സോണിയ ഗാന്ധി രാഹുലിന്റെ വസതിയിൽ; സ്ഥലത്ത് വൻ പൊലീസ് വിന്യാസം, കോൺഗ്രസ് ഉന്നതതലയോഗം ചേരുന്നു
സൂറത്ത് കോടതി വിധിയിലും അയോഗ്യതയിലും ഇനി സ്വീകരിക്കേണ്ട നിയമനടപടികൾ മുതിർന്ന നേതാക്കൾ യോഗം ചേർന്ന് തീരുമാനിക്കും.

ദില്ലി : എംപി സ്ഥാനത്ത് നിന്നും രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്ക് പിന്നാലെ തിരക്കിട്ട നീക്കങ്ങളുമായി കോൺഗ്രസ്. സോണിയ ഗാന്ധി രാഹുലിന്‍റെ വീട്ടിലെത്തി. ഇരുവരും കൂടിക്കാഴ്ച നടത്തുകയാണ്. കോൺഗ്രസ് ഉന്നതതലയോഗവും ചേരും. സൂറത്ത് കോടതി വിധിയിലും അയോഗ്യതയിലും ഇനി സ്വീകരിക്കേണ്ട നിയമനടപടികൾ മുതിർന്ന നേതാക്കൾ യോഗം ചേർന്ന് തീരുമാനിക്കും. രാഹുലിന്റെ വസതിക്ക് മുന്നിൽ വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.
അപകീര്‍ത്തി കേസില്‍ സൂറത്ത് കോടതി രാഹുലിനെ ശിക്ഷിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് ലോക് സഭ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്. നരേന്ദ്രമോദി, നീരവ് മോദി, ലളിത് മോദി, എല്ലാ കള്ളന്മാരുടെയും പേരിനൊപ്പം മോദിയെന്നുള്ളത് എന്തുകൊണ്ടാണെന്ന് ചോദിച്ച് 2019 ല്‍ കര്‍ണ്ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിലാണ് രാഹുലിനെ സൂറത്ത് സിജെഎം കോടതി ശിക്ഷിച്ചത്. നടപടിക്ക് പിന്നാലെ ഇന്ന് ഉച്ചയോടെ രാഹുലിന്‍റെ ലോക് സഭാംഗത്വം റദ്ദ് ചെയത് ലോക് സഭ സെക്രട്ടറിയേറ്റ് ഉത്തരവ് പുറത്തിറക്കുകയായിരുന്നു.
ഭരണഘടനയുടെ 102(1 ഇ ) വകുപ്പ് പ്രകാരവും, ജനപ്രാതിനിധ്യ നിയമത്തിന്‍റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. രാഷ്ട്രപതിയേയും, പ്രധാനമന്ത്രിയേയും, തെരഞ്ഞടുപ്പ് കമ്മീഷനെയും ഇക്കാര്യം ലോക് സഭ സെക്രട്ടറിയേറ്റ് അറിയിച്ചു. ഇതോടെ എംപിയെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കിട്ടിയിരുന്ന എല്ലാ അവകാശങ്ങളും ഇല്ലാതായി. മുന്‍ എംപിയെന്ന നിലയില്‍ രാഹുലിനെ പരിഗണിക്കണമെന്നും ലോക് സഭ സെക്രട്ടറിയേറ്റ് നിർദ്ദേശിച്ചു. അയോഗ്യനാക്കിയ വിധി മറികടന്നില്ലെങ്കില്‍ എട്ടു വര്‍ഷത്തേക്ക് രാഹുലിന് തെരഞ്ഞടുപ്പില്‍ മത്സരിക്കാനാവില്ല.
രാഹുലിനെ അയോഗ്യനാക്കിയ നടപടിയെ വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഏകാധിപത്യനീക്കത്തെ ചെറുത്തുതോൽപ്പിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. അന്വേഷണ ഏജൻസികളെ പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നതിന്‍റെ മറ്റൊരു തലമെന്നും യെച്ചൂരി പ്രതികരിച്ചു. രാഹുലിനെതിരെ നടക്കുന്നത് ജനാധിപത്യത്തെ ദുർബലമാക്കാൻ ആർഎസ്എസ് നടത്തുന്ന നീക്കമെന്നും സിപിഎം പിബി അംഗം എം എ ബേബിയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഇന്ത്യൻ ജനാധിപത്യം അധപതിക്കുന്നുവെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി പ്രതികരിച്ചു. മോദിയുടെ പുതിയ ഇന്ത്യയിൽ ബിജെപിയുടെ പുതിയ ഉന്നം പ്രതിപക്ഷ നേതാക്കളാണെന്നും മമത വിമർശിച്ചു. പാർലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും തരംതാണ നടപടിയെന്നായിരുന്നു തൃണമൂൽ എംപി ഡെറിക് ഒബ്രിയന്റെ പ്രതികരണം.