Asianet News MalayalamAsianet News Malayalam

സോണിയ ഗാന്ധിയുടെ അമ്മ നിര്യാതയായി, സംസ്കാരം കഴിഞ്ഞു; രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം അവസാന നോക്കുകണ്ട് സോണിയ

ഇരുപത്തിയേഴാം തിയ്യതി ഇറ്റലിയിലെ വസതിയിൽ വച്ചായിരുന്നു മരണം. സംസ്കാരം ഇന്നലെ നടന്നതായി കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് അറിയിച്ചു

sonia gandhi mother Paola Maino passes away
Author
First Published Aug 31, 2022, 6:12 PM IST

ദില്ലി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അമ്മ പൗലോ മൈനോ നിര്യാതയായി. ഇരുപത്തിയേഴാം തിയ്യതി ഇറ്റലിയിലെ വസതിയിൽ വച്ചായിരുന്നു മരണം. സംസ്കാരം ഇന്നലെ നടന്നതായി കോൺഗ്രസ് മാധ്യമ വിഭാഗം മേധാവി ജയറാം രമേശ് അറിയിച്ചു. 90 ാം വയസിലാണ് സോണിയയുടെ അമ്മ അന്തരിച്ചത്. മക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം സോണിയ ഗാന്ധി അമ്മയെ മരണത്തിന് മുന്നെ കണ്ടിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് തിരിച്ച സോണിയ, അമ്മയെ കാണാൻ വേണ്ടി കൂടി സമയം കണ്ടെത്തിയിരുന്നു. ഓഗസ്റ്റ് 23 നായിരുന്നു സോണിയ, മക്കൾക്കൊപ്പം ജന്മനാട്ടിലെത്തി അമ്മയെ കണ്ടത്.

സോണിയ, രാഹുൽ, പ്രിയങ്ക; മത്സരിക്കാനില്ല, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാൾ!

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ തുടങ്ങാന്‍ മൂന്ന് ആഴ്ച ശേഷിക്കെ ഗാന്ധി കുടുംബം  മത്സരത്തിന് ഇല്ലെന്ന് വ്യക്തമാവുകയാണ്. അധ്യക്ഷപദത്തിലേക്ക് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ നാമനിർദേശ പത്രിക നല്‍കില്ലെന്ന് എ ഐ സി സി വൃത്തങ്ങള്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കള്‍ അനുനയിപ്പിക്കാന്‍ നോക്കിയിട്ടും അധ്യക്ഷ പദവിയിലേക്ക് ഇല്ലെന്ന നിലപാടില്‍ തന്നെയാണ് രാഹുലെന്നാണ് വ്യക്തമാകുന്നത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാഹുല്‍ സ്ഥാനമൊഴിഞ്ഞ പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ്  സോണിയ ഇടക്കാല അധ്യക്ഷയായിരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന സോണിയക്ക് തുടരാൻ താത്പര്യമില്ലെന്ന് പലകുറി വ്യക്തമാക്കിയതാണ്. അധ്യക്ഷപദവിയിലേക്ക് പ്രിയങ്ക ഗാന്ധി കൂടി എത്തിയാൽ കുടുംബ പാര്‍ട്ടിയെന്ന വിമർശനം ശക്തമാക്കുമെന്നതിനാൽ തന്നെ ആ ആലോചനകൾക്ക് ഗാന്ധി കുടുംബം പ്രോത്സാഹനം നൽകാൻ സാധ്യതയില്ല.

ഇതെല്ലാം കണക്കിലെടുത്താണ് ഗാന്ധി കുടുംബത്തില്‍ നിന്ന് പുറത്തൊരാള്‍ സ്ഥാനാർത്ഥിയാകട്ടെയെന്നാണ് രാഹുല്‍ അടക്കമുള്ളവർ അഭിപ്രായപ്പെടുന്നത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വരുന്നതിനോടാണ് ഗാന്ധി കുടംബത്തിനും താല്‍പ്പര്യം. നേരത്തെ കമല്‍നാഥിനെ പരിഗണിച്ചിരുന്നെങ്കിലും മധ്യപ്രദേശില്‍ നില്‍ക്കാനാണ് അദ്ദേഹം താല്‍പ്പര്യപ്പെടുന്നത്. അതേസമയം ഗാന്ധി കുടംബത്തില്‍ നിന്നാരുമില്ലെന്ന സാഹചര്യത്തില്‍ മത്സരിക്കാനുറച്ച് തന്നെയാണ് ജി 23 നേതാക്കളുടെ നീക്കം. മത്സരിക്കാൻ ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത് ശശി തരൂര്‍, മനീഷ് തിവാരി എന്നിവര്‍ക്കാണ്.

കോണ്‍ഗ്രസ് അധ്യക്ഷൻ തെരഞ്ഞെടുപ്പ്: തരൂ‍ര്‍ ഔദ്യോഗിക സ്ഥാനാ‍‍ര്‍ത്ഥിയാവില്ലെന്ന് എഐസിസി വൃത്തങ്ങൾ

Follow Us:
Download App:
  • android
  • ios