മോഷ്ടിച്ച എസ്‌യുവിയുടെ നമ്പർ പ്ലേറ്റ് മാറ്റിയ ശേഷം ഇവര്‍ ബദ്കലിലേക്ക് കൊണ്ടുപോയത്. അലിഗഡ്, ലഖിംപൂർ ഖേരി, ബറേലി, സീതാപൂർ, ലഖ്‌നൗ വഴിയാണ് ഇവര്‍ വാഹനം വാരാണസിയിലെത്തിച്ചത്
ലഖ്നൗ: ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ ഭാര്യയുടെ മോഷണം പോയ എസ്‍യുവി കണ്ടെത്തി. ഉത്തർപ്രദേശിലെ വാരണാസിയില്‍ നിന്നാണ് കാര്‍ കണ്ടെത്തിയിട്ടുള്ളത്. കേസില്‍ രണ്ട് പേര്‍ പിടിയിലായതായി പൊലീസ് അറിയിച്ചു. മല്ലിക നദ്ദയുടെ ഫോർച്യൂണർ കാറാണ് മോഷണം പോയിരുന്നത്. നാല് ആഴ്ചകള്‍ക്ക് ശേഷമാണ് വാഹനം പൊലീസിന് കണ്ടെത്താനായത്. ദില്ലി ഗോവിന്ദ്പുരിയിലെ സർവീസ് സെന്ററിൽ വച്ചായിരുന്നു കാര്‍ മോഷ്ടിക്കപ്പെട്ടത്.
മാർച്ച് 19 ന് കാർ മോഷണം പോയെന്ന് കാണിച്ച് ഡ്രൈവർ ജോഗിന്ദർ സിംഗ് പൊലീസിൽ പരാതി നൽകുകയായിരുന്നു. സർവീസ് സെന്ററിൽ കാർ പാർക്ക് ചെയ്ത ശേഷം ഭക്ഷണം കഴിക്കാൻ പോയെന്നും തിരികെ വന്നപ്പോൾ കാർ കാണാനുണ്ടായില്ലെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്. കേസില്‍ ഷാഹിദ്, ശിവാംഗ് എന്നിങ്ങനെ രണ്ട് പേരാണ് അറസ്റ്റിലായിട്ടുള്ളതെന്ന് പൊലീസ് പറഞ്ഞു.
ഫരീദാബാദിനടുത്തുള്ള ബദ്കൽ സ്വദേശികളാണ് ഇവര്‍. മോഷ്ടിച്ച എസ്‌യുവിയുടെ നമ്പർ പ്ലേറ്റ് മാറ്റിയ ശേഷം ഇവര്‍ ബദ്കലിലേക്ക് കൊണ്ടുപോയത്. അലിഗഡ്, ലഖിംപൂർ ഖേരി, ബറേലി, സീതാപൂർ, ലഖ്‌നൗ വഴിയാണ് ഇവര്‍ വാഹനം വാരാണസിയിലെത്തിച്ചത്. ഫോർച്യൂണർ നാഗാലാൻഡിലേക്ക് കൊണ്ട് പോകാനാണ് പ്രതികൾ പദ്ധതിയിട്ടിരുന്നത്.
