ദക്ഷിണ റെയിൽവേയുടെ സ്പെഷ്യൽ ട്രെയിനുകൾ ഹിറ്റ്. കഴിഞ്ഞ വർഷം സ്പെഷ്യൽ ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ ദക്ഷിണ റെയിൽവേയ്ക്ക് നേട്ടം. 2025-26 സാമ്പത്തിക വർഷം 32.98 ലക്ഷം യാത്രക്കാർ യാത്ര ചെയ്തതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
ചെന്നൈ: സ്പെഷ്യൽ ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ ദക്ഷിണ റെയിൽവേയ്ക്ക് (സതേൺ റെയിൽവേ) നേട്ടം. 2025-26 സാമ്പത്തിക വർഷം സതേൺ റെയിൽവേയ്ക്ക് കീഴിൽ സർവീസ് നടത്തിയ സ്പെഷ്യൽ ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. 229 സ്പെഷ്യൽ ട്രെയിനുകൾ ഉപയോഗിച്ചു നടത്തിയ 2,513 ട്രിപ്പുകളിൽ 32.98 ലക്ഷം യാത്രക്കാർ യാത്ര ചെയ്തതായി ദക്ഷിണ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഇക്കാലയളവിൽ 243.22 കോടി രൂപ വരുമാനമായി ലഭിച്ചു.
ദക്ഷിണ റെയിൽവേയ്ക്ക് കീഴിൽ സർവീസ് നടത്തുന്ന സ്പെഷ്യൽ ട്രെയിനുകളിൽ ഓരോ ട്രിപ്പിലുമുള്ള ശരാശരി പാസഞ്ചർ ഒക്യുപെൻസി 1312 (1312 യാത്രക്കാർ) ആണ്. ഇത് ഇന്ത്യൻ റെയിൽവേയുടെ ശരാശരി പാസഞ്ചർ ഒക്യുപെൻസിയേക്കാൾ (894) കൂടുതലാണ്. 2025-26 സാമ്പത്തിക വർഷം രാജ്യത്ത് സർവീസ് നടത്തിയ സ്പെഷ്യൽ ട്രെയിനുകളിൽ വലിയൊരു ഭാഗവും സതേൺ സെക്ടറിലും സൗത്ത് വെസ്റ്റേൺ സെക്ടറുകളിലും ദീർഘദൂര ഇൻ്റർ സോണൽ റൂട്ടുകളിലുമാണ്.
ഏറ്റവും കൂടുതൽ യാത്രക്കാരുള്ള തെക്കൻ തമിഴ്നാട്, കേരളം, ബെംഗളൂരു, ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലേക്കും ഇന്ത്യയുടെ വടക്ക്, കിഴക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിലേക്കുമാണ് ദക്ഷിണ റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ വിന്യസിച്ചിരുന്നത്. റിസർവ്ഡ് സ്പെഷ്യൽ ട്രെയിനുകൾക്ക് പുറമേ, യാത്രക്കാരുടെ ഡിമാൻഡ് കണക്കിലെടുത്ത് അൺ റിസർവ്ഡ് സ്പെഷ്യൽ ട്രെയിനുകളും വിന്യസിച്ചതായി ദക്ഷിണ റെയിൽവേ അറിയിച്ചു.
സ്ഥിരം ട്രെയിനുകളിലെ വെയ്റ്റിങ് ലിസ്റ്റ് നില, റിസർവേഷൻ ട്രെൻഡുകൾ, യാത്രക്കാരുടെ ഡിമാൻഡ് പാറ്റേണുകൾ എന്നിവയും ചെന്നൈ - കന്യാകുമാരി, ചെന്നൈ - തിരുവനന്തപുരം തുടങ്ങിയ വിവിധ സെക്ടറുകളിലെ പ്രത്യേക ട്രെയിനുകളുടെ ശരാശരി ഒക്യുപ്പൻസി നിരക്കുകളും നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ദക്ഷിണ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചു.


