. സൊനാലിയുടെ മകള്‍ കണ്ണീരോടെ അമ്മയുടെ ശവമഞ്ചത്തിന്‍റെ ഒരറ്റം തോളിലേറ്റിയത് നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി. ബന്ധുക്കള്‍ മകളെ ആശ്വസിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുകയായിരുന്നു. 

അതേസമയം, സൊനാലി ഫോഗട്ടിന്‍റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വന്‍ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്. മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് സൊനാലിയുടെ പ്രൈവറ്റ് സെക്രട്ടറിയും സഹായിയും ചേർന്ന് ലഹരിമരുന്ന് കലർത്തിയ ദ്രാവകം നൽകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. എന്ത് ലഹരി മരുന്നാണ് നൽകിയതെന്ന് ആന്തരിക അവയവങ്ങളുടെ രാസപരിശോധനയിലെ വ്യക്തമാകുകയുള്ളുവെന്നാണ് പൊലീസ് അറിയിക്കുന്നത്. 

ചൊവ്വാഴ്ച പുലർച്ചെ നാല് മണിയോടെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നത്. വടക്കൻ ഗോവയിലെ കേർലീസ് റെസ്റ്റോറന്‍റിൽ നിന്നുള്ള ദൃശ്യങ്ങളിൽ നടക്കാനാവാതെ ബുദ്ധിമുട്ടുന്ന സൊനാലിയെ താങ്ങി നിർത്തുന്നത് പിഎ സുധീർ സാംഗ്വാനാണ്. ഇയാളുടെ സഹായി സുഖ്വീന്തറും ദൃശ്യങ്ങളിലുണ്ട്. അതിന് ശേഷം അഞ്ച് മണിക്കൂറിനുള്ളിലാണ് സൊനാലി മരിക്കുന്നത്. ഇരുവരും ചേർന്ന് ലഹരി കലർത്തിയ ദ്രാവകം നൽകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചെന്ന് ഗോവാ പൊലീസ് പറഞ്ഞു. ഇത് കസ്റ്റഡിയിലുള്ള പ്രതികൾ സമ്മതിച്ചിട്ടുമുണ്ട്. 

എന്തൊക്കായാണ് കല‍ർത്തി നൽകിയതെന്ന് അറിയാൻ രാസപരിശോധനാ ഫലം കൂടി വരേണ്ടിയിരിക്കുന്നു. മരിക്കുന്നതിന് മുൻപ് വീട്ടിലേക്ക് വിളിച്ച സൊനാലി തനിക്ക് വിഷം കലർത്തി നൽകിയെന്ന് പറഞ്ഞതായാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഹൃദയാഘാതം മൂലമുള്ള മരണമെന്ന് പൊലീസ് ആദ്യമെടുത്ത നിലപാടിനെതിരെ രംഗത്ത് വരാൻ കുടുംബത്തെ പ്രേരിപ്പിച്ചതും ഇതാണ്.

സൊനാലി ഫോഗട്ടിന്‍റെ ദുരൂഹ മരണം : വഴിത്തിരിവായി സിസിടിവി ദൃശ്യങ്ങൾ, മയക്കുമരുന്ന് നൽകുന്നത് വീഡിയോയിൽ